2025 ചാമ്പ്യൻസ് ട്രോഫി വലിയ രീതിയിലുള്ള അനിശ്ചിതത്വത്തിലേക്ക് പോവുകയാണ്. പാക്കിസ്ഥാനിലാണ് ചാമ്പ്യൻസ് ട്രോഫി നിശ്ചയിച്ചിരിക്കുന്നത്. 1996ന് ശേഷം ഇത് ആദ്യമായാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇത്തരത്തിൽ ഒരു ഐസിസി ഇവന്റ് തങ്ങളുടെ നാട്ടിൽ നടത്തുന്നത്. 2025 ഫെബ്രുവരിയിലും മാർച്ചിലുമായി നടക്കുന്ന ടൂർണമെന്റിൽ 8 ടീമുകളാണ് പങ്കെടുക്കുന്നത്.
ഇതിൽ ഇന്ത്യ ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളും പാക്കിസ്ഥാനിൽ കളിക്കാനുള്ള തങ്ങളുടെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റു രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം ഇന്ത്യ പാക്കിസ്ഥാനിൽ ചാമ്പ്യൻസ് ട്രോഫി കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഇന്ത്യൻ ഗവൺമെന്റ് ഇതിനുള്ള അനുമതി നൽകാത്തപക്ഷം ഒരു ഹൈബ്രിഡ് മോഡലിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഇന്ത്യ നിർദ്ദേശിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
അങ്ങനെയെങ്കിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം യുഎഇയിൽ വച്ച് നടത്താനാവും തീരുമാനിക്കുക. പക്ഷേ ഇതേ സംബന്ധിച്ചുള്ള ഔദ്യോഗികപരമായ വിവരങ്ങൾ ഒന്നുംതന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. പക്ഷേ ഇന്ത്യ പാകിസ്ഥാനിൽ ചാമ്പ്യൻസ് ട്രോഫി കളിക്കാത്ത പക്ഷം, ഇന്ത്യയിൽ നടക്കുന്ന 2026 ട്വന്റി20 ലോകകപ്പ് കളിക്കാൻ പാകിസ്ഥാൻ ടീമും ഇന്ത്യയിലെത്തില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. 2026 ട്വന്റി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്താനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ തങ്ങളുടെ നാട്ടിൽ എത്തിയില്ലെങ്കിൽ, ലോകകപ്പിനായി തങ്ങൾ ഇന്ത്യയിലും എത്തില്ല എന്ന തീരുമാനമാണ് ഇപ്പോൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കൈകൊണ്ടിരിക്കുന്നത്.
ജൂലൈ 19 മുതൽ 22 വരെ ഐസിസി ശ്രീലങ്കയിൽ ഇക്കാര്യം സംസാരിക്കുന്നതിനായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ തങ്ങളുടെ ഔദ്യോഗികപരമായ പ്രസ്താവന മീറ്റിംഗിൽ അറിയിക്കുന്നതാണ്. മുൻപ് 2023 ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ നിശ്ചയിച്ചപ്പോഴും ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കാൻ തയ്യാറായിരുന്നില്ല. ശേഷം ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലേക്ക് മാറ്റുകയും ഇന്ത്യ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ കളിക്കുകയുമാണ് ചെയ്തത്. എന്നാൽ 2023 ഏകദിന ലോകകപ്പ് കളിക്കുന്നതിനായി പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ എത്തിയിരുന്നു. വളരെ മോശം പ്രകടനമായിരുന്നു പാക്കിസ്ഥാൻ അന്ന് ഇന്ത്യയിൽ കാഴ്ചവച്ചത്.
2013 ന് ശേഷം ഇതുവരെയും ഇന്ത്യയും പാകിസ്ഥാനും ഒരു ദ്വിരാഷ്ട്ര പരമ്പര കളിച്ചിട്ടില്ല. 2012-13 വർഷത്തിലാണ് അവസാനമായി ഇന്ത്യയും പാക്കിസ്ഥാനും ഒരു ടെസ്റ്റ് പരമ്പര കളിച്ചത്. ശേഷം 2016 ട്വന്റി20 ലോകകപ്പിനായി പാക്കിസ്ഥാൻ ഇന്ത്യയിലെത്തിയിരുന്നു. അതേസമയം ഇന്ത്യ അവസാനമായി പാക്കിസ്ഥാനിൽ കളിച്ചത് 2008 ഏഷ്യകപ്പിൽ ആയിരുന്നു. 2006ന് ശേഷമാണ് പാക്കിസ്ഥാൻ മണ്ണിൽ ഇന്ത്യ ദ്വിരാഷ്ട്ര പരമ്പരകൾ അവസാനിപ്പിച്ചത്. പിന്നീട് ഐസിസി ഇവന്റുകളിലും ഏഷ്യാകപ്പിലും മാത്രമാണ് ഇന്ത്യ- പാകിസ്ഥാൻ പോരാട്ടങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ഇരു രാജ്യങ്ങളും രാഷ്ട്രീയ സാഹചര്യങ്ങൾ അവസാനിപ്പിച്ച് കൂടുതൽ സഹകരണ മനോഭാവം പുലർത്തേണ്ടത് അത്യാവശ്യമാണ്.