ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യയ്ക്കായി യുവതാരം ധ്രുവ് ജൂറൽ പുറത്തെടുത്തത്. ശേഷം ജൂറലിനെ പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരങ്ങൾ അടക്കം രംഗത്തുവന്നു. ധ്രുവ് ജൂറലിനെ മഹേന്ദ്ര സിംഗ് ധോണിയോട് ഉപമിച്ചു കൊണ്ടായിരുന്നു മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ രംഗത്തെത്തിയത്.
ഇതിന് പിന്നാലെ ഒരുപാട് വിമർശനങ്ങളും ഗവാസ്കർക്കെതിരെ എത്തിയിരുന്നു. കേവലം ഒരു ഇന്നിംഗ്സ് കൊണ്ട് ഒരു താരത്തെയും ധോണിയുമായി താരതമ്യം ചെയ്യാൻ പാടില്ല എന്ന രീതിയിൽ പലരും അഭിപ്രായം പ്രകടിപ്പിച്ചു. ഇതേ സംബന്ധിച്ചുള്ള വ്യക്തത നൽകിയിരിക്കുകയാണ് ഗവാസ്കർ ഇപ്പോൾ.
ഒരു കാരണവശാലും മറ്റൊരു മഹേന്ദ്ര സിംഗ് ധോണി ഉണ്ടാവില്ല എന്ന് ഗവാസ്കർ പറയുന്നു. എന്നാൽ ജൂറൽ ക്രീസിൽ തുടർന്ന സമയത്ത് തനിക്ക് ധോണിയെ പോലെ തോന്നി എന്ന് മാത്രമാണ് താൻ പറഞ്ഞത് എന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു. “ജൂറൽ മത്സരത്തെപ്പറ്റി ചിന്തിച്ച രീതി, കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കിയ രീതി, ബാറ്റിംഗിൽ വരുത്തിയ മാറ്റങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെയും എനിക്ക് മഹേന്ദ്ര സിംഗ് ധോണിയുടെ ചിന്തകൾ ഉണ്ടാക്കി.”
“കൃത്യമായ സമയങ്ങളിൽ സിക്സറുകൾ കണ്ടെത്തുകയും അതിനൊപ്പം തന്നെ സിംഗിളുകളും ഡബിളുകളും നേടി സ്ട്രൈക്ക് കൈമാറുകയും ചെയ്യുന്ന താരമാണ് ജൂറൽ. കീപ്പിങ്ങിലായാലും മത്സരത്തിൽ ഡക്കറ്റിനെ പുറത്താക്കിയ രീതിയും ആൻഡേഴ്സന്റെ കിടിലൻ ക്യാച്ചുമൊക്കെയും മികച്ചതായിരുന്നു.”- ഗവാസ്കർ പറഞ്ഞു.
“മഹേന്ദ്ര സിംഗ് ധോണി തന്റെ തുടക്ക സമയത്തും ഇത്തരത്തിൽ കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കി മുൻപോട്ടു പോയിരുന്നു. അതുകൊണ്ടാണ് ജൂറൽ ധോണിയെ പോലെയാണ് എന്ന് ഞാൻ പറഞ്ഞത്. പക്ഷേ ആർക്കും തന്നെ മഹേന്ദ്ര സിംഗ് ധോണിയാകാൻ സാധിക്കില്ല. ഇവിടെ ഒരു മഹേന്ദ്ര സിംഗ് ധോണി മാത്രമേയുള്ളൂ.”
“പക്ഷേ ജൂറൽ ഇത്തരത്തിൽ ധോണിയെ പോലെ ചിന്തകളുമായി മുന്നോട്ട് സഞ്ചരിക്കുകയാണെങ്കിൽ, അത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചു വളരെ വലിയൊരു കാര്യം തന്നെയായിരിക്കും.”- ഗവാസ്കർ കൂട്ടിച്ചേർത്തു.
റാഞ്ചി ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് ജൂറൽ തന്നെയായിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 90 റൺസ് സ്വന്തമാക്കാൻ ജൂറലിന് സാധിച്ചു. ശേഷം രണ്ടാം ഇന്നിങ്സിൽ ഇന്ത്യ തകർച്ചയിൽ നിന്ന സാഹചര്യത്തിൽ കൃത്യമായി കൂട്ടുകെട്ട് സൃഷ്ടിച്ച് ഇന്ത്യയെ മത്സരത്തിൽ വിജയം സ്വന്തമാക്കാനും ജുറൽ സഹായിച്ചു. മത്സരത്തിലെ താരമായി ജൂറൽ മാറുകയും ചെയ്തു. മാത്രമല്ല ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കാനും പ്രധാന കാരണമായത് ജുറലിന്റെ ഈ പ്രകടനം ആയിരുന്നു.