ട്വന്റി20യിൽ സ്ഥിരതയ്ക്ക് പ്രാധാന്യമില്ല. എന്റെ സ്ഥിരതയേക്കാൾ ടീമിന്റെ വിജയമാണ് പ്രധാനം. സഞ്ജു സാംസൺ പറയുന്നു.

ഇന്ത്യൻ ടീമിൽ പലപ്പോഴും അവഗണിക്കപ്പെട്ട താരമാണ് സഞ്ജു സാംസൺ. പ്രത്യേകിച്ച് ട്വന്റി20 മത്സരങ്ങളിൽ നിന്നാണ് സഞ്ജുവിനെ ഇന്ത്യ നിരന്തരം അവഗണിച്ചിരുന്നത്. സ്ഥിരത പുലർത്തുന്നില്ല എന്ന കാരണം പറഞ്ഞാണ് ഇന്ത്യ സഞ്ജുവിനെ മാറ്റി നിർത്തിയത്. എന്നാൽ ട്വന്റി20 ഫോർമാറ്റിൽ ഒരു ബാറ്ററെ സംബന്ധിച്ച സ്ഥിരത പുലർത്തുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമല്ല എന്നാണ് സഞ്ജു സാംസൺ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

വ്യക്തിഗതമായി സ്ഥിരത പുലർത്തുക എന്നതിലുപരി ടീമിന്റെ വിജയത്തെ കുറിച്ചാണ് ഓരോ താരവും ചിന്തിക്കേണ്ടത് എന്ന് സഞ്ജു സാംസൺ പറയുന്നു. ചില സാഹചര്യങ്ങളിൽ ഓരോ ബോളുകളിലും സിക്സറുകൾ അടിക്കാനാണ് ശ്രമിക്കേണ്ടതെന്നും, അവിടെ സിംഗിൾ നേടി സ്ഥിരത കണ്ടെത്താൻ ശ്രമിച്ചിട്ട് കാര്യമില്ല എന്നും സഞ്ജു പറയുകയുണ്ടായി.

“സ്ഥിരത പുലർത്താത്തവൻ എന്നാണ് ചില ആളുകൾ എന്നെ വിളിക്കുന്നത്. അങ്ങനെ വിളിക്കുന്ന സമയത്ത് ഞാൻ എന്നോട് തന്നെ ഇക്കാര്യം സ്വയം ചോദിക്കാറുണ്ട്. ട്വന്റി20 ക്രിക്കറ്റിൽ ഞാൻ സ്ഥിരത പുലർത്താനായി കളിച്ചാൽ, എന്നെ ടീം തന്നെ പിടിച്ചു പുറത്താക്കും. ട്വന്റി20യിൽ സ്ഥിരത എന്ന വാക്കിന് വലിയ പ്രാധാന്യമില്ല. ആകെ 20 ഓവറാണ് ട്വന്റി20 മത്സരം നടക്കുന്നത്. ഇതിലെ ഓരോ ഓവറും മത്സരത്തിന്റെ 5% ആണ്. ഒരോവറിൽ സ്ഥിരത കണ്ടെത്തുന്നതിനായി നമ്മൾ സിംഗിളൊക്കെ ഇട്ടു കളിച്ചാൽ, ഒരുപക്ഷേ ടീമും പരാജയമറിഞ്ഞേക്കും.”- സഞ്ജു സാംസൺ പറഞ്ഞു.

“ഞാൻ സ്ഥിരത നോക്കി പയ്യെ കളിച്ചാൽ മറ്റു ടീമംഗങ്ങളും അതേ രീതിയിൽ തന്നെ പിന്തുടരാൻ ശ്രമിക്കും. അത്തരത്തിൽ ചിന്തിക്കുന്ന 1- 2 പേരെങ്കിലും ടീമിലുണ്ടാവും. ഇവരും എന്നെപ്പോലെ സിംഗിളുകൾ നേടി സ്ഥിരത പുലർത്താൻ ശ്രമിച്ചാൽ ടീമിന്റെ അവസ്ഥ വളരെ മോശമായി മാറും. ക്രിക്കറ്റ് എല്ലായിപ്പോഴും ഒരു ടീം ഗെയിമാണ്. നമ്മളെ ഏറ്റവും നന്നായി വിലയിരുത്തുന്നത് നമ്മുടെ ടീം അംഗങ്ങൾ തന്നെയാണ്.

അവർക്ക് കൊടുക്കുന്ന ഓരോ സന്ദേശവും നമ്മുടെ ബാറ്റിങ്ങിലൂടെ ആയിരിക്കണം. ഒരു ക്യാപ്റ്റൻ ആ സാഹചര്യത്തിൽ വലിയ ലക്ഷ്യം മുന്നിൽ കണ്ട് കളിക്കുന്നുണ്ടെങ്കിൽ അത് ടീമിന് നല്ലൊരു സന്ദേശം നൽകുന്നു. കൂടുതൽ ഒത്തൊരുമ ടീമിന് ലഭിക്കുകയും ചെയ്യും. ക്യാപ്റ്റനായത് മുതൽ ഈ ഒരു സന്ദേശമാണ് ടീമിന് ഞാൻ നൽകാൻ ശ്രമിക്കുന്നത്. അതിന് മുൻപും ഞാൻ ഇങ്ങനെ തന്നെ കളിച്ചിരുന്നു.”- സഞ്ജു കൂട്ടിച്ചേർത്തു.

“എന്റെ വ്യക്തിപരമായ നേട്ടങ്ങളെക്കാൾ ടീമിനായി കളിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അത് തന്നെയാണ് എന്റെ ആഗ്രഹവും. എന്നിരുന്നാലും ഓരോ താരങ്ങളും ഓരോ തരത്തിൽ കളിക്കുന്നവരാണ്. അതുകൊണ്ടു തന്നെ സ്വന്തം റൺസിനായി കളിക്കുന്നവരെ മോശം കളിക്കാരനെന്ന് ഞാൻ പറയില്ല. സഞ്ജു സെൽഫിഷല്ല, മറ്റൊരു താരം സെൽഫിഷാണ് എന്ന് പറയുന്നതിനോട് യോജിപ്പില്ല. എനിക്ക് എന്റേതായ ശരിയും തെറ്റുമുണ്ട്.

എല്ലാ ആളുകളും സ്ഥിരത എന്നൊക്കെ പറയുമ്പോഴും, മൈതാനത്തിറങ്ങി ആദ്യ പന്തിൽ സിക്സ് അടിക്കണം എന്ന് തോന്നിയാൽ ഞാൻ അതുതന്നെ ചെയ്യും. പുറത്തായാലും എല്ലാവരും വിമർശിച്ചാലും ചീത്ത കേട്ടാലും അതെനിക്കൊരു പ്രശ്നമല്ല. കാരണം ക്രിക്കറ്റ് എന്നത് ജീവിതകാലം മുഴുവൻ ഉണ്ടാവില്ല. കുറച്ചു വർഷങ്ങൾ മാത്രമാണ് എനിക്ക് മുൻപിലുള്ളത്.”- സഞ്ജു പറഞ്ഞു വെക്കുന്നു.

Previous articleസച്ചിനല്ല, ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരം അവനാണ്. ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ഹാരി ബ്രുക്ക്.
Next articleകോഹ്ലി ട്വന്റി20 ലോകകപ്പിനില്ല. പകരക്കാരനെ നിശ്ചയിച്ച് ബിസിസിഐ. 2 സീനിയർ താരങ്ങൾക്കും അവസരം.