ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ വൻ മുന്നേറ്റമുണ്ടാക്കി ഇന്ത്യ. രോഹിത് ശർമ എന്ന നായകന്റെ കീഴിൽ ഉജ്ജ്വലമായ മുന്നേറ്റമാണ് ഇന്ത്യ ഉണ്ടാക്കിയിരിക്കുന്നത്. 4- 1 എന്ന നിലയിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ്സ് ടേബിളിലും ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഇതിനോടൊപ്പം ഐസിസിയുടെ റാങ്കിങ്ങിൽ എല്ലാ ഫോർമാറ്റിലും ഒന്നാം സ്ഥാനം കയ്യടക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയെ സംബന്ധിച്ച് ഒരു അഭിമാനകരമായ നേട്ടം തന്നെയാണ് ഇത്.
നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ 122 റേറ്റിങ്ങ് പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്. 117 റേറ്റിംഗ് പോയിന്റുകളുള്ള ഓസ്ട്രേലിയയാണ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ സമയങ്ങളിൽ വലിയ പരാജയം നേരിട്ടെങ്കിലും ഇംഗ്ലണ്ട് നിലവിൽ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് നിലനിൽക്കുന്നു.
111 റേറ്റിംഗ് പോയിന്റുകളുമായാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമല്ല മറ്റു ഫോർമാറ്റുകളിലും ഇത്തരത്തിൽ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഏകദിന റാങ്കിങ്ങിൽ 121 പോയിന്റുകളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്.
ഏകദിന റാങ്കിങ്ങിലും ഓസ്ട്രേലിയ തന്നെയാണ് രണ്ടാം സ്ഥാനത്ത് നിലനിൽക്കുന്നത്. 118 റേറ്റിംഗ് പോയിന്റുകളുമായാണ് ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നത്. ട്വന്റി20 ഫോർമാറ്റിൽ 266 റേറ്റിംഗ് പോയിന്റുകളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
256 റേറ്റിംഗ് പോയിന്റുകളുള്ള ഇംഗ്ലണ്ടാണ് ട്വന്റി20 അന്താരാഷ്ട്ര റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്. 2023 സെപ്റ്റംബർ മുതൽ 2024 ജനുവരി വരെ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് തുടർന്നത്. ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ സമനില വഴങ്ങിയതോടെയാണ് ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ശേഷം ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
പിന്നീട് വലിയ തിരിച്ചുവരവുകള്‍ നടത്തിയാണ് ഇന്ത്യ ഇപ്പോൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. എന്നാൽ ഈ പരമ്പരയോടുകൂടി ഇന്ത്യ തങ്ങളുടെ ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് ശ്രദ്ധ ട്വന്റി20യിലേക്ക് തിരിക്കുകയാണ്. ജൂൺ 3നാണ് 2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്. പിന്നീട് 4 ദിവസത്തിന് ശേഷം ഇന്ത്യ തങ്ങളുടെ ബദ്ധവൈരികളായ പാക്കിസ്ഥാനെ നേരിടും.