ജയസ്വാളിനെ ലോകകപ്പ് ടീമിൽ വേണ്ടിയിരുന്നില്ല. പകരം അവനായിരുന്നു നല്ലത്. മോർഗൺ പറയുന്നു.

jaiswal and gill

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. രോഹിത് ശർമയെയും ജയസ്വാളിനെയുമാണ് ഇന്ത്യ ലോകകപ്പിൽ തങ്ങളുടെ ഓപ്പണർമാരായി ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അത്ര മികച്ച ഫോമിലായിരുന്നില്ല ജയസ്വാൾ 2024 ഐപിഎല്ലിൽ കളിച്ചത്. ഒരു സെഞ്ച്വറി ഒഴിച്ചു നിർത്തിയാൽ യാതൊരു ആത്മവിശ്വാസവും ഇല്ലാത്ത ജയസ്വാളിനെയാണ് ഈ ഐപിഎല്ലിൽ കാണാൻ സാധിച്ചത്.

ഇന്ത്യയ്ക്ക് ലോകകപ്പിൽ ജയസ്വാളിന് ബായ്ക്കപ്പായി ഉണ്ടായിരുന്ന ഓപ്ഷൻ ശുഭമാൻ ഗില്ലാണ്. പക്ഷേ ഗില്ലിനെ ഒരു റിസർവ് വിഭാഗത്തിലാണ് ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനെ ചോദ്യം ചെയ്താണ് മുൻ ഇംഗ്ലണ്ട് നായകൻ മോർഗൻ രംഗത്ത് വന്നിരിക്കുന്നത്.

ട്വന്റി20 ലോകകപ്പിൽ ജയസ്വാളിനേക്കാൾ മികച്ച ഓപ്ഷൻ ഗില്ലായിരുന്നു എന്ന് ഓയിന്‍ മോർഗൻ പറയുകയുണ്ടായി. താനായിരുന്നുവെങ്കിൽ ജയസ്വാളിന് പകരം ഗില്ലിനെ ഓപ്പണിങ്ങിലേക്ക് തിരഞ്ഞെടുത്തേനെ എന്ന് മോർഗൻ പറയുന്നു. താൻ ഗില്ലിനൊപ്പം കളിച്ചിട്ടുള്ളതിനാൽ തന്നെ അവൻ ഏത് തരത്തിലാണ് ഒരു മത്സരത്തിനു മുൻപ് തയ്യാറാവുന്നതെന്നും, ഏതുതരത്തിലാണ് ചിന്തിക്കുന്നത് എന്നും പൂർണ്ണ ബോധ്യം തനിക്കുണ്ട് എന്ന് മോർഗൻ പറഞ്ഞു. ഗിൽ ഇന്ത്യയുടെ ഭാവി നായകനാണെന്നും അങ്ങനെയുള്ള താരങ്ങളെ വലിയ മത്സരങ്ങളിൽ അണിനിരത്താൻ ശ്രമിക്കണമെന്നുമാണ് കൂട്ടിച്ചേർക്കുന്നത്. സ്കൈ സ്പോർട്സിന് നൽകിയ ഒരു അഭിമുഖത്തിലാണ് മോർഗൻ ഇക്കാര്യം പറഞ്ഞത്.

Read Also -  KCL 2024 : തുടർച്ചയായ മൂന്നാം വിജയം. ആലപ്പിയെ തകർത്ത് കൊല്ലം ഒന്നാമത്.

“ഞാനായിരുന്നുവെങ്കിൽ ജയസ്വാളിന് പകരം ശുഭമാൻ ഗില്ലിനെ ടീമിലേക്ക് തിരഞ്ഞെടുത്തേനെ. ഗില്ലിനൊപ്പം കളിച്ച പരിചയം എനിക്കുണ്ട്. എങ്ങനെയാണ് അവൻ ഒരു മത്സരത്തിനു വേണ്ടി തയ്യാറാവുന്നതെന്നും, അവന്റെ ചിന്തകൾ എന്തൊക്കെയാണെന്നും എനിക്കറിയാം. ഇന്ത്യയെ സംബന്ധിച്ച് അവൻ ഭാവി നായകനാണ്. അത്തരം നായകന്മാരെയാണ് നമുക്ക് ഒരു യൂണിറ്റിനൊപ്പം ആവശ്യം. കാരണം വലിയ മത്സരങ്ങളിൽ സമ്മർദ്ദ സാഹചര്യങ്ങൾ എത്തുമ്പോൾ അങ്ങനെയുള്ളവർ മികവു പുലർത്തണം. ഇന്ത്യ ഗിലിനെ ബെഞ്ചിൽ ഇരുത്തിയാലും അവന്റെ പേര് മറ്റുള്ളവർക്ക് പ്രചോദനം തന്നെയായിരിക്കും.”

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായിരുന്നു ഗിൽ. നായകൻ എന്ന നിലയിൽ ടീമിനെ മികച്ച നിലയിൽ എത്തിക്കുന്നതിൽ ഗിൽ പരാജയപ്പെടുകയുണ്ടായി. പക്ഷേ ടീമിന് തന്റേതായ രീതിയിൽ സംഭാവനകൾ നൽകാൻ താരത്തിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ ഗില്ലിനെ ട്വന്റി20 ലോകകപ്പിലേക്ക് ഉൾപ്പെടുത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മറിച്ചാണ് സംഭവിച്ചത്. ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം ലഭിക്കാതിരുന്നതിനുള്ള തന്റെ നിരാശ ഇതിനോടകം തന്നെ ഗിൽ പങ്കുവെക്കുകയും ഉണ്ടായി

Scroll to Top