ടീമിലെ സ്ഥാനം തെറിക്കുമെന്ന് ഗില്ലിന് മാനേജ്മെന്റിന്റെ അന്ത്യശാസനം. തൊട്ടുപിന്നാലെ തകർപ്പൻ സെഞ്ച്വറി.

gill century in vizag

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരമാണ് ശുഭമാൻ ഗിൽ. ഇന്ത്യക്കായി മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു തകർപ്പൻ സെഞ്ചുറി താരം നേടുകയുണ്ടായി. ഇന്നിംഗ്സിൽ 147 പന്തുകൾ നേരിട്ട ഗിൽ 11 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 104 റൺസാണ് മത്സരത്തിൽ നേടിയത്.

ആദ്യ മത്സരത്തിൽ പൂർണ്ണമായും പരാജയപ്പെട്ട ഗില്ലിന്റെ ഒരു വലിയ തിരിച്ചുവരവാണ് രണ്ടാം മത്സരത്തിൽ കാണാൻ സാധിച്ചത്. എന്നാൽ ഈ തകർപ്പൻ ഇന്നിങ്സിന് തൊട്ടുമുൻപ് ഇന്ത്യൻ ടീം മാനേജ്മെന്റ് ഗില്ലിനെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ഗില്ലിന് മുൻപിലേക്ക് ഇന്ത്യൻ ടീം മാനേജ്മെന്റ് വെച്ച അവസാന അവസരമായിരുന്നു രണ്ടാം ടെസ്റ്റ് മത്സരം. രണ്ടാം ടെസ്റ്റ് മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ടീമിലെ സ്ഥാനം നഷ്ടമാവും എന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് നേരത്തെ തന്നെ ഗില്ലിനെ അറിയിച്ചിരുന്നു.

ആദ്യ മത്സരത്തിൽ ബാറ്റിംഗിൽ പൂർണമായും പരാജയപ്പെട്ടതോടെ വലിയ വിമർശനങ്ങൾ തന്നെയായിരുന്നു ഗില്ലിനെ തേടിയെത്തിയത്. അടുത്ത ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഗില്ലിനെ കളിപ്പിക്കരുത് എന്ന തരത്തിലുള്ള വലിയ വാദങ്ങൾ രംഗത്തെത്തി. പക്ഷേ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് കൊണ്ട് വിമർശകർക്കുള്ള മറുപടി നൽകാൻ ഗില്ലിന് സാധിച്ചു.

ടീം മാനേജ്മെന്റ് മത്സരത്തിന് മുൻപ് നൽകിയ അന്ത്യശാസനത്തിന് തൊട്ടുപിന്നാലെയാണ് ഗില്ലിന്റെ ഈ വെടിക്കെട്ട് ഇന്നിംഗ്സ്. തന്റെ ടെസ്റ്റ് ടീമിലെ മൂന്നാം നമ്പർ സ്ഥാനം നിലനിർത്താനുള്ള അവസാന അവസരമായിരിക്കും വിശാഖപട്ടണത്തിൽ നടക്കുന്ന ടെസ്റ്റ് മത്സരം എന്നാണ് ഗില്ലിന് ടീം മാനേജ്മെന്റ് അന്ത്യശാസനം നൽകിയിരുന്നത്.

See also  5 വിക്കറ്റുകളുമായി യാഷ് താക്കൂർ. ഗുജറാത്തിനെ എറിഞ്ഞൊതുക്കി ലക്നൗ. വമ്പൻ വിജയം.

മാത്രമല്ല രണ്ടാം ടെസ്റ്റിന് ശേഷം 10 ദിവസത്തെ ഇടവേള ഇന്ത്യൻ ടീമിനുണ്ട്. ഈ സമയത്ത് ഗില്ലിനെ പഞ്ചാബിനായി രഞ്ജി ട്രോഫി ടീമിൽ ഉൾപ്പെടുത്താനും ടീം മാനേജ്മെന്റ് തയ്യാറായിരുന്നു. ഒരുപക്ഷേ രണ്ടാം ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയില്ലായിരുന്നുവെങ്കിൽ ഫെബ്രുവരി 9ന് ആരംഭിക്കുന്ന ഗുജറാത്ത് – പഞ്ചാബ് മത്സരത്തിൽ ഗില്ലിനെ ടീം മാനേജ്മെന്റ് കളിപ്പിച്ചേനെ.

ഇക്കാര്യത്തെ സംബന്ധിച്ചുള്ള പൂർണമായ ബോധ്യം ഗില്ലിനും ഉണ്ടായിരുന്നു. ഈ മത്സരത്തിൽ താൻ കളിക്കുമെന്ന കാര്യം ഗിൽ മുൻപ് തന്നെ തന്റെ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. പക്ഷേ മത്സരത്തിൽ സെഞ്ചുറി നേടിയതോടെ കാര്യങ്ങളൊക്കെയും മാറിമറിഞ്ഞിരിക്കുകയാണ്.

പ്രസ്തുത സെഞ്ചുറിക്ക് മുൻപ് വളരെ മോശം പ്രകടനമായിരുന്നു ഗില്ലിൽ നിന്ന് ഉണ്ടായിട്ടുള്ളത്. 9 ഇന്നിങ്സുകൾ കളിച്ച ഗിൽ 153 റൺസ് മാത്രമായിരുന്നു ഇതിന് മുൻപ് നേടിയിരുന്നത്. 36 റൺസായിരുന്നു കഴിഞ്ഞ 9 ഇന്നിങ്സുകളിലെ ഗില്ലിന്റെ ടോപ് സ്കോർ. മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ പോലും ഗില്ലിനെതിരെ ഒരു സമയത്ത് രംഗത്തെത്തുകയുണ്ടായി.

ഇന്ത്യൻ ടീമിൽ ഒരുപാട് നാൾ വിശ്വസ്തനായി കളിച്ചിരുന്ന ചേതേശ്വർ പൂജാരയെ പോലും ഒഴിവാക്കിയാണ് ഇന്ത്യ മൂന്നാം നമ്പറിലേക്ക് ഗില്ലിനെ പ്രതിഷ്ഠിച്ചത്. അതൊരു വലിയ അബദ്ധമായി എന്ന രീതിയിലായിരുന്നു കുംബ്ലെ സംസാരിച്ചത്. എന്നാൽ ഇതിനൊന്നും മറ്റുതരത്തിൽ മറുപടി നൽകാതെ ബാറ്റ് കൊണ്ട് നേരിടുകയാണ് ഗിൽ ഇപ്പോൾ ചെയ്തത്.

Scroll to Top