2024 ട്വന്റി20 ലോകകപ്പ് അമേരിക്കയിൽ വച്ച് നിശ്ചയിച്ചതോടെ വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരുന്നത്. എന്നാൽ അമേരിക്കയിലെ ന്യൂയോർക്ക് പീച്ചിലെ ആദ്യ മത്സരങ്ങൾക്ക് ശേഷം ഈ ആവേശം ഇല്ലാതായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും, ഇന്ത്യയുടെ അയർലണ്ടിനെതിരായ മത്സരത്തിലും പൂർണമായും ബോളിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് ന്യൂയോർക്കിൽ കാണാൻ സാധിച്ചത്.
ഇരു മത്സരങ്ങളിലും ടീമുകൾക്ക് വലിയ സ്കോറുകൾ സ്വന്തമാക്കാൻ സാധിച്ചില്ല. മാത്രമല്ല പല താരങ്ങൾക്കും പരിക്കിന്റെ ഭീഷണി ഉണ്ടാവുകയും ചെയ്തു. പിച്ചിൽ നിന്ന് ഉണ്ടാവുന്ന അസ്ഥിരതയാർന്ന ബൗൺസാണ് ഇതിന് പ്രധാന കാരണം. ഇപ്പോൾ ന്യൂയോർക്ക് പിച്ചിന്റെ സാഹചര്യങ്ങളെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരങ്ങൾ.
തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് താരങ്ങൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം മോശം പിച്ചിനെതിരെ ഇംഗ്ലണ്ട് മുൻ നായകൻ മൈക്കിൾ വോണാണ് ആദ്യം രംഗത്ത് എത്തിയത്. മറ്റു രാജ്യങ്ങളിലേക്ക് മത്സരം വ്യാപിപ്പിക്കുന്നത് ക്രിക്കറ്റിന് നല്ലതാണ് എന്ന് വോൺ പറയുന്നു.
പക്ഷേ ഇപ്പോൾ ന്യൂയോർക്കിലുള്ള ശരാശരി നിലവാരം ഇല്ലാത്ത പിച്ചിൽ കളിക്കേണ്ടി വരുന്നത് വളരെ നിർഭാഗ്യകരമാണ് എന്നാണ് വോൺ കുറിച്ചത്. ഇത്തരം പിച്ചുകൾ യാതൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് വോൺ കൂട്ടിച്ചേർത്തു. ഇതേ അഭിപ്രായം തന്നെയാണ് ഇന്ത്യയുടെ മുൻതാരം നവജ്യോത് സിംഗ് സിദ്ധു പങ്കുവെച്ചതും.
ന്യൂയോർക്കിലെ പിച്ച് വളരെ മോശം എന്നായിരുന്നു സിദ്ധു തന്റെ ട്വിറ്റർ അക്കൗണ്ടിൽ എഴുതി ചേർത്തത്. പാക്കിസ്ഥാന്റെ മുൻ ഹെഡ് കോച്ചായ മൈക്കിൾ ആർതറും അമേരിക്കൻ പിച്ചിനെ വളരെ മോശം എന്ന് തന്നെ വിലയിരുത്തുകയുണ്ടായി. ഇന്ത്യയുടെ മുൻ താരം വസീം ജാഫർ വളരെ സർക്കാസ്റ്റിക്കായാണ് പിച്ചിനെ വിലയിരുത്തിയത്.
“ന്യൂയോർക്കിലുള്ള ഈ പിച്ച് വളരെ അവിസ്മരണീയമായ പിച്ചാണ്. അമേരിക്കയിലെ ആരാധകരെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടുതൽ അടുപ്പിക്കാൻ ഇത്തരത്തിലുള്ള പിച്ചുകൾ സഹായകരമാവും.”- തമാശ രൂപേണ ജാഫർ ട്വിറ്ററിൽ കുറിച്ചു.
എന്തായാലും വലിയ വിമർശനങ്ങൾ തന്നെയാണ് ന്യൂയോർക്ക് പിച്ചിനെതിരെ ഉയർന്നിട്ടുള്ളത്. പിച്ചിൽ നടന്ന കഴിഞ്ഞ 2 മത്സരങ്ങളിലും 100 റൺസിന് മുകളിൽ സ്വന്തമാക്കാൻ ടീമുകൾക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല പല വമ്പൻ ബാറ്റർമാരും ഈ പിച്ചിൽ പതറുന്നതാണ് കാണാൻ സാധിക്കുന്നത്.
ഇന്ത്യ- പാകിസ്ഥാൻ വമ്പൻ പോരാട്ടം നടക്കാൻ പോകുന്നതും ഈ പിച്ചിലാണ്. പീച്ചിന്റെ ഈ സാഹചര്യങ്ങൾ മത്സരത്തിൽ രസംകൊല്ലിയായി മാറുമോ എന്ന സംശയവും ആരാധകർക്കുണ്ട്. എന്തായാലും വലിയ നിരാശയിൽ തന്നെയാണ് ക്രിക്കറ്റ് ആരാധകർ.