ട്വന്റി20 വിജയങ്ങളിൽ ധോണിയുടെ റെക്കോർഡ് മറികടന്ന് ഹിറ്റ്മാൻ. നേട്ടം ഐറിഷ് പടയെ തോല്പിച്ച്.

അയർലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയതോടെ ഒരു അത്യുഗ്രൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യക്കായി ഏറ്റവുമധികം ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങൾ വിജയിച്ചിട്ടുള്ള നായകൻ എന്ന റെക്കോർഡാണ് രോഹിത് ശർമ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ നേട്ടമാണ് രോഹിത് ശർമ മറികടന്നത്. അയർലൻഡിനെതിരായ മത്സരത്തിൽ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 43 ആമത്തെ വിജയമാണ് പിറന്നത്. ധോണി തന്റെ കരിയറിൽ 42 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിലാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചിട്ടുള്ളത്. ഈ റെക്കോർഡാണ് ഹിറ്റ്മാൻ മറികടന്നിരിക്കുന്നത്.

എന്നിരുന്നാലും ലോക ക്രിക്കറ്റിലെ കണക്കെടുക്കുമ്പോൾ നിലവിൽ ട്വന്റി20 വിജയ നായകന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് രോഹിത് ശർമ നിൽക്കുന്നത്. നിലവിൽ പാക്കിസ്ഥാന്റെ നായകൻ ബാബർ ആസമാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇതുവരെ പാക്കിസ്ഥാനെ 81 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ബാബർ ആസാം നയിച്ചിട്ടുണ്ട്.

ഇതിൽ 46 മത്സരങ്ങളിൽ പാക്കിസ്ഥാനെ വിജയത്തിലെത്തിക്കാൻ ബാബറിന് സാധിച്ചു. ഉഗാണ്ട നായകൻ മസാബയാണ് ലിസ്റ്റിൽ രണ്ടാമൻ. 57 മത്സരങ്ങളിൽ ഉഗാണ്ട ടീമിനെ നയിച്ച നായകൻ 44 വിജയങ്ങളാണ് നേടിക്കൊടുത്തത്.

ഇംഗ്ലണ്ടിനെ 71 മത്സരങ്ങളിൽ നയിച്ച ഒയിൻ മോർഗനും 44 വിജയങ്ങൾ ടീമിന് നേടിക്കൊടുക്കുകയുണ്ടായി. ശേഷമാണ് ഇന്ത്യയെ 55 മത്സരങ്ങളിൽ നയിച്ച് 43 വിജയങ്ങൾ നേടിക്കൊടുത്ത രോഹിത് ശർമ സ്ഥാനം പിടിച്ചിരിക്കുന്നത്. എന്തായാലും രോഹിത്തിനെ സംബന്ധിച്ച് വലിയ റെക്കോർഡ് തന്നെയാണ് ഇത്.

ഇവിടെ അയർലൻഡിനെതിരായ മത്സരത്തിലേക്ക് കടന്നു വന്നാൽ ബോളിങ്ങിന് വളരെയധികം അനുകൂലമായ സാഹചര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത അയർലൻഡിന് മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ അയർലണ്ടിന് സാധിച്ചില്ല.

ഇന്ത്യയുടെ ബോളിങ്‌ നിരയുടെ മുൻപിൽ അയർലൻഡിന് മുട്ടുവിറക്കുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ കേവലം 96 റൺസിന് അയർലൻഡ് പുറത്താവുകയുണ്ടായി. ഇന്ത്യൻ നിരയിൽ 3 വിക്കറ്റുകൾ വീഴ്ത്തിയ ഹർദിക് പാണ്ട്യയാണ് ഏറ്റവും മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത്.

മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമയുടെ അർത്ഥ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. 8 ഓവറുകൾ ശേഷിക്കവേയാണ് ഇന്ത്യയുടെ തകർപ്പൻ വിജയം. ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച തുടക്കം തന്നെയാണ് ഇത്തവണത്തെ ലോകകപ്പിൽ ലഭിച്ചിരിക്കുന്നത്.

Previous articleടെസ്റ്റ്‌ ക്രിക്കറ്റിനുള്ള പിച്ച് പോലെ തോന്നി. രണ്ടാം ഇന്നിങ്സിൽ പോലും പിച്ച് മെരുങ്ങിയില്ല – രോഹിത് ശർമ
Next articleസ്റ്റോയിനിസ് പവറിൽ ഓസീസിന് ആദ്യ വിജയം. 67 റൺസും 3 വിക്കറ്റുമായി സ്റ്റോണിസ്