ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര ഡിസംബർ 26നാണ് ആരംഭിക്കുന്നത്. 2023 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ സീനിയർ താരങ്ങളൊക്കെയും ഈ ടെസ്റ്റ് പരമ്പരയിലൂടെ തിരികെ വരുകയാണ്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ടെസ്റ്റ് പരമ്പരയിൽ നേരിടേണ്ടിവരുന്നത്. ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളിൽ കളിച്ചു പരിചയമില്ലാത്ത കുറച്ചധികം താരങ്ങളും ഇന്ത്യൻ ടീമിലുണ്ട്. ഈ യുവതാരങ്ങളെ സംബന്ധിച്ച് പരമ്പര ഒരു വലിയ പരീക്ഷണം തന്നെയാണ് ഈ പരമ്പര.
ഇതിൽ എടുത്തു പറയേണ്ട താരം ജെയ്‌സ്വാളാണ്. തന്റെ ടെസ്റ്റ് കരിയറിൽ വളരെ മികച്ച ഒരു തുടക്കമായിരുന്നു ജയസ്വാളിന് ലഭിച്ചത്. എന്നാൽ ഈ തുടക്കം ദക്ഷിണാഫ്രിക്കയിൽ ജയിസ്വാളിന് തുടർന്നുകൊണ്ടുപോകാൻ സാധിക്കുമോ എന്നത് വലിയ ചോദ്യമാണ്. ജയസ്വാളിൽ നിന്ന് വലുതായി ഒന്നും തന്നെ ഈ ടെസ്റ്റ് പരമ്പരയിൽ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ പറഞ്ഞിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ പ്രയാസകരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗംഭീർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. “ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വളരെ വ്യത്യസ്തമായ വെല്ലുവിളിയാണ്. വെസ്റ്റിൻഡീസിലെ പോലെ ബാറ്റർമാർക്ക് അനുകൂല സാഹചര്യങ്ങൾ ദക്ഷിണാഫ്രിക്കയിൽ ലഭിക്കില്ല. എല്ലാ പിച്ചുകളും പേസിനെ അങ്ങേയറ്റം തുണയ്ക്കുന്നതായിരിക്കും. അവിടെ റബാഡ, യാൻസൻ, എങ്കിടി, ബർഗർ എന്നീ ബോളർമാരെ ഇന്ത്യ നേരിടണം. എല്ലാ പിച്ചുകളിലും ബൗൺസ് കൃത്യമായി ഉണ്ടായിരിക്കും. ജയ്സ്വാൾ എല്ലായിപ്പോഴും ഫ്രണ്ട് ഫുട്ട്, ബാക് ഫുട്ട് ഷോട്ടുകൾ കളിക്കുന്ന താരമാണ്. പക്ഷേ ഇത്തരം ഷോട്ടുകൾ ദക്ഷിണാഫ്രിക്കയിൽ അനായാസമാവില്ല. എന്നിരുന്നാലും ആദ്യ ടെസ്റ്റ് മത്സരങ്ങളിലെ അനുഭവത്തിൽ നിന്ന് ജയസ്വാൾ മെച്ചപ്പെട്ടിട്ടുണ്ടാവും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ടീം അവനിൽ വലിയ പ്രതീക്ഷ വയ്ക്കുന്നുണ്ട്.”- ഗംഭീർ പറയുന്നു.
“ഈ പരമ്പരയിൽ ഇന്ത്യയുടെ യുവതാരങ്ങളിൽ നിന്ന് ശ്രദ്ധേയമായ പ്രകടനം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്കൻ സാഹചര്യത്തിൽ 25-30 റൺസ് നേടാൻ സാധിച്ചാൽ തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തുമ്പോൾ ഈ താരങ്ങൾക്ക് വലിയ ആത്മവിശ്വാസം ഉണ്ടാകും. കുറച്ചധികം വർഷങ്ങൾക്കു മുമ്പ് ഇത്തരത്തിൽ യുവതാരങ്ങളെ ദക്ഷിണാഫ്രിക്കയിലെ ഓസ്ട്രേലിയയിലോ ഇന്ത്യ പരമ്പരക്ക് തിരഞ്ഞെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ സാഹചര്യങ്ങളിൽ വലിയ മാറ്റം വന്നിരിക്കുന്നു.”- ഗംഭീർ കൂട്ടിച്ചേർത്തു.
യുവതാരങ്ങളുടെ പ്രകടനമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പാരമ്പരയിൽ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്നത്. ഇതുവരെ 3 ടെസ്റ്റ് ഇന്നിംഗ്സുകളാണ് ഇന്ത്യക്കായി ജയ്സ്വാൾ കളിച്ചിട്ടുള്ളത്. ഇതിൽ 88.67 ശരാശരിയിൽ 266 റൺസ് സ്വന്തമാക്കാൻ ജയ്സ്വാളിന് സാധിച്ചിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തിൽ 171 റൺസാണ് ഈ ബാറ്റർ നേടിയത്. ദക്ഷിണാഫ്രിക്കയിലും ജയസ്വാളിന് ഈ വെടിക്കെട്ട് തുടരാൻ സാധിക്കും എന്ന് പ്രതീക്ഷയിലാണ് ഇന്ത്യ.