2025 ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി ഇന്ത്യ. 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഇപ്പോൾ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയിരിക്കുന്നത്. ഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡിനെ 4 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ഇന്ത്യയ്ക്കായി രോഹിത് ശർമ ബാറ്റിംഗിൽ തിളങ്ങി. എല്ലാ താരങ്ങളുടെയും പൂർണമായ പരിശ്രമമാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 2024 ട്വന്റി20 ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ നായകൻ രോഹിതിനെ സംബന്ധിച്ച് മറ്റൊരു പൊൻതൂവൽ കൂടിയാണ് ചാമ്പ്യൻസ് ട്രോഫി നേട്ടം.
മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് രചിൻ രവീന്ദ്ര ന്യൂസിലാൻഡിന് നൽകിയത്. 29 പന്തുകളിൽ 37 റൺസ് നേടി ഇന്ത്യക്കെതിരെ മികവ് പുലർത്താൻ താരത്തിന് സാധിച്ചു. എന്നാൽ കുൽദീപ് ബോളിംഗ് ക്രീസിൽ എത്തിയതോടെ ഇന്ത്യ മത്സരത്തിൽ തുടർച്ചയായ വിക്കറ്റ്കൾ സ്വന്തമാക്കി. ഇങ്ങനെയാണ് ആദ്യമായി ഇന്ത്യ മത്സരത്തിലേക്ക് കടന്നുവന്നത്. ശേഷം മധ്യ ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിയാൻ ഇന്ത്യയുടെ സ്പിന്നർമാർക്ക് സാധിച്ചു. ന്യൂസിലാൻഡ് ബാറ്റിംഗ് നിരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ഡാരിൽ മിച്ചലാണ്.
63 റൺസാണ് മിച്ചൽ മത്സരത്തിൽ നേടിയത്. എന്നാൽ 101 പന്തുകൾ മിച്ചലിന് നേരിടേണ്ടി വന്നു. അവസാന ഓവറുകളിൽ അടിച്ചു തകർത്ത മൈക്കിൾ ബ്രെസ്വെൽ 40 പന്തുകളില്‍ 53 റൺസ് തേടി ഭേദപ്പെട്ട ഒരു ഫിനിഷ് ന്യൂസിലാൻഡിന് നൽകി. ഇതോടെ ന്യൂസിലാൻഡ് നിശ്ചിത 50 ഓവറുകളിൽ 251 എന്ന സ്കോറിൽ എത്തുകയായിരുന്നു. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തിയും കുൽദീപ് യാദവും 2 വിക്കറ്റുകൾ വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒരു തകർപ്പൻ തുടക്കമാണ് രോഹിത് ശർമയും ഗില്ലും ചേർന്ന് നൽകിയത്. ഗില്‍ രോഹിത്തിന് കൂട്ടാളിയായി മാത്രമാണ് ക്രീസിൽ തുടർന്നത്. എന്നാൽ മറുവശത്ത് രോഹിത് ശർമയുടെ ഒരു തകർപ്പൻ വെടിക്കെട്ടാണ് തുടക്കം മുതൽ കണ്ടത്.
പവർപ്ലേ ഓവറുകളിൽ പൂർണ്ണമായും ന്യൂസിലാൻഡിനെ സമ്മർദതത്തിലാക്കാൻ രോഹിത്തിന് സാധിച്ചു. 31 റൺസ് നേടിയ ഗിൽ പുറത്തായിട്ടും രോഹിത് ആക്രമണം തുടർന്നു. എന്നാൽ തുടർച്ചയായി ഇന്ത്യയ്ക്ക് വിക്കറ്റുകൾ നഷ്ടമായി. ഗില്ലും കോഹ്ലിയും രോഹിതും തുടർച്ചയായി മടങ്ങിയതോടെ ഇന്ത്യ അല്പമൊന്നു പതറി. ശേഷമാണ് ശ്രേയസ് അയ്യർ 62 പന്തുകളിൽ 48 റൺസുമായി മികവ് പുലർത്തിയത്. 29 റൺസ് നേടിയ അക്ഷർ പട്ടേലും ക്രീസിൽ ഉറച്ചതോടെ ഇന്ത്യ പതിയെ വിജയത്തിലേക്ക് നീങ്ങി. ശേഷമെത്തിയ രാഹുലും(34*) ഹർദിക് പാണ്ട്യയും പക്വതയാർന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു