തുടക്കം മുതൽ ആക്രമണമായിരുന്നു ലക്ഷ്യം. ഇനിയും അത് തുടരും – രോഹിത് ശർമ.

ബംഗ്ലാദേശിനെതിരായ സൂപ്പർ 8 മത്സരത്തിൽ 50 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹർദിക് പാണ്ഡ്യയുടെ അർത്ഥസെഞ്ച്വറിയുടെയും മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനത്തിന്റെയും ബലത്തിൽ 196 എന്ന സ്കോർ സ്വന്തമാക്കുകയുണ്ടായി.

മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് ഇന്ത്യയുടെ സ്കോർ മറികടക്കാൻ സാധിച്ചില്ല. കുൽദീപ് യാദവിന്റെ സ്പിൻ ബോളുകളുടെ മുൻപിൽ ബംഗ്ലാദേശ് അടിപതറി വീഴുകയായിരുന്നു. മത്സരത്തിലെ വിജയത്തോടെ ഇന്ത്യ സെമിഫൈനൽ സാധ്യതകൾ കൂടുതൽ സജീവമാക്കിയിട്ടുണ്ട്. മത്സരശേഷം മത്സരത്തിലെ സാഹചര്യത്തെ പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിച്ചു.

തന്റെ സഹതാരങ്ങളെ അഭിനന്ദിച്ചു കൊണ്ടാണ് രോഹിത് ശർമ സംസാരിച്ചത്. “ബാറ്റിംഗിൽ കൂടുതൽ ആക്രമണ മനോഭാവം പുലർത്തണമെന്ന കാര്യം ഞാൻ കുറച്ചുനാളായി സംസാരിക്കുന്നതാണ്. കൃത്യമായി ക്രീസിലെത്തുകയും തങ്ങളുടെ ജോലി പൂർണമായി പൂർത്തീകരിക്കാൻ സാധിക്കുകയും ചെയ്യണം. എല്ലാത്തരത്തിലും ചിന്തിക്കുമ്പോൾ വളരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനും സാധിച്ചു. മൈതാനത്ത് കാറ്റ് ഒരു ഘടകമായി മാറിയിരുന്നു. പക്ഷേ എല്ലാത്തിനുമുപരി ഞങ്ങൾക്ക് നന്നായി പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും നല്ല രീതിയിൽ സംഭാവനകൾ നൽകാൻ താരങ്ങൾക്ക് സാധിച്ചിരുന്നു.”- രോഹിത് ശർമ പറഞ്ഞു.

“ഇത്തരം മത്സരങ്ങളിൽ ടീമിലെ 8 ബാറ്റർമാരും തങ്ങളുടേതായ റോൾ നിർവഹിക്കേണ്ടതുണ്ട്. മത്സരത്തിൽ ഒരു താരം മാത്രമാണ് 50 റൺസ് സ്വന്തമാക്കിയത്. എന്നിട്ടും ഞങ്ങൾക്ക് 197 റൺസ് സ്വന്തമാക്കാൻ സാധിച്ചു. ട്വന്റി20 മത്സരങ്ങളിൽ താരങ്ങൾ അർദ്ധസെഞ്ച്വറികളും സെഞ്ച്വറികളും നേടണമെന്ന തത്വത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. ബോളർമാർക്ക് മേൽ സമ്മർദ്ദം ഉണ്ടാക്കുക എന്നത് മാത്രമാണ് പ്രധാനപ്പെട്ട കാര്യം. എല്ലാവരും ഇന്നിംഗ്സിന്റെ തുടക്കം മുതൽ ആ രീതിയിൽ തന്നെയാണ് കളിച്ചത്. ഇനിയും അങ്ങനെ കളിക്കാൻ തന്നെയാണ് ഞങ്ങൾ ശ്രമിക്കുന്നത്. അനുഭവസമ്പത്തുള്ള ഒരുപാട് താരങ്ങൾ ഞങ്ങളുടെ ഒപ്പമുണ്ട്. അവർക്ക് പിന്തുണ നൽകുകയാണ് ഞങ്ങൾ ചെയ്യുന്നത്.”- രോഹിത് കൂട്ടിച്ചേർത്തു.

“ഹർദിക്കിനെ പറ്റി ഞാൻ കഴിഞ്ഞ മത്സരത്തിൽ തന്നെ പറയുകയുണ്ടായി. അവന്റെ ബാറ്റിംഗ് ഞങ്ങൾക്ക് കൂടുതൽ സന്തുലിതാവസ്ഥ നൽകുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഹർദിക് പാണ്ഡ്യ ഒരു പ്രാധാന്യമുള്ള താരമാണ്. അവൻ ബാറ്റിംഗിൽ മികവ് പുലർത്തുമ്പോൾ ഞങ്ങൾക്ക് നല്ല പൊസിഷനിൽ എത്താൻ സാധിക്കുന്നു. ബോളിങ്ങിലും അവൻ ആവേശകരമായ പ്രകടനമാണ് ഇതുവരെ കാഴ്ച വച്ചിട്ടുള്ളത്. മത്സരത്തിൽ എല്ലാ ബോളർമാർക്കും സാഹചര്യവുമായി പൊരുത്തപ്പെട്ട് പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധിച്ചു എന്നതാണ് മത്സരത്തിലെ വിജയത്തിൽ പ്രധാനമായത്.”- രോഹിത് ശർമ പറഞ്ഞുവെക്കുന്നു.

Previous articleകൂറ്റന്‍ വിജയവുമായി ഇന്ത്യ. പരാജയമറിയാതെ രോഹിത് ശര്‍മ്മയും ടീമും മുന്നോട്ട്
Next articleസൂപ്പര്‍ 8 ലെ സൂപ്പര്‍ പോരാട്ടം. ഓസ്ട്രേലിയയെ തോല്‍പ്പിച്ചു അഫ്ഗാന്‍. റണ്‍സിന്‍റെ വിജയം.