ജസ്പ്രീത് ബുമ്രയല്ല, ഇന്ത്യയുടെ ഒന്നാം നമ്പർ ബോളർ മറ്റൊരാൾ. മുഹമ്മദ്‌ ഷാമി

Bumrah and Shami

11 വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഇന്ത്യയ്ക്ക് 2024 ട്വന്റി20 ലോകകപ്പിൽ കിരീടം സ്വന്തമാക്കാൻ സാധിച്ചത്. ഇതാദ്യമായാണ് ഇന്ത്യ ഒരു ട്വന്റി20 ലോകകപ്പിൽ പരാജയങ്ങൾ അറിയാതെ കിരീടം നേടുന്നത്. ടൂർണമെന്റിലൂടനീളം ഇന്ത്യയുടെ താരമായി മാറിയത് പേസ് ബോളർ ജസ്പ്രീത് ബുമ്ര ആയിരുന്നു.

ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്തതും ബൂമ്രയെ തന്നെയായിരുന്നു. ശേഷം ബുമ്രയാണ് ഇന്ത്യൻ ക്രിക്കറ്റ് കണ്ടതിൽ ഏറ്റവും മികച്ച നിശ്ചിത ഓവർ ബോളർ എന്ന് പല മുൻ താരങ്ങളും അവകാശപ്പെടുകയുണ്ടായി. വിരാട് കോഹ്ലി പോലും ബുമ്രയെ ഒരു ദേശീയ നിധി എന്ന് വിളിച്ചിരുന്നു. എന്നാൽ ബൂമ്രയല്ല ഇന്ത്യയുടെ ഒന്നാം നമ്പർ ബോളർ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുഹമ്മദ് ഷാമി ഇപ്പോൾ.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷാമി ഇക്കാര്യം പറഞ്ഞത്. ആരാണ് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബോളർ എന്ന ചോദ്യത്തിന് തന്റെ പേര് തന്നെയാണ് മുഹമ്മദ് ഷാമി പറഞ്ഞത്. ബുമ്രയെ ഒഴിവാക്കി, താനാണ് ഒന്നാം നമ്പർ ബോളർ എന്ന് ഷാമി പറഞ്ഞിരിക്കുകയാണ്.

“ഇപ്പോഴത്തെ കാര്യമാണോ ചോദിക്കുന്നത്. അങ്ങനെയെങ്കിൽ ഞാനാണ് ഒന്നാം നമ്പർ ബോളർ എന്ന് എനിക്ക് തോന്നുന്നു.”- ഷാമി പറഞ്ഞു. ഒപ്പം ഇന്ത്യയുടെ ഇപ്പോഴത്തെ ബോളിംഗ് യൂണിറ്റിനെ ഒരുപാട് പ്രശംസിച്ചാണ് മുഹമ്മദ് ഷാമി സംസാരിച്ചത്. ഇഷാന്ത് ശർമ, ജസ്പ്രീത് ബുമ്ര, ഉമേഷ്‌ യാദവ് തുടങ്ങിയവർ കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി ബോളിങിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചവരാണ് എന്ന് ഷാമി പറയുന്നു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസ് ബോളിംഗ് നിരയാണ് തങ്ങൾക്കുള്ളത് എന്നും ഷാമി കൂട്ടിച്ചേർത്തു.

Read Also -  അവസാന ഓവറിൽ സൽമാൻ നിസാറിന്റെ ഉഗ്രൻ സേവ്. തൃശൂരിനെ ത്രില്ലറിൽ പൂട്ടി കാലിക്കറ്റ്.

“ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ബൂമ്ര എന്നിവർ അടങ്ങുന്ന ഒരു മികച്ച ബോളിംഗ് ഗ്രൂപ്പ് നമുക്കുണ്ട്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബോളിങ് യൂണിറ്റ് നമ്മുടേതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നിരുന്നാലും നമ്പർ 1, നമ്പർ 2 എന്നൊക്കെ പറയുന്നതിൽ എനിക്ക് വിശ്വാസമില്ല. നമ്മുടെ പേസ് ബോളിംഗ് യൂണിറ്റിലുള്ള ഈ 5- 6 ആളുകളും വളരെ മികച്ചവരാണ് എന്നാണ് എന്റെ അഭിപ്രായം.”- മുഹമ്മദ് ഷാമി പറയുകയുണ്ടായി. 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലായിരുന്നു മുഹമ്മദ് ഷാമി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. ശേഷം പരിക്കുമൂലം ഷാമിക്ക് പുറത്തിരിക്കേണ്ടിവന്നു.

2023 ഏകദിന ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരമായിരുന്നു മുഹമ്മദ് ഷാമി. പരിക്കിന്റെ പിടിയിലായിട്ടും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാൻ ഷാമിയ്ക്ക് സാധിച്ചു. പരിക്കേറ്റിട്ടും എല്ലാ മത്സരങ്ങൾക്ക് മുൻപും കൃത്യമായി ഇഞ്ചക്ഷനുകൾ എടുത്തായിരുന്നു മുഹമ്മദ് ഷാമി മൈതാനത്ത് ഇറങ്ങിയത്. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഷാമി തിരികെ ഇന്ത്യൻ ടീമിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നിലവിൽ മുഹമ്മദ് ഷാമി തന്റെ പരിശീലനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Scroll to Top