ടെസ്റ്റും ഏകദിനവും ഒന്നല്ല, ഗിൽ അത് മനസിലാക്കണം.. ടെസ്റ്റിൽ ആക്രമണം കുറയ്ക്കണമെന്ന് ഇന്ത്യൻ ഇതിഹാസം..

സമീപകാലത്ത് ഇന്ത്യക്കായി മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുക്കാൻ സാധിക്കാതെ വന്ന ക്രിക്കറ്ററാണ് ശുഭമാൻ ഗിൽ. തന്റെ കരിയർ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും നിലവിൽ ഫോമില്ലായ്മ ശുഭമാൻ ഗിൽ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലും മികച്ച രീതിയിൽ തിളങ്ങാൻ ഗില്ലിന് സാധിച്ചില്ല.

അവസാന 4 ടെസ്റ്റ് മത്സരങ്ങളിൽ ഒരു അർദ്ധസെഞ്ച്വറി പോലും ഗിൽ നേടിയിട്ടില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്. 2023ൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ കേവലം 258 റൺസ് മാത്രമാണ് ഗില്ലിന് നേടാൻ സാധിച്ചത്. മറ്റു രണ്ടു ഫോർമാറ്റിൽ മികവ് പുലർത്തുമ്പോഴും ടെസ്റ്റിൽ പരാജയമായി മാറുകയാണ് ഗിൽ. ഇതിനുള്ള പ്രധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.

ഗില്ലിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ സമീപനത്തിലാണ് മാറ്റം വരേണ്ടത് എന്ന് സുനിൽ ഗവാസ്കർ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ പലപ്പോഴും ആക്രമണപരമായ രീതിയിലാണ് ഗിൽ കളിക്കുന്നതെന്നും അതിൽ വലിയ മാറ്റം ആവശ്യമാണന്നും ഗവാസ്കർ കൂട്ടിച്ചേർത്തു. ടെസ്റ്റും ഏകദിനവും ട്വന്റി20 ക്രിക്കറ്റും തമ്മിലുള്ള വ്യത്യാസം ഗിൽ മനസ്സിലാക്കണമെന്നും ഗവാസ്കർ അവകാശപ്പെടുന്നു. ടെസ്റ്റിലെ ചുവപ്പ് ബോളും ഏകദിനത്തിലെ വെളുപ്പ് ബോളും എങ്ങനെ പ്രതിഫലിക്കുന്നു എന്നതിൽ കൃത്യമായ പഠനം ഗിൽ നടത്തണം എന്നാണ് ഗവാസ്കറുടെ പക്ഷം. വളരെ മികച്ച രീതിയിൽ കരിയർ ആരംഭിച്ച ഗില്ലിന്റെ ഒരു തിരിച്ചുവരവാണ് താൻ പ്രതീക്ഷിക്കുന്നത് എന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

“ടെസ്റ്റ് ക്രിക്കറ്റിൽ ശുഭമാൻ ഗിൽ വളരെ ആക്രമണപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് എനിക്ക് തോന്നാറുണ്ട്. ടെസ്റ്റ് ക്രിക്കറ്റും ട്വന്റി20 ക്രിക്കറ്റും ഏകദിന ക്രിക്കറ്റും തമ്മിൽ വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ നിലനിൽക്കുന്നു. ഇതിൽ പ്രധാന വ്യത്യാസം ബോൾ തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ചുവപ്പ് പന്ത്, വെളുപ്പ് പന്തിനേക്കാൾ കുറച്ചധികം ചലനങ്ങൾ സൃഷ്ടിക്കും. അത് വായുവിലും പിച്ച് ചെയ്തതിന് ശേഷവും കൂടുതലായി ചലിക്കാറുണ്ട്. മാത്രമല്ല ചുവപ്പ് പന്തിൽ ബോളർമാർക്ക് വലിയ ബൗൺസ് ലഭിക്കും. ഇക്കാര്യങ്ങളൊക്കെയും ഗിൽ തന്റെ മനസ്സിൽ സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്.”- സുനിൽ ഗവാസ്കർ പറയുന്നു.

“ഗിൽ തന്റെ കരിയർ ആരംഭിച്ചത് വളരെ മികച്ച രീതിയിൽ തന്നെയായിരുന്നു. അന്ന് ഗിൽ കളിച്ച ഷോട്ടുകളെ നമ്മൾ ഒരുപാട് പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹം എത്രയും പെട്ടെന്ന് തന്നെ ഫോമിലേക്ക് തിരികെയെത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഗിൽ കൂടുതൽ പരിശീലനങ്ങൾ തയ്യാറാവുകയും ഭാവിയിൽ മികവ് പുലർത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.”- ഗവാസ്‌കർ കൂട്ടിച്ചേർക്കുന്നു. ജനുവരി 3നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്. മത്സരത്തിലും ഗിൽ തന്നെ ഇന്ത്യയുടെ ഓപ്പണറാവാനാണ് സാധ്യത.

Previous articleഅഫ്ഗാനെതിരായ ട്വന്റി20യിൽ സഞ്ജു കളിക്കും. ലോകകപ്പിന് മുമ്പ് സഞ്ജുവിന് വലിയ അവസരം.
Next articleടെസ്റ്റിൽ ഇന്ത്യ രോഹിതിനെ പുറത്താക്കി കോഹ്ലിയെ നായകനാക്കണം. നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം.