ഹൈദരാബാദ് സൺറൈസേഴ്സിന് എതിരായ ഫൈനൽ മത്സരത്തിലെ വിജയത്തോടെ 2024 ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചിട്ടുണ്ട്. ടൂർണമെന്റിലുടനീളം കൂട്ടായ പ്രവർത്തനമായിരുന്നു കൊൽക്കത്തയുടെ ശക്തി. തങ്ങളുടെ പ്രധാന താരങ്ങളൊക്കെയും പ്ലേയോഫിൽ മികവ് പുലർത്തിയപ്പോൾ കൊൽക്കത്ത അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.
ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ കേവലം 113 റൺസിന് പുറത്താക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചിരുന്നു. ആൻഡ്ര റസൽ, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയവരുടെ മികച്ച ബോളിംഗ് പ്രകടനമാണ് കൊൽക്കത്തയെ സഹായിച്ചത്. ശേഷം മറുപടി ബാറ്റിംഗിൽ വെങ്കിടേഷ് അയ്യർ 26 പന്തുകളിൽ 52 റൺസുമായി തിളങ്ങിയപ്പോൾ കൊൽക്കത്ത അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.
ടൂർണമെന്റിലെ കൊൽക്കത്തയുടെ ഈ വമ്പൻ വിജയത്തിന്റെ പൂർണമായ ക്രെഡിറ്റ് അർഹിക്കുന്നത് അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരാണ് എന്ന് മത്സരശേഷം വെങ്കിടേഷ് അയ്യർ പറയുകയുണ്ടായി. “വരുൺ പറഞ്ഞതുപോലെ വിജയത്തിന്റെ പൂർണമായ ക്രെഡിറ്റ് നൽകേണ്ടത് അഭിഷേക് നായർക്കാണ്. ഇത്തരം കാര്യങ്ങൾ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല. ഈ വിജയത്തിൽ വലിയ പങ്കുതന്നെ അഭിഷേക് നായർ അർഹിക്കുന്നുണ്ട്. ഞങ്ങളുടെ ഫ്രാഞ്ചൈസിക്കായി കഴിഞ്ഞ സമയങ്ങളിൽ വളരെയധികം കഠിനപ്രയത്നങ്ങളിൽ ഏർപ്പെട്ട ആൾ കൂടിയാണ് അഭിഷേക്.”- വെങ്കിടേഷ് പറഞ്ഞു.
“മാത്രമല്ല ഈ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ആരാധകർ കൂടിയാണ്. കാരണം ഓരോ വർഷവും അവർ ഞങ്ങൾക്കായി മൈതാന ഗ്യാലറികളിൽ അണിനിരക്കുകയുണ്ടായി. 10 വർഷത്തോളമാണ് അവർ ഈ കിരീടത്തിനായി കാത്തിരുന്നത്. ഞങ്ങളുടെ ടീമിൽ എല്ലായിപ്പോഴും കുറച്ചു സൂപ്പർസ്റ്റാറുകൾ ഉണ്ടായിരുന്നു. എന്നിട്ടും ഞങ്ങൾക്ക് കിരീടം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും ഞങ്ങൾക്കായി ആരാധകർ വീണ്ടും വീണ്ടും പിന്തുണ നൽകുകയുണ്ടായി. ഈ കിരീടം അവർക്ക് വേണ്ടി സമർപ്പിക്കുന്നു.”- അയ്യർ കൂട്ടിച്ചേർക്കുന്നു.
ഈ നിമിഷം വളരെ സന്തോഷകരമാണ് എന്നായിരുന്നു അഭിഷേക് നായർ പറഞ്ഞത്. “ഞങ്ങളെ സംബന്ധിച്ച് ഇത് വലിയൊരു നിമിഷം തന്നെയാണ്. ഒരുപാട് നാളെടുത്തു ഇത്തരമൊരു കാര്യത്തിലേക്ക് എത്താൻ. ഞാൻ ആദ്യ സീസൺ മുതൽ ഐപിഎല്ലിൽ കളിക്കുന്ന വ്യക്തിയാണ്. 16 വർഷങ്ങൾക്ക് ശേഷമാണ് ഒരു കിരീടം ലഭിക്കുന്നത്. ഞങ്ങളുടെ ടീമിലെ താരങ്ങളെ ഓർത്ത് വലിയ സന്തോഷമുണ്ട്. ഞാൻ എത്ര സന്തോഷവാനാണെന്ന് എനിക്ക് പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല. പ്രധാന മത്സരത്തിൽ വലിയ താരമായ റസൽ പ്രതീക്ഷിയ്ക്കൊത്ത് ഉയരുകയുണ്ടായി. ഇത്തരത്തിൽ എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയം.”- നായർ പറഞ്ഞു.