ഗില്ലും പാണ്ട്യയുമല്ല, ഐപിഎല്ലിനിടയിൽ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ ഞാൻ കണ്ടെത്തി. ഉത്തപ്പ തുറന്നുപറയുന്നു.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ പ്രകടനങ്ങളോട് കൂടിയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം സ്വന്തമാക്കിയത്. ടൂർണ്ണമെന്റിന്റെ ആദ്യസമയം മുതൽ കൂട്ടായ പ്രകടനമാണ് കൊൽക്കത്തയെ രക്ഷിച്ചത്. പല മത്സരങ്ങളിലും കൊൽക്കത്തയുടെ പല വമ്പൻ താരങ്ങളും മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി.

ഈ താരങ്ങളെയൊക്കെയും വളരെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കാൻ ശ്രേയസ് അയ്യർ എന്ന ക്യാപ്റ്റനും സാധിച്ചു. ഇന്ത്യയുടെ അടുത്ത നായകനായി മാറാൻ ശ്രേയസ് അയ്യർക്ക് കഴിവുണ്ട് എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. 2024 ഐപിഎല്ലിൽ തന്റെ സഹതാരങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ അയ്യർക്ക് സാധിച്ചുവെന്നും ഇതൊരു വലിയ കഴിവാണെന്നും ഉത്തപ്പ പറയുന്നു.

കൊൽക്കത്തയ്ക്ക് ഐപിഎൽ കിരീടം നേടിക്കൊടുത്തതിൽ വലിയൊരു പങ്ക് ശ്രേയസ് അയ്യര്‍ അർഹിക്കുന്നുണ്ട് എന്ന് ഉത്തപ്പ പറയുന്നു. ഈ സീസണിൽ ഒരുപാട് പഠനങ്ങൾ നടത്താൻ അയ്യർക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ഉത്തപ്പ കരുതുന്നത്. ഗൗതം ഗംഭീർ, ചന്ദ്രകാന്ത് പണ്ഡിറ്റ്, അഭിഷേക് നായർ എന്നിങ്ങനെയുള്ള ശക്തരായ വ്യക്തിത്വങ്ങൾക്കൊപ്പം സമയം കണ്ടെത്താൻ സാധിച്ചത് അയ്യർക്ക് വലിയ മുതൽക്കൂട്ടാവും എന്ന് ഉത്തപ്പ കരുതുന്നു. അതിനാൽ ഇന്ത്യയുടെ ഭാവി നായകനായി അയ്യരെ താൻ കാണുന്നുണ്ട് എന്നും ഉത്തപ്പ കൂട്ടിച്ചേർക്കുകയുണ്ടായി. ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉത്തപ്പ ഇക്കാര്യം പറഞ്ഞത്.

“ഞാൻ ശ്രേയസ് അയ്യരിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. ഇന്ത്യയുടെ ഭാവി നായകനാണ് അയ്യർ എന്ന് എനിക്ക് പറയാൻ സാധിക്കും. ഒരുപക്ഷേ ഗില്ലിനേക്കാൾ മുമ്പ് അവൻ ഇന്ത്യൻ നായകനായി മാറിയേക്കും. കാരണം അവനാണ് അടുത്ത ലൈനിൽ ഉള്ളത്. ഒരു ടീമിനെ കൃത്യമായി കൈകാര്യം ചെയ്യാനുള്ള സ്വാഭാവികത അയ്യർക്കുണ്ട് എന്ന് ഞാൻ കരുതുന്നു. ഈ സീസൺ അവനെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട് എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഗൗതം ഗംഭീർ, ചന്ദ്രകാന്ത് പണ്ഡിറ്റ്, അഭിഷേക് നായർ എന്നിങ്ങനെയുള്ള 3 ശക്തരായ വ്യക്തിത്വങ്ങൾക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് അവന് ഒരുപാട് കാര്യങ്ങളിൽ ഗുണം ചെയ്യും.”- ഉത്തപ്പ പറയുന്നു.

ഗൗതം ഗംഭീർ അടക്കമുള്ള കോച്ചിംഗ് സ്റ്റാഫുകളെ ഒരുമിച്ചു കൊണ്ടുവരിക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് ഉത്തപ്പ കരുതുന്നു. ഒരു ഐപിഎല്ലിൽ പൂർണമായും തങ്ങളുടെ മുഴുവൻ ടീമിനെയും താങ്ങി നിർത്തുക എന്നത് നായകന്മാർക്ക് പലപ്പോഴും ബുദ്ധിമുട്ടായി മാറാറുണ്ട് എന്നും ഉത്തപ്പ കൂട്ടിച്ചേർക്കുന്നു. അതിനാൽ തന്നെ അയ്യർ ഈ ഐപിഎല്ലിൽ പുറത്തെടുത്ത പ്രകടനത്തെ വിലകുറച്ച് കാണാൻ സാധിക്കില്ല എന്നാണ് ഉത്തപ്പ വിശകലനം ചെയ്യുന്നത്. മൈതാനത്ത് കൃത്യമായ സമയത്ത് കൃത്യമായ തീരുമാനങ്ങൾ എടുക്കാനുള്ള ശ്രേയസ് അയ്യരുടെ കഴിവിനെയും പ്രശംസിച്ചാണ് ഉത്തപ്പ സംസാരിച്ചത്.

Previous articleജയസ്വാളിനെ ലോകകപ്പ് ടീമിൽ വേണ്ടിയിരുന്നില്ല. പകരം അവനായിരുന്നു നല്ലത്. മോർഗൺ പറയുന്നു.
Next articleകഴിഞ്ഞ 2-3 മാസങ്ങളിൽ ഞാൻ ഫോൺ ഉപേക്ഷിച്ചു.. എന്റെ രാജ്യത്തിന് സംഭാവന നൽകാൻ തയാറായി. സഞ്ജു പറയുന്നു.