ചെന്നൈയ്ക്കെതിരെ ത്രില്ലിംഗ് വിജയം നേടി രാജസ്ഥാൻ., 6 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം.

2025 ഐപിഎല്ലിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 6 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ രാജസ്ഥാനായി നിതീഷ് റാണയാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ 4 വിക്കറ്റുകൾ സ്വന്തമാക്കിയ ഹസരംഗ മികവുപുലർത്തി. മറുവശത്ത് ചെന്നയെ സംബന്ധിച്ച് തുടർച്ചയായ രണ്ടാം പരാജയമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയസ്വാളിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രാജസ്ഥാനെ കൈപിടിച്ചു കയറ്റാൻ നിതീഷ് റാണയ്ക്ക് സാധിച്ചു. പവർപ്ലേ ഓവറുകളിൽ പൂർണ്ണമായും ചെന്നൈ ടീമിനെതിരെ ആക്രമണം അഴിച്ചുവിടാൻ റാണയ്ക്ക് കഴിഞ്ഞു. മത്സരത്തിൽ 36 പന്തുകൾ നേരിട്ട റാണ 10 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 81 റൺസായിരുന്നു സ്വന്തമാക്കിയത്. മധ്യ ഓവറുകളിൽ റാണയ്ക്ക് പിന്തുണയുമായി റിയാൻ പരഗുമെത്തിയപ്പോൾ രാജസ്ഥാന്റെ സ്കോർ കുതിക്കുകയായിരുന്നു.

എന്നാൽ അവസാന ഓവറുകളിൽ വേണ്ട രീതിയിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ രാജസ്ഥാന് സാധിച്ചില്ല. ഇതോടെ രാജസ്ഥാന്റെ ഇന്നിംഗ്സ് 182 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈയ്ക്ക് ആദ്യം തന്നെ സൂപ്പർ താരം രചിൻ രവീന്ദ്രയുടെ വിക്കറ്റ് നഷ്ടമായി. മത്സരത്തിൽ പൂജ്യനായാണ് രവീന്ദ്ര മടങ്ങിയത്. ശേഷം ത്രിപാതിയും നായകൻ ഋതുരാജും ചേർന്ന് ചെന്നൈയെ കൈപിടിച്ചു കയറ്റുകയായിരുന്നു. എന്നാൽ വേണ്ട രീതിയിൽ സ്കോറിംഗ് റേറ്റ് ഉയർത്താൻ ഇരുവർക്കും ആദ്യ ഓവറുകളിൽ സാധിച്ചിരുന്നില്ല. ത്രിപാതി 23 റൺസ് നേടിയാണ് കൂടാരം കയറിയത്.

പിന്നീട് എത്തിയ ശിവം ദുബെ സ്പിന്നിനെതിരെ ആക്രമണം അഴിച്ചുവിട്ട് തുടങ്ങി. 10 പന്തുകളിൽ 18 റൺസ് ആണ് ദുബെ നേടിയത്. പക്ഷേ ഹസരംഗയുടെ പന്തിൽ ഒരു കിടിലൻ ക്യാച്ചിലൂടെ പരഗ് ദുബയെ പുറത്താക്കി. ഇതോടെ മത്സരം രാജസ്ഥാന്റെ കൈകളിലേക്ക് എത്തുകയായിരുന്നു. പക്ഷേ ശേഷം രാജസ്ഥാന് ഭീഷണി സൃഷ്ടിക്കാൻ ചെന്നൈ നായകൻ ഋതുരാജിന് സാധിച്ചു. കൃത്യമായ സമയങ്ങളിൽ ബൗണ്ടറി കണ്ടെത്തി ഋതുരാജ് ചെന്നൈയെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. പക്ഷേ 44 പന്തുകളിൽ 63 റൺസ് നേടിയ ഋതുരാജിനെ പുറത്താക്കി ഹസരംഗ രാജസ്ഥാന് വീണ്ടും പ്രതീക്ഷകൾ നൽകി.

അവസാന 3 ഓവറുകളിൽ 45 റൺസ് ആയിരുന്നു ചെന്നൈ സൂപ്പർ കിങ്സിന് ആവശ്യം. ധോണിയും ജഡേജയും ആയിരുന്നു ക്രീസിലുണ്ടായിരുന്നത്. പതിനെട്ടാം ഓവർ മികച്ച രീതിയിൽ എറിയാൻ തീക്ഷണക്ക് സാധിച്ചു. ഇതോടെ ചെന്നൈയുടെ അവസാന രണ്ട് ഓവറുകളിലെ വിജയലക്ഷ്യം 39 റൺസായി മാറി. എന്നാൽ 19ആം ഓവറിൽ ധോണിയും ജഡേജയും വെടിക്കെട്ട് തീർത്തതോടെ ചെന്നൈ പ്രതീക്ഷകൾ നിലനിർത്തി. അവസാന ഓവറിൽ 20 റൺസായിരുന്നു ചെന്നൈയ്ക്ക് ആവശ്യം. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ധോണിയെ പുറത്താക്കാൻ സന്ദീപ് ശർമയ്ക്ക് സാധിച്ചു. ശേഷം നാലാം പന്തിൽ ഓവർടേൺ ഒരു സിക്സർ നേടി. എന്നാൽ പിന്നീട് ചെന്നൈ പരാജയത്തിലേക്ക് വീഴുകയായിരുന്നു

Previous articleതുടക്കം മുതലാക്കാതെ സഞ്ജു. റാണയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് തീർത്ത് മടങ്ങി.