ജയസ്വാളും പന്തും ലോകകപ്പ് ഇലവനിൽ വേണ്ട, സഞ്ജു കളിക്കണം. അഭിനവ് മുകുന്ദിന്റെ പ്ലെയിങ് ഇലവൻ.

2024 ട്വന്റി20 ലോകകപ്പിലെ മത്സരങ്ങൾ ജൂൺ 2 മുതൽ ആരംഭിക്കുകയാണ്. അതിന് മുന്നോടിയായുള്ള പരിശീലനം മത്സരങ്ങളിലാണ് ടീമുകൾ. ഇന്ത്യയുടെ പരിശീലന മത്സരം ഇത്തവണ ബംഗ്ലാദേശിനെതിരെയാണ് നടക്കുന്നത്. ജൂൺ ഒന്നിനാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരിശീലന മത്സരം നടക്കുക.

ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ട്വന്റി20 ലോകകപ്പ് തന്നെയാണ് മുൻപിൽ എത്തിയിരിക്കുന്നത്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ പരാജയമറിഞ്ഞ ഇന്ത്യയ്ക്ക് കിരീടം സ്വന്തമാക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അഭിനവ് മുകുന്ദ്. ജയസ്വാൾ, ഋഷഭ് പന്ത് തുടങ്ങിയവരെ ഒഴിവാക്കിയാണ് മുകുന്ദ് തന്റെ പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനൊപ്പം കളിച്ച ജയസ്വാൾ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജയസ്വാളിനെ മുകുന്ദ് തന്റെ ടീമിൽ നിന്ന് ഒഴിവാക്കിയത്. പകരം വിരാട് കോഹ്ലിയും രോഹിത് ശർമയുമാണ് ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങേണ്ടത് എന്ന് മുകുന്ദ് പറയുന്നു. ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ ആയിരുന്നു കോഹ്ലി കാഴ്ചവെച്ചത്.

15 മത്സരങ്ങളിൽ നിന്ന് 741 റൺസ് ഈ സീസണിൽ വാരിക്കൂട്ടാൻ കോഹ്ലിക്ക് സാധിച്ചിരുന്നു. കോഹ്ലിയ്ക്കും രോഹിത്തിനും ശേഷം മൂന്നാം നമ്പറിൽ ഇന്ത്യയ്ക്കായി ബാറ്റിംഗ് എത്തേണ്ടത് മലയാളി താരം സഞ്ജു സാംസനാണ് എന്ന് മുകുന്ദ് പറയുന്നു ഇന്ത്യ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ തിരഞ്ഞെടുക്കുമെന്നാണ് മുകുന്ദ് കരുതുന്നത്.

ഈ ഐപിഎൽ സീസണിൽ 500 റൺസിലധികം സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. മാത്രമല്ല ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതും സഞ്ജു സാംസൺ തന്നെയായിരുന്നു. ഐപിഎൽ കരിയറിൽ ആദ്യമായാണ് സഞ്ജു ഒരു സീസണിൽ 500 റൺസിന് മുകളിൽ സ്വന്തമാക്കുന്നത്.

ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ മുകുന്ദ് തന്റെ ഇലവനിൽ ഉൾപ്പെടുത്തിയത്. സഞ്ജുവിന് ശേഷം നാലാം നമ്പറിൽ വെടിക്കെട്ട് താരം സൂര്യകുമാർ യാദവ് ക്രീസിൽ എത്തണമെന്നാണ് മുകുന്ദ് പറയുന്നത്. ശേഷം അഞ്ചാമനായി ഓൾറൗണ്ടർ ശിവം ദുബെയെ മുകുന്ദ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയ്ക്കായി ആറാമനായി ക്രീസിൽ എത്തേണ്ടത് വൈസ് ക്യാപ്റ്റനായ ഹർദിക് പാണ്ട്യയാണ് എന്ന് മുകുന്ദ് പറയുന്നു. ഹർദിക്കിനെ കൂടാതെ രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും ഓൾറൗണ്ടർമാരായി ഇന്ത്യൻ ടീമിൽ അണിനിരക്കണം എന്നാണ് മുകുന്ദിന്റെ അഭിപ്രായം.

ചഹലിന് പകരം തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ ഇന്ത്യ കുൽദീപിനെ ഉൾപ്പെടുത്തണമെന്നും മുകുന്ദ് ചൂണ്ടിക്കാട്ടുന്നു. രണ്ട് സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബോളർമാരെയാണ് തന്റെ ഇലവനീലേക്ക് മുകുന്ദ് തെരഞ്ഞെടുത്തിരിക്കുന്നത്. ബൂമ്രയും അർഷദീപ് സിങും ഇന്ത്യയുടെ പേസ് നിരയിൽ ഉണ്ടാവണമെന്നാണ് മുകുന്ദ് പറയുന്നത്. ഇത്തരത്തിൽ മികച്ച ഒരു പ്ലെയിങ് ഇലവനെയാണ് മുകുന്ദ് തിരഞ്ഞെടുത്തിരിക്കുന്നത്.

Previous article7 കോടി മുടക്കി, 70 റൺസ് പോലും നേടിയില്ല. മാക്സ്വെൽ അടക്കം ഫ്ലോപ്പായ 3 താരങ്ങൾ.
Next articleഗംഭീറല്ല, ധോണി ഇന്ത്യയുടെ പരിശീലകനാവണം. വിരാട് കോഹ്ലിയുടെ മുൻ കോച്ച് പറയുന്നു.