2024 ഇന്ത്യൻ പ്രീമിയർ ലീഗിന് കൊടിയേറിയിരിക്കുകയാണ്. ക്രിക്കറ്റ് പൂരം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ചില വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ പുതിയ നായകനായി യുവതാരം ഋതുരാജ് ഗൈയ്ക്ക്വാഡിനെ തീരുമാനിച്ചു എന്നതാണ്.
ലോക ക്രിക്കറ്റ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു മഹേന്ദ്ര സിംഗ് ധോണിയുടെ മൈതാനത്തിലേക്കുള്ള തിരിച്ചുവരവ്. എന്നാൽ നായകനായി ഇനി മൈതാനത്ത് എത്താൻ താനില്ല എന്ന് ധോണി ഉറപ്പിച്ചതോടെ ഋതുരാജിന് ഭാഗ്യം വന്നുചേരുകയായിരുന്നു. ചെന്നൈയുടെ നായകനായി തന്നെ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ തന്നെ ഋതുരാജ് തന്റെ ആവേശം വ്യക്തമാക്കി.
ചെന്നൈയുടെ നായക സ്ഥാനമെന്നത് വലിയൊരു പദവിയായാണ് താൻ കാണുന്നത് എന്ന് ഋതുരാജ് പറയുകയുണ്ടായി. ഒപ്പം വലിയൊരു ഉത്തരവാദിത്തമാണ് ഈ പ്രായത്തിൽ തന്റെ മുൻപിൽ എത്തിയിരിക്കുന്നത് എന്നും ഋതുരാജ് പറഞ്ഞു.
“ഇതൊരു വലിയ പദവി തന്നെയാണ്. അതിലുപരിയായി ഇതൊരു വലിയ ഉത്തരവാദിത്തമാണ്. എന്നിരുന്നാലും ഞാൻ വളരെ ആവേശത്തിലാണ്. കാരണം വളരെ മികച്ച ഒരു ഗ്രൂപ്പ് ഞങ്ങൾക്കുണ്ട്. സ്ക്വാഡിലുള്ള എല്ലാവരും തന്നെ ഒരുപാട് അനുഭവ സമ്പത്തുള്ളവരാണ്. അതിനാൽ തന്നെ എനിക്ക് ഒരുപാട് കാര്യങ്ങൾ നിർദ്ദേശിക്കേണ്ടി വരില്ല എന്ന് കരുതുന്നു.”- ഋതുരാജ് പറഞ്ഞു.
ധോണിക്ക് പുറമേ ജഡേജ, രഹാനെ തുടങ്ങിയ ഒരുപാട് അനുഭവ സമ്പത്തുള്ള താരങ്ങളുടെ ഒരു നിര തന്നെയാണ് ഇത്തവണത്തെ ചെന്നൈ ടീം. ഇവരുടെയൊക്കെയും സഹായങ്ങൾ തനിക്ക് ഗുണം ചെയ്യും എന്നാണ് ഋതുരാജ് പറഞ്ഞത്.
“ഏറ്റവും പ്രധാനപ്പെട്ട കാര്യം മഹി ഭായി എന്റെ ടീമിലുണ്ട് എന്നതാണ്. ഒപ്പം ജഡേജ, രഹാനെ എന്നിവരും വളരെ മികച്ച നായകന്മാരായിരുന്നു. എനിക്ക് വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകാൻ ഇവർക്ക് സാധിക്കും. അതിനാൽ തന്നെ ഈ പദവിയെ കുറിച്ച് ഓർത്ത് ഞാൻ കൂടുതൽ ആകുലനാവുന്നില്ല. ആസ്വദിച്ച് തന്നെ മുൻപോട്ടു പോകാനാണ് ഞാൻ ശ്രമിക്കുന്നത്.”- ഋതുരാജ് കൂട്ടിച്ചേർത്തു.
ചെന്നൈക്കായി കഴിഞ്ഞ 3 സീസണുകളിലും വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ് ഋതുരാജ്. കഴിഞ്ഞ ഐപിഎല്ലിൽ 16 മത്സരങ്ങളിൽ നിന്നായി 590 റൺസാണ് ഋതുരാജ് കൂട്ടിച്ചേർത്തത്. 147.5 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും ഈ താരത്തിനുണ്ട്.
2021 ഐപിഎൽ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 635 റൺസ് നേടാനും ഈ ചെന്നൈ താരത്തിന് സാധിച്ചിരുന്നു. ശേഷമാണ് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ നായക സ്ഥാനം യുവതാരത്തിന് നൽകിയത്. ഋതുരാജിനെ സംബന്ധിച്ച് വളരെ മികച്ച ഒരു അവസരമാണ് കൈവന്നിരിക്കുന്നത്.