ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി നിർണായക റോളിൽ കളിച്ച താരമാണ് ഓൾറൗണ്ടർ അക്ഷർ പട്ടേൽ. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യക്കായി തിളങ്ങാൻ അക്ഷറിന് സാധിച്ചിരുന്നു. ശേഷം 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ അക്ഷർ ഡൽഹി ക്യാപിറ്റൽ ടീമിന്റെ നായകനായി എത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിൽ തന്നെ നായകനായുള്ള അരങ്ങേറ്റം കുറിയ്ക്കാൻ അക്ഷറിന് സാധിച്ചിരുന്നു. എന്നാൽ ശേഷം അക്ഷർ നായകനായി കളിച്ചില്ല. ഇത്തവണ റിഷഭ് പന്തിന്റെ അഭാവത്തിൽ അക്ഷർ ഡൽഹിയുടെ നായകനായി എത്തും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഡൽഹിയുടെ പ്രധാന താരങ്ങളിൽ ഒരാളായ രാഹുലിനെ ക്യാപ്റ്റനാക്കാൻ ടീം മാനേജ്മെന്റ് മുൻപ് തീരുമാനങ്ങൾ കൈകൊണ്ടിരുന്നു. എന്നാൽ തനിക്ക് ക്യാപ്റ്റനാവാൻ താല്പര്യമില്ല എന്ന് രാഹുൽ അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. “2025 ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റസിന്റെ നായകനായി അക്ഷർ പട്ടേലിനെ തിരഞ്ഞെടുക്കാനാണ് സാധ്യത. മുൻപ് രാഹുലുമായി ഫ്രാഞ്ചൈസി ഇക്കാര്യം സംസാരിച്ചിരുന്നു. പക്ഷേ ഒരു താരമെന്ന നിലയിൽ ടീമിനായി സംഭാവനകൾ നൽകാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് രാഹുൽ പറയുകയുണ്ടായി.” – ഒരു ഉറവിടം അറിയിച്ചു.
2019ന് ശേഷം ഡൽഹി ക്യാപിറ്റൽസ് ടീമുമായി മികച്ച ബന്ധം പുലർത്തുന്ന താരമാണ് അക്ഷർ പട്ടേൽ. 18 കോടി രൂപയ്ക്കാണ് 2025 മെഗാ ലേലത്തിന് മുന്നോടിയായി അക്ഷറിനെ ഡൽഹി നിലനിർത്തിയത്. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 മത്സരങ്ങളാണ് അക്ഷർ പട്ടേൽ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 1653 റൺസ് സ്വന്തമാക്കാൻ അക്ഷറിന് സാധിച്ചിരുന്നു. 123 വിക്കറ്റുകളും അക്ഷർ തന്റെ പേരിൽ ചേർത്തിട്ടുണ്ട്. മാത്രമല്ല സമീപകാലത്ത് മികച്ച ഫോമിലാണ് അക്ഷർ തുടരുന്നത്.
ഇത്തവണത്തെ മെഗാ ലേലത്തിൽ 14 കോടി രൂപയ്ക്ക് ലക്നൗ രാഹുലിനെ സ്വന്തമാക്കിയിരുന്നു. ശേഷം രാഹുൽ ലക്നൗ ടീമിന്റെ നായകനായെത്തും എന്ന രീതിയിൽ പ്രചരണങ്ങളുണ്ടായി. പക്ഷേ തനിക്ക് ഇതിനോട് താല്പര്യമില്ല എന്ന് രാഹുൽ അറിയിച്ചു കഴിഞ്ഞു. ലക്നൗ സൂപ്പർ ജയന്റ്സ് ടീമിനെതിരെ മാർച്ച് 24നാണ് ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ മത്സരം നടക്കുന്നത്. ഈയാഴ്ച തന്നെ ഡൽഹിയുടെ ട്രെയിനിങ് ക്യാമ്പുകൾ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.