“ഞാൻ ഇന്ത്യയ്ക്കായി കളിക്കും, അതാണെന്റെ ഏറ്റവും വലിയ ലക്ഷ്യം “- ആത്മവിശ്വാസം കാട്ടി റിയാൻ പരാഗ്.

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണുകളിൽ ഭേദപ്പെട്ട പ്രകടനങ്ങൾ മാത്രമായിരുന്നു റിയാൻ പരാഗ് കാഴ്ചവെച്ചത്. ഇതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും താരം ഏറ്റുവാങ്ങുകയുണ്ടായി. എന്നാൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ പരാഗിന്റെ ഒരു പ്രയാണം തന്നെയാണ് കാണാൻ സാധിച്ചത്.

ടൂർണമെന്റിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ ലിസ്റ്റിൽ മൂന്നാമനായാണ് ഫിനിഷ് ചെയ്തത്. 16 മത്സരങ്ങൾ രാജസ്ഥാനായി കളിച്ച പരാഗ് 573 റൺസാണ് ഈ സീസണിൽ സ്വന്തമാക്കിയത്. 149.21 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് ഈ നേട്ടം. തന്റെ ആത്മവിശ്വാസവും കഠിനപ്രയത്നവുമാണ് ഇത്തരത്തിൽ മികച്ച പ്രകടനം ഐപിഎല്ലിൽ കാഴ്ചവയ്ക്കാൻ സഹായിച്ചത് എന്ന് പറയുന്ന താരം ഉടൻ തന്നെ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുമെന്നും ഉറച്ച് വിശ്വസിക്കുകയാണ്.

2024 ഐപിഎല്ലിൽ രാജസ്ഥാനായി നിർണായകമായ ഒരു റോളാണ് ഈ അസം താരം കളിച്ചത്. 2018ൽ ഇന്ത്യയ്ക്കായി അണ്ടർ 19 ലോകകപ്പ് കളിച്ച ടീമിലെ അംഗമായിരുന്നു പരാഗ്. പക്ഷേ കഴിഞ്ഞ സീസണുകളിൽ 200 റൺസ് സ്വന്തമാക്കാൻ പോലും സാധിച്ചിരുന്നില്ല. ശേഷമാണ് ഇത്തവണ രാജസ്ഥാൻ പരാഗ് നാലാം നമ്പറിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത്. ശേഷം ഒരു ആറാട്ടാണ് കാണാൻ സാധിച്ചത്. താൻ മികച്ച രീതിയിൽ റൺസ് കണ്ടെത്താത്ത സമയത്ത് പോലും ഇന്ത്യൻ ടീമിൽ കളിക്കാനാവുമെന്ന ഉറച്ച ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു. 10 വയസ്സുള്ള കുട്ടിയായിരുന്നപ്പോൾ പോലും ഇന്ത്യയ്ക്കായി കളിക്കുക എന്ന കാര്യത്തിൽ മാത്രമാണ് താൻ ശ്രദ്ധിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

“ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് നിങ്ങൾക്ക് എന്നെ ടീമിൽ ഉൾപ്പെടുത്തേണ്ടിവരും. അല്ലെ? അതാണ് എന്റെ വിശ്വാസം. ഞാൻ ഇന്ത്യയ്ക്കായി എന്തായാലും കളിക്കും. എപ്പോൾ കളിക്കും എന്നത് എന്നെ സംബന്ധിച്ച് കാര്യമല്ല. ഞാൻ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ സമയത്തും ഒരു അഭിമുഖത്തിൽ ഇക്കാര്യം പറയുകയുണ്ടായി. ഉറപ്പായും ഇന്ത്യക്കായി കളിക്കും എന്നാണ് ഞാൻ പറഞ്ഞത്. എന്നിൽ തന്നെ വിശ്വാസമർപ്പിച്ച് മുൻപോട്ട് പോകാനാണ് ഞാൻ ശ്രമിക്കുന്നത്. അതു തന്നെയായിരുന്നു ശക്തി. പത്താം വയസ്സിലാണ് ഞാൻ പിതാവിനൊപ്പം ക്രിക്കറ്റ് കളിച്ചു തുടങ്ങുന്നത്. ഇന്ത്യക്കായി കളിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. മറ്റൊന്നും മുൻപിൽ ഉണ്ടായിരുന്നില്ല.”- പരാഗ് പറഞ്ഞു.

“ഈ ഐപിഎൽ സീസണിൽ നിന്ന് ഞാൻ പഠിച്ച കുറച്ചധികം കാര്യങ്ങളുണ്ട്. നമ്മൾ നമ്മളിൽ തന്നെ വിശ്വസിക്കുകയാണെങ്കിൽ അത് പൂർണ്ണമായും നമുക്ക് അനുകൂലമായി മാറും. കാരണം ആളുകൾ വിവിധ കാര്യങ്ങൾ വിവിധ ദിശയിൽ നിന്ന് പറയും. ഒരുപക്ഷേ അത് നെഗറ്റീവ് ആവാം. അല്ലെങ്കിൽ പോസിറ്റീവ് ആവാം. പക്ഷേ നമ്മൾ നമ്മളിൽ എത്രമാത്രം വിശ്വാസം അർപ്പിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിലേക്കാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.”- രാജസ്ഥാൻ റോയൽസ് താരം കൂട്ടിച്ചേർക്കുന്നു

Previous articleകോഹ്ലിയും ജയസ്വാളും ലോകകപ്പിൽ ഓപ്പൺ ചെയ്യണം. രോഹിത് നാലാം നമ്പറിൽ ഇറങ്ങണം – വസീം ജാഫർ.
Next article“നീ പേടിക്കേണ്ട, നിന്റെ സർജറി കാര്യം ഞാൻ നോക്കിക്കോളാം”. മൈതാനത്തെത്തിയ ആരാധകനോട് ധോണി പറഞ്ഞത്.