2024 ഇന്ത്യൻ പ്രീമിയർ ലീഗ് നാളെ ആരംഭിക്കുകയാണ്. കഴിഞ്ഞ സീസണിന് വിപരീതമായി വളരെ മികച്ച പ്രകടനം പുറത്തെടുക്കാനാണ് മലയാളി താരം സജു സാംസൺ നായകനായുള്ള രാജസ്ഥാൻ റോയൽസ് ഇത്തവണ എത്തുന്നത്. ഒരുപാട് യുവതാരങ്ങളുടെ ഒരു നിരയാണ് രാജസ്ഥാൻ. ഇതിൽ പ്രധാന യുവതാരമാണ് ഓപ്പണർ ജയസ്വാൾ.
ഇന്ത്യക്കായി കഴിഞ്ഞ സമയങ്ങളിൽ ടെസ്റ്റ് പരമ്പരയിൽ വളരെ മികച്ച പ്രകടനങ്ങളാണ് ജയസ്വാൾ പുറത്തെടുത്തിരിക്കുന്നത്. എന്നാൽ രാജസ്ഥാൻ ക്യാമ്പിന്റെ പരിശീലന സെഷനിടെ ജയസ്വാൾ എത്രമാത്രം അപകടകാരിയാണ് എന്ന് ചൂണ്ടിക്കാട്ടിരിക്കുകയാണ് രാജസ്ഥാൻ നായകൻ സഞ്ജു ഇപ്പോൾ.
പരിശീലന സമയങ്ങളിൽ എപ്പോഴും തങ്ങളുടെ നെറ്റ് ബോളർമാർക്ക് അപകടം സൃഷ്ടിക്കുന്ന ബാറ്ററാണ് ജയസ്വാൾ എന്ന് സഞ്ജു പറയുന്നു. നെറ്റ്സിൽ കൂടുതൽ സമയം ചിലവഴിക്കാൻ ജയസ്വാൾ ശ്രമിക്കുന്നുണ്ടെന്നും അവന്റെ ഷോട്ടുകൾ പലർക്കും അപകടമായി മാറാറുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു. രാജസ്ഥാൻ ക്യാമ്പിൽ നടന്ന ചില രസകരമായ സംഭവങ്ങൾ വിവരിച്ചു കൊണ്ടാണ് സഞ്ജു ജയസ്വാളിനെ പറ്റി പറഞ്ഞത്. ജയസ്വാൾ വളരെ മികച്ച രീതിയിൽ ആക്രമണം അഴിച്ചുവിടുന്നതിനാൽ തന്നെ രാജസ്ഥാന്റെ നെറ്റ് ബോളർമാർ വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ട് എന്ന് സഞ്ജു പറഞ്ഞു.
“ഞങ്ങളുടെ പരിശീലന ക്യാമ്പിൽ നാല് സർദാർജിമാർ ഉണ്ടായിരുന്നു. അവരെ കട്ട്, പുൾ, ഫ്ലിക്, ഡ്രൈവ് എന്നിങ്ങനെയാണ് വിളിച്ചിരുന്നത്. കട്ട് എന്ന് വിളിക്കുന്ന ആൾ പന്ത് കൃത്യമായി കട്ട് ചെയ്യാൻ പാകത്തിനാണ് എറിയാറുള്ളത്. പുൾ എന്ന് വിളിക്കുന്ന വ്യക്തി പുൾ ചെയ്യാൻ പാകത്തിന് പന്തറിയുന്നു. മറ്റുള്ള ആളുകളും ഇത്തരത്തിൽ തന്നെയാണ് പന്തറിയാറുള്ളത്. എന്നാൽ കഴിഞ്ഞ സീസണിൽ ഈ 4 പേർക്കും ഷോള്‍ഡര്‍ ഡിസ്ലോക്കേഷന്‍ സംഭവിച്ചു.”
”ഇതിന് പ്രധാന കാരണം ജയസ്വാളിന്റെ അവിശ്വസനീയ ബാറ്റിംഗ് ആയിരുന്നു. അവർക്ക് ചികിത്സ നൽകിയത് രാജസ്ഥാൻ റോയൽസ് തന്നെയാണ്. അവർ ആശുപത്രിയിലാവുകയും പിന്നീട് തിരിച്ചു വരുകയുമാണ് ചെയ്തത്. എന്റെ അഭിപ്രായത്തിൽ ജയസ്വാൾ മൂലം കളിക്കാരിൽ ഉപരിയായി, സ്റ്റാഫുകളാണ് കൂടുതൽ പരിക്കേൽക്കുന്നത്.”- സഞ്ജു പറയുന്നു.
ജയസ്വാൾ മാത്രമല്ല ഒരുപാട് യുവതാരങ്ങൾ അണിനിരക്കുന്ന നിരയാണ് ഇത്തവണ രാജസ്ഥാൻ. ഇതിൽ മറ്റൊരു പ്രധാന താരം ജൂറലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ ജുറലിന് സാധിച്ചു.
ഈ താരങ്ങളുടെ കഴിവ് പുറത്തെടുക്കുക എന്നത് ടീമിന്റെ വിജയത്തോടൊപ്പം തന്നെ പ്രാധാന്യം ഏറിയതാണ് എന്ന് സഞ്ജു സാംസൺ പറയുകയുണ്ടായി. തന്നെ സംബന്ധിച്ച് രാജസ്ഥാനായുള്ള ഓരോ സീസണും വളരെ വിലപ്പെട്ടതാണ് എന്ന് സഞ്ജു കൂട്ടിച്ചേർത്തു. ഇത്തവണ കിരീടം ഉയർത്താൻ തങ്ങൾക്ക് സാധിക്കും എന്ന പ്രതീക്ഷയാണ് സഞ്ജു പുലർത്തിയിരിക്കുന്നത്.