2024 ഇന്ത്യൻ പ്രീമിയർ ലീഗ് ഈ മാസം 22ന് ആരംഭിക്കുകയാണ്. 21 മത്സരങ്ങൾ അടങ്ങുന്ന ആദ്യ പകുതിയുടെ ഷെഡ്യൂൾ ആണ് ഇപ്പോൾ ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഏറ്റുമുട്ടും.
ആരാധകർ അടക്കം വലിയ പ്രതീക്ഷയോടെയാണ് ഈ മത്സരത്തിനായി കാത്തിരിക്കുന്നത്. ഈ സമയത്ത് ഒരു വലിയ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏത് ടീം കിരീടം ഉയർത്തും എന്നാണ് ഉത്തപ്പ പറയുന്നത്.
മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ടീമുകൾക്കായി കളിച്ച താരമാണ് ഉത്തപ്പാ. 2021- 22 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ഉത്തപ്പ. നിലവിൽ തന്റെ പഴയ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 2024 ഐപിഎല്ലിൽ ചാമ്പ്യന്മാരായി മാറും എന്നാണ് ഉത്തപ്പ പറയുന്നത്.
തന്റെ പഴയ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടുള്ള തന്റെ താൽപര്യം വ്യക്തമാക്കിയാണ് ഉത്തപ്പ സംസാരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി കൊൽക്കത്തയ്ക്ക് അർഹതപ്പെട്ട രീതിയിൽ കിരീടം ഉയർത്താൻ സാധിച്ചിട്ടില്ല എന്നാണ് ഉത്തപ്പ കരുതുന്നത്.
“ഞാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. എന്നിരുന്നാലും കൊൽക്കത്ത ടീമിനോടുള്ള എന്റെ സ്നേഹം ഇപ്പോഴും തുടരുകയാണ്. അതിനാൽ തന്നെ അവർ ഐപിഎല്ലിൽ കിരീടം ഉയർത്തണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”- ഉത്തപ്പ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് 2014 സീസണിലാണ് അവസാനമായി കൊൽക്കത്ത ടീം കിരീടം ഉയർത്തിയത്. അന്ന് കൊൽക്കത്ത ടീമിലെ അംഗമായിരുന്നു ഉത്തപ്പ. 2021ൽ ഓയിൻ മോർഗന്റെ നായകത്വത്തിൽ കൊൽക്കത്തയ്ക്ക് ലീഗിന്റെ ഫൈനലിൽ എത്താൻ സാധിച്ചിരുന്നു. പക്ഷേ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് കൊൽക്കത്ത ഫൈനൽ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി.
എന്നാൽ ഇത്തവണയും വളരെ മികച്ച ടീമുമായാണ് കൊൽക്കത്ത പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. ഗുർബാസ്, ശ്രേയസ് അയ്യർ, റിങ്കു സിംഗ്, സുനിൽ നരെയൻ, മിച്ചൽ സ്റ്റാർക്ക് തുടങ്ങി വമ്പൻ താരങ്ങളുടെ നിര തന്നെയാണ് ഇത്തവണയും കൊൽക്കത്തക്കുള്ളത്. അതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് കൊൽക്കത്ത ആരാധകർ ഇത്തവണയും വച്ചിരിക്കുന്നത്. എന്നിരുന്നാലും താരങ്ങളുടെ അസ്ഥിരതയാർന്ന പ്രകടനം ടീ മാനേജ്മെന്റിനെ എല്ലായിപ്പോഴും വലയ്ക്കുന്ന ഒരു കാര്യമാണ്.