ബംഗ്ലാദേശിനെ വീണ്ടും അട്ടിമറിച്ച് അമേരിക്ക. ആവേശകരമായ മത്സരത്തിൽ 6 റൺസിനാണ് അമേരിക്ക വിജയം സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരത്തിലും അമേരിക്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. ശേഷമാണ് രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പര സ്വന്തമാക്കിയിരിക്കുന്നത്.
ട്വന്റി20 ലോകകപ്പിന് മുൻപ് ഒരു വമ്പൻ പ്രകടനം തന്നെയാണ് അമേരിക്ക ബംഗ്ലാദേശിനെതിരെ കാഴ്ച വച്ചിരിക്കുന്നത്. ഈ ലോകകപ്പിലും ചെറിയ ടീമുകളെ വിലകുറച്ചു കാണാൻ സാധിക്കില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് അമേരിക്കയുടെ ഈ ചരിത്രപരമായ വിജയം.
മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് അമേരിക്കക്കായി ഓപ്പണർമാരായ ടൈലറും മോണങ്ക് പട്ടേലും നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. പട്ടേൽ 38 പന്തുകളിൽ 42 റൺസ് ആണ് നേടിയത്. ടൈലർ 28 പന്തുകളിൽ 31 റൺസ് നേടി. പിന്നീട് മധ്യനിരയിൽ ആരോൺ ജോൺസും തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. വലിയ രീതിയിൽ സ്കോറിങ് ഉയർത്താൻ സാധിച്ചില്ലെങ്കിലും ജോൺസ് 34 പന്തുകളിൽ 35 റൺസാണ് നേടിയത്. ഇങ്ങനെ അമേരിക്ക നിശ്ചിത 20 ഓവറുകളിൽ 144 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു.
ബംഗ്ലാദേശ് നിരവിൽ ഷെരീഫുൾ ഇസ്ലാം, മുസ്തഫിസൂർ, റിഷാദ് ഹുസൈൻ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് സൗമ്യ സർക്കാരിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ നായകൻ ഷാന്റോയും തൻസീദ് ഹസനും ക്രീസിലുറച്ചത് ബംഗ്ലാദേശിന് ആശ്വാസം നൽകി. പിന്നീട് എത്തിയ ഹൃദോയ്, ഷാക്കിബ് അൽ ഹസൻ എന്നിവരും തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ഹൃദോയ് 25 റൺസും, ഷാക്കിബ് 30 റൺസുമാണ് നേടിയത്. ഇതോടുകൂടി ബംഗ്ലാദേശ് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. കേവലം 4 വിക്കറ്റുകൾ നഷ്ടത്തിൽ 106 എന്ന മെച്ചപ്പെട്ട നിലയിൽ ബംഗ്ലാദേശ് എത്തി.
ശേഷമാണ് അമേരിക്കൻ ബോളർമാർ ഒരു വെടിക്കെട്ട് തിരിച്ചുവരവ് നടത്തിയത്. അലി ഖാൻ അടക്കമുള്ള ബോളർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ബംഗ്ലാദേശ് തകർന്നു വീഴുകയായിരുന്നു. 4 വിക്കറ്റിന് 106 എന്ന നിലയിൽ നിന്ന ബംഗ്ലാദേശ്, 138 റൺസിന് ഓൾഔട്ട് ആവുകയാണ് ഉണ്ടായത്. മത്സരത്തിൽ അമേരിക്കക്കായി അലി ഖാൻ 3 വിക്കറ്റുകൾ വീഴ്ത്തി മികവു പുലർത്തുകയുണ്ടായി. ഒരു ചരിത്രവിജയം തന്നെയാണ് പരമ്പരയിൽ അമേരിക്ക സ്വന്തമാക്കിയിരിക്കുന്നത്. മറുവശത്ത് ബംഗ്ലാദേശിനെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പരാജയമാണ് പരമ്പരയിൽ ഉണ്ടായിരിക്കുന്നത്.