ത്രില്ലർ മത്സരത്തിൽ ആഫ്രിക്കയെ തകർത്ത് ഇന്ത്യൻ പെൺപുലികൾ.  മന്ദാനയ്ക്കും ഹർമൻപ്രീതിനും സെഞ്ചുറി.

20240619 212224

ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യയുടെ പെൺപുലികൾ. ആവേശകരമായ മത്സരത്തിൽ 4 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു റൺമഴ തന്നെയാണ് ഉണ്ടായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സ്മൃതി മന്ദന, ഹർമൻപ്രീത് കൗർ എന്നിവർ സെഞ്ച്വറികൾ സ്വന്തമാക്കി. ശേഷം മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളും അടിച്ചു തകർത്തപ്പോൾ ഇന്ത്യയുടെ വിജയശിൽപിയായി ബോളിങ്ങിൽ പൂജാ വസ്ത്രക്കർ മാറുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുത്തു. പരമ്പരയിലെ രണ്ടാം മത്സരത്തിലും മികച്ച പ്രകടനമാണ് ഇന്ത്യയുടെ ഓപ്പണർ സ്മൃതി മന്ദന കാഴ്ചവച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ മുതൽ പക്വതയോടെ ബാറ്റ് വീശിയ മന്ദന ഒരു കിടിലൻ സെഞ്ച്വറി മത്സരത്തിൽ നേടുകയുണ്ടായി.

120 പന്തുകൾ നേരിട്ട മന്ദന 18 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ 136 റൺസാണ് മത്സരത്തിൽ നേടിയത്. ഒപ്പം നായിക ഹർമൻപ്രീത് കൗർ കൂടി വെടിക്കെട്ട് തീർത്തതോടെ ഇന്ത്യ ഒരു വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്നു. മത്സരത്തിൽ ഒരു അതിവേഗ സെഞ്ചുറി സ്വന്തമാക്കാൻ നായികയ്ക്ക് സാധിച്ചു.

88 പന്തുകൾ മത്സരത്തിൽ നേരിട്ട ഹർമൻപ്രീറ്റ് കോർ 9 ബൗണ്ടറികളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെ 103 റൺസ് നേടി പുറത്താവാതെ നിന്നു. അവസാന ഓവറുകളിൽ റിച്ചാ ഘോഷ് 13 പന്തുകളിൽ 25 റൺസുമായി അടിച്ചു തകർത്തതോടെ ഇന്ത്യ 325ന് 3 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റൻ വോൾവാർട്ട് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ മുതൽ മികവ് പുലർത്താൻ ക്യാപ്റ്റന് സാധിച്ചു. ഒരു തകർപ്പൻ സെഞ്ചുറിയാണ് മത്സരത്തിൽ വോൾവാർട്ട് നേടിയത്. 135 പന്തുകൾ നേരിട്ട വോൾവാർഡ് 12 ബൗണ്ടറികളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെ 135 റൺസ് നേടി.

ഒപ്പം മധ്യനിരയിൽ മാരിസാനെ കാപ്പും സെഞ്ചുറി നേടിയതോടെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് അടുക്കുകയായിരുന്നു. 94 പന്തുകളിലാണ് കാപ്പ് 114 റൺസ് നേടിയത്. 11 ബൗണ്ടറികളും 3 സിക്സറുകളും കാപ്പിന്റെ ഇന്നിംഗ്സ് ഉൾപ്പെട്ടു. ഇതോടെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് അടുത്തു. അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസാണ്. ഓവറിലെ രണ്ടാം പന്തിൽ ഒരു ബൗണ്ടറി സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. എന്നാൽ അടുത്ത 2 പന്തുകളിൽ വിക്കറ്റുകൾ നേടി പൂജാ വസ്ത്രക്കാർ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 4 റൺസിന്റെ വിജയമാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്.

Scroll to Top