കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടീമിൽ ഏറ്റവുമധികം അവഗണനകൾ നേരിട്ട ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും പല മത്സരങ്ങളിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കുന്നത് കണ്ടിട്ടുണ്ട്. മാത്രമല്ല കൃത്യമായി സഞ്ജു സാംസണ് ബാറ്റിംഗ് ഓർഡറിൽ ഒരു സ്ഥാനം നൽകാനും ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല.
ഇതിനെയൊക്കെ പറ്റി സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി. ഇന്ത്യക്കായി ഏതു ബാറ്റിംഗ് ഓർഡറിൽ ഏതു പൊസിഷനിൽ കളിക്കാനും താൻ തയ്യാറാണ് എന്നാണ് മലയാളി താരം സഞ്ജു സാംസൺ പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഇന്ത്യക്കായി എല്ലാ ഫോർമാറ്റിലും കളിക്കാൻ തനിക്ക് ആഗ്രഹമുണ്ട് എന്നും സഞ്ജു പറഞ്ഞു.
ഇന്ത്യൻ ടീമിൽ അർഹിച്ച രീതിയിൽ പരിഗണന ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് ആലോചിക്കാൻ താല്പര്യമില്ല എന്നായിരുന്നു സഞ്ജു സാംസന്റെ മറുപടി. “എന്നെ കളിക്കാൻ വിളിച്ചാൽ ഞാൻ പോയി കളിക്കും. അല്ലെങ്കിൽ ഞാൻ കളിക്കില്ല. എല്ലാം പോസിറ്റീവായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്”- സഞ്ജു സാംസൺ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറയുകയുണ്ടായി. തന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ മാത്രമാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് സഞ്ജു പറയുന്നത്. കഴിഞ്ഞ 3-4 മാസം തന്നെ സംബന്ധിച്ച് വളരെ മികച്ചതായിരുന്നു എന്നും സഞ്ജു കൂട്ടിചേർത്തു.
“എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ ഏറ്റവും മികച്ചതാക്കാൻ ഞാൻ ശ്രമിക്കാറുള്ളത്. കഴിഞ്ഞ 3-4 മാസം എന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സമയമായിരുന്നു. 2024 ലോകകപ്പിൽ ഇടം നേടാൻ സാധിച്ചത് ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നിയത്. ഇക്കാര്യം ഞാൻ കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്നെ ആഗ്രഹിച്ചിരുന്നു. 2023 ഏകദിന ലോകകപ്പ് കളിക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം. ട്വന്റി20 ലോകകപ്പിനുള്ള ടീമിലെത്തി വിജയം സ്വന്തമാക്കിയപ്പോഴാണ് ലോകകപ്പ് എന്നത് നിസ്സാര കാര്യമല്ല എന്ന് മനസ്സിലാകുന്നത്. പക്ഷേ ശ്രീലങ്കയ്ക്കെതിരെ അവസാനിച്ച പരമ്പരയിൽ മികവ് പുലർത്താൻ എനിക്ക് സാധിച്ചില്ല.”- സഞ്ജു പറയുന്നു.
“എനിക്ക് നാട്ടിൽ നിന്ന് കിട്ടുന്ന പിന്തുണയും ന്യൂസിലാൻഡ് മുതൽ വെസ്റ്റിൻഡീസ് വരെയുള്ള നാടുകളിൽ നിന്ന് ലഭിക്കുന്ന മലയാളികളുടെ പിന്തുണയും എല്ലായിപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. എടാ ചേട്ടാ നീ എവിടെ പോയാലും നിനക്ക് വലിയ പിന്തുണയുണ്ടല്ലോ എന്ന് മറ്റ് ടീം അംഗങ്ങളും എന്നോട് പറയാറുണ്ട്. ഇക്കാരണം കൊണ്ടാണ് എനിക്ക് ടീമിൽ ഇടംപിടിക്കാൻ സാധിക്കാതെ വരുമ്പോഴും, ഡക്കായി പുറത്താവേണ്ടി വരുമ്പോഴും എല്ലാവർക്കും ഇത്ര നിരാശ ഉണ്ടാകുന്നത്. അത് ഞാൻ മനസ്സിലാക്കുന്നു.”- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.