ചെന്നൈയ്ക്കെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിന്റെ പൂർണ്ണ മേഖലകളിലും കൃത്യമായി ആധിപത്യം സ്ഥാപിച്ചായിരുന്നു ഹൈദരാബാദിന്റെ വിജയം. മത്സരത്തിനിടെ ചില നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. മത്സരത്തിൽ ജഡേജ ചെന്നൈയ്ക്കായി ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്.
വലിയ രീതിയിൽ സ്കോറിംഗ് ഉയർത്താൻ സാധിച്ചില്ലെങ്കിലും ജഡേജ 23 പന്തുകളിൽ 31 റൺസുമായി പുറത്താവാതെ നിന്നു. എന്നാൽ ഇതിനിടെ ജഡേജ ഹൈദരാബാദിന്റെ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന്റെ പേരിൽ അപ്പീൽ ഉയരുകയും, എന്നാൽ ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് ഈ അപ്പീൽ പിൻവലിക്കുകയും ചെയ്തു. ഇതേ സംബന്ധിച്ചാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ഇപ്പോൾ തന്റെ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.
മത്സരത്തിൽ ഭുവനേശ്വർ കുമാർ എറിഞ്ഞ പന്തിൽ ജഡേജ ആക്രമിച്ചു കളിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പന്ത് തിരികെ ഭുവനേശ്വറിന്റെ കൈകളിൽ എത്തുകയും, അത് ജഡേജയുടെ സ്റ്റമ്പിലേക്ക് ത്രോ എറിയുകയും ചെയ്തു. ഈ സമയത്ത് കൃത്യമായി പന്ത് ജഡേജയുടെ പിൻവശത്ത് കൊള്ളുകയായിരുന്നു.
അല്ലാത്തപക്ഷം പന്ത് നേരെ സ്റ്റമ്പിൽ കൊണ്ട് ജഡേജ പുറത്തായേനെ. എന്നാൽ ഫീൽഡിങ് തടസ്സപ്പെടുത്തി എന്നതിന്റെ പേരിൽ തേർഡ് അംപയറിന് തീരുമാനം വിടാൻ ഫീൽഡ് അമ്പയർമാർ തയ്യാറായി. എന്നാൽ ഈ സമയത്ത് ഹൈദരാബാദിന്റെ നായകൻ കമ്മിൻസ് കൃത്യമായി ഇടപെടുകയും ഈ രീതിയിൽ തങ്ങൾക്ക് അപ്പീലില്ല എന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്രഥമ ദൃഷ്ടിയാൽ നോക്കുമ്പോൾ കമ്മിൻസ് ചെയ്തത് സ്പോർട്സ്മാൻ സ്പിരിറ്റിനോട് ചേർന്ന് നിൽക്കുന്ന കാര്യം തന്നെയാണ്. എന്നാൽ ഇതിന് പിന്നിൽ മറ്റൊരു ഉദ്ദേശമുണ്ടോ എന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ ചോദിച്ചത്.
“ജഡേജയ്ക്കെതിരെ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന്റെ പേരിലുള്ള അപ്പീൽ കമ്മിൻസ് പിൻവലിക്കുകയുണ്ടായി. രണ്ട് ചോദ്യങ്ങളാണ് എനിക്ക് കമ്മിൻസിനോട് ചോദിക്കാനുള്ളത്. ക്രീസിൽ തന്റെ ഫ്ലോ കണ്ടെത്താൻ ബുദ്ധിമുട്ടിയ ജഡേജ, അവിടെത്തന്നെ തുടരാൻ കമ്മിൻസ് ഒരുക്കിയ തന്ത്രമാണോ ഈ അപ്പീൽ പിൻവലിക്കൽ. അതുമൂലം ജഡേജ ക്രീസിൽ തുടരുമെന്നും, ധോണി മൈതാനത്ത് എത്തില്ല എന്നുമുള്ള ഉദ്ദേശമുണ്ടോ? ട്വന്റി20 ലോകകപ്പിൽ വിരാട് കോഹ്ലിയാണ് ജഡേജയുടെ സ്ഥാനത്ത് എങ്കിൽ നിങ്ങൾ അപ്പീൽ പിൻവലിക്കുമോ?”- കൈഫ് പറയുന്നു.
മത്സരത്തിൽ 6 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഇതുവരെ 2 വിജയങ്ങളും 2 പരാജയങ്ങളുമാണ് ഹൈദരാബാദിന് ഈ ഐപിഎല്ലിൽ ഉണ്ടായിട്ടുള്ളത്. അതിനാൽ തന്നെ പോയിന്റ്സ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്താൻ ഹൈദരാബാദിന് സാധിച്ചിട്ടുണ്ട് നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. ചെന്നൈയ്ക്കും 4 മത്സരങ്ങളിൽ 2 വിജയവും 2 പരാജയങ്ങളുമാണുള്ളത്. എന്നാൽ മികച്ച നെറ്റ് റൺറേറ്റ് നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സിനുണ്ട്.