“ഡ്രെസ്സിങ് റൂമിൽ നിന്ന് ലഭിച്ച നിർദ്ദേശം അനുസരിച്ചാണ് കളിച്ചത് “, സെഞ്ച്വറിയെ പറ്റി ശുഭമാൻ ഗിൽ.

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത് ശുഭമാൻ ഗില്ലിന്റെ തട്ടുപൊളിപ്പൻ സെഞ്ച്വറിയായിരുന്നു. മത്സരത്തിൽ 129 പന്തുകളിൽ 101 റൺസ് നേടിയ ഗില്‍ പുറത്താവാതെ നിന്നു. തന്റെ ഏകദിന കരിയറിലെ എട്ടാമത്തെ സെഞ്ച്വറിയാണ് ഗിൽ മത്സരത്തിൽ നേടിയത്.

മത്സരത്തിൽ വളരെ വ്യത്യസ്തമായ സമീപനമാണ് ഗില്‍ പുലർത്തിയത്. ഇതേ സംബന്ധിച്ച് മത്സരശേഷം താരം വ്യക്തമാക്കുകയുണ്ടായി. ഡ്രസിങ് റൂമിൽ നിന്ന് ലഭിച്ച കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താൻ മത്സരത്തിന്റെ അവസാനം വരെ ക്രീസിൽ തുടർന്നത് എന്ന് ഗിൽ പറഞ്ഞു.

“എന്നെ സംബന്ധിച്ച് ഇത് വളരെയധികം സംതൃപ്തി നൽകുന്ന ഒരു ഇന്നിംഗ്സ് തന്നെയായിരുന്നു. ഞാൻ ഇതുവരെ കളിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇന്നിങ്സാണ് ഈ മത്സരത്തിൽ ഉണ്ടായത്. ഐസിസി ടൂർണമെന്റുകളിലെ എന്റെ ആദ്യ സെഞ്ചുറിയാണ് ഇവിടെ പിറന്നത്. ഒരുപാട് സംതൃപ്തി എനിക്ക് നൽകുന്നു. ഒരുപാട് സന്തോഷവും. ഈ മത്സരത്തിൽ ഞാൻ കളിച്ച രീതി എനിക്ക് വളരെ ആഹ്ലാദം നൽകുന്നതാണ്.”- ഗിൽ പറഞ്ഞു. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും ഗില്ലിനെ തന്നെയായിരുന്നു.

“മത്സരത്തിൽ ഞാനും രോഹിത് ഭായിയും മൈതാനത്ത് തുടരുന്ന സമയത്ത് ബോൾ കൃത്യമായി ബാറ്റിലേക്ക് വരുന്നുണ്ടായിരുന്നില്ല. ആ സമയത്ത് ബോൾ കട്ട് ചെയ്യുക എന്നത് അല്പം ദുഷ്കരമായിരുന്നു. കാരണം ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകൾ കൃത്യമായി ബാറ്റിലേക്ക് വരുന്നില്ല എന്ന് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് ഞാൻ ആ സമയത്ത് എന്റെ ശരീരം നന്നായി ഉപയോഗിച്ചത്. ഫാസ്റ്റ് ബോളർമാർക്കെതിരെ പോലും ഞാൻ പുറത്തേക്കിറങ്ങി ആക്രമണം അഴിച്ചുവിടുകയുണ്ടായി. പല സമയങ്ങളിലും 30 വാര സർക്കിളിന് മുകളിലൂടെ പന്ത് അടിച്ചകറ്റാനാണ് ശ്രമിച്ചത്.”- ഗിൽ കൂട്ടിച്ചേർത്തു.

“ശേഷം സ്പിന്നർമാർ മത്സരത്തിലേക്ക് കടന്നുവന്ന സമയത്ത് ഞാനും വിരാട് ഭായിയുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ആ സമയത്ത് ഫ്രണ്ട് ഫുട്ടിൽ സിംഗിളുകൾ നേടുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ ശ്രമിച്ചത് ബാക്ക് ഫുട്ടിൽ സിംഗിളുകൾ സ്വന്തമാക്കാനാണ്. മാത്രമല്ല ബോളിംഗ് സൈഡിലേക്ക് റൺസ് സ്വന്തമാക്കാനും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ പരമാവധി സ്ട്രൈക്ക് മാറി കളിക്കാനാണ് ശ്രമിച്ചത്. ആ സമയത്തും കുറച്ച് സമ്മർദ്ദം ഞങ്ങളിലുണ്ടായിരുന്നു. അപ്പോഴാണ് ഡ്രസ്സിംഗ് റൂമിൽ നിന്ന് നിർദ്ദേശം എത്തുന്നത്. മത്സരത്തിന്റെ അവസാനം വരെ ബാറ്റ് ചെയ്യാനാണ് ഡ്രസ്സിംഗ് റൂമിൽ നിന്ന് പറഞ്ഞത്. ഞാൻ അതിനായി ശ്രമിച്ചു.”- ഗിൽ പറഞ്ഞു വെക്കുന്നു.

Previous articleരഞ്ജി ട്രോഫിയിൽ കേരളം ചരിത്രഫൈനലിലേക്ക് .. 2 റൺസ് ലീഡ് നേടി.
Next articleഞാൻ കരുതിയത് എനിക്ക് ഹാട്രിക് ലഭിച്ചു എന്നാണ്. ശേഷമാണ് രോഹിത് ക്യാച്ച് കൈവിട്ടു എന്നറിഞ്ഞത്. അക്സർ പട്ടേൽ