ഞാനായിരുന്നുവെങ്കിൽ രോഹിതിനെയും കോഹ്ലിയേയും ടീമിലെടുക്കില്ലായിരുന്നു. ഗവാസ്കർ പറയുന്നു.

ഇന്ത്യയുടെ 2024 ലോകകപ്പ് ക്യാമ്പയിൻ ജൂൺ അഞ്ചിന് ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ അയർലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. ഇത്തവണ പരിചയസമ്പന്നതയും യുവത്വവും ഒത്തുചേർന്ന ഒരു കിടിലൻ സ്ക്വാഡാണ് ഇന്ത്യ ലോകകപ്പിനായി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഈ സ്ക്വാഡിനെ വിമർശിച്ച് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.

ഇന്ത്യ ട്വന്റി20 ലോകകപ്പിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടിയിരുന്നു എന്നാണ് ഗവാസ്കർ പറയുന്നത്. സീനിയർ താരങ്ങൾ കഴിഞ്ഞ ട്വന്റി20 ലോകകപ്പ് എഡിഷനിൽ അടക്കം പലപ്പോഴും പരാജയപ്പെട്ട സാഹചര്യത്തിൽ യുവത്വത്തെ കൂടുതലായി മുൻപിലേക്ക് കൊണ്ടുവരാൻ ഇന്ത്യൻ സെലക്ടർമാർ ശ്രമിക്കേണ്ടിയിരുന്നു എന്നാണ് ഗവാസ്കറുടെ പക്ഷം.

ജയസ്വാളിനെ പോലെയുള്ള യുവതാരങ്ങൾക്ക് ഇന്ത്യ കൂടുതലായി അവസരം നൽകണമെന്നാണ് ഗവാസ്കർ പറയുന്നത്. കഴിഞ്ഞ വർഷവും ഇന്ത്യക്കായി ലോകകപ്പിൽ കളിക്കാൻ രോഹിത് ശർമയും വിരാട് കോഹ്ലിയും അടക്കമുള്ള താരങ്ങൾക്ക് അവസരം ലഭിച്ചുവെന്ന് ഗവാസ്കർ ഓർമ്മിപ്പിക്കുന്നു. അതിനാൽ പരിചയസമ്പന്നൻ എന്ന് മാത്രം കരുതിയാണ് ഇരുവരെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു.

“സത്യസന്ധമായി പറഞ്ഞാൽ, ഞാനായിരുന്നുവെങ്കിൽ ഒരിക്കലും ഇത്തരത്തിൽ കോഹ്ലിയെയും രോഹിത്തിനെയും ടീമിൽ ഉൾപ്പെടുത്തില്ലായിരുന്നു. ഞാൻ കൂടുതലും യുവതാരങ്ങളിലേക്ക് ശ്രദ്ധ ചെലുത്തിയേനെ. അത്തരമൊരു കോർ നിർമ്മിക്കാൻ ഞാൻ ശ്രമിച്ചേനെ. പക്ഷേ സെലക്ടർമാർ ഇവിടെ രോഹിത് ശർമയേയും വിരാട് കോഹ്ലിയെയും തങ്ങളുടെ ഐക്കൺ താരങ്ങളാക്കി മാറ്റിക്കഴിഞ്ഞു.”- ഗവാസ്കർ പറയുന്നു.

“ഇപ്പോൾ അവർ ഇന്ത്യയുടെ സ്ക്വാഡിൽ കളിക്കുന്നുണ്ട്. വിരാട് കോഹ്ലി മൂന്നാം നമ്പറിൽ തന്നെ ഇന്ത്യക്കായി കളിക്കാനാണ് സാധ്യത. കാരണം അല്ലാത്തപക്ഷം കോഹ്ലിയിൽ നിന്ന് പൂർണ്ണമായ പ്രയോജനം ഇന്ത്യയ്ക്ക് ഉണ്ടാവില്ല. രോഹിത് ശർമ എല്ലാ മത്സരങ്ങളിലും ഓപ്പണറായി തന്നെ കളിക്കും. അതിനാൽ വ്യത്യസ്തമായ കോമ്പിനേഷനുകൾ ഇന്ത്യക്ക് ലഭിക്കുന്നില്ല. രണ്ടു വലംകയ്യൻ ബാറ്റർമാരെ മുൻനിരയിൽ ഇറക്കാൻ ഇന്ത്യ നിർബന്ധിതരാവുകയാണ്.”- ഗവാസ്കർ കൂട്ടിച്ചേർക്കുകയുണ്ടായി. ഒപ്പം ജയസ്വാളിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ അവസരം കിട്ടാൻ സാധ്യത കുറവാണ് എന്നും ഗവാസ്കർ പറഞ്ഞു.

“ജയസ്വാൾ ഇന്ത്യൻ ടീമിന് പുറത്തിരിക്കാനാണ് സാധ്യത കൂടുതൽ. കാരണം അത്തരത്തിലാണ് കാര്യങ്ങൾ മുൻപോട്ട് പോകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഒന്നുംതന്നെ ഇന്ത്യയ്ക്ക് തങ്ങളുടെ സീനിയർ താരങ്ങളിൽ നിന്ന് മികച്ച പ്രകടനം ലഭിച്ചിരുന്നില്ല. പക്ഷേ ഇവിടെ വീണ്ടും ഇന്ത്യ അവരെ വിശ്വസിച്ചിരിക്കുകയാണ്. ഇത്തവണയെങ്കിലും ഇത് പ്രാവർത്തികമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.”- ഗവാസ്കർ പറഞ്ഞു വയ്ക്കുന്നു.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ മുഹമ്മദ് അമീറും ഷാഹിൻ അഫ്രീദിയും ഇന്ത്യയ്ക്ക് ഭീഷണിയാവുമോ എന്ന ചോദ്യത്തിന്, അങ്ങനെയൊന്നും ഉണ്ടാവില്ല എന്നാണ് ഗവാസ്കർ മറുപടി നൽകിയത്. കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഷാഹിൻ അഫ്രിദിയെ നന്നായി ഹാൻഡിൽ ചെയ്യാൻ സാധിച്ചു എന്ന് ഗവാസ്കർ പറയുന്നു. അതിനാൽ തന്നെ ഈ പേരുകൾ ഒന്നും ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നില്ല എന്നാണ് മുൻ താരം കരുതുന്നത്.

Previous articleപരിശീലന മത്സരത്തില്‍ വിജയവുമായി ഇന്ത്യ. ബംഗ്ലാദേശിനെ നാണംകെടുത്തി കൂറ്റന്‍ വിജയം
Next articleലോകകപ്പിന്റെ ആദ്യ മത്സരത്തിൽ കൂറ്റൻ വിജയവുമായി അമേരിക്ക. 40 പന്തുകളിൽ 94 റൺസുമായി ജോൺസ്.