ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ആം എഡിഷൻ വളരെ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. എന്നാൽ ഒരുപാട് ആശയക്കുഴപ്പങ്ങളാണ് ഇന്ത്യൻ ടീം സെലക്ടർമാർക്ക് ലീഗ് ഇതുവരെ ഉണ്ടാക്കിയിരിക്കുന്നത്. ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ കരുത്തുറ്റ ഒരു ഇന്ത്യൻ നിരയെയാണ് ഇത്തവണ സെലക്ടർമാർക്ക് തിരഞ്ഞെടുക്കേണ്ടത്.
ഐപിഎല്ലിൽ വളരെ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിലേക്കാണ് സെലക്ടർമാർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ പ്രതിഭകളുടെ ധാരാളിത്തം ഇന്ത്യയെ ഇത്തവണയും വലയ്ക്കുന്ന ഒരു ഘടകമാണ്. ഇന്ത്യ തങ്ങളുടെ ട്വന്റി20 ടീമിലേക്ക് ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിനെ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം സൈമൺ ഡൂൽ. ഇതിനുള്ള വ്യക്തമായ കാരണവും ഡൂൽ പറയുകയുണ്ടായി.
ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം രോഹിത് ശർമയാണ് ഇന്ത്യയെ ലോകകപ്പിൽ നയിക്കാൻ വളരെയേറെ സാധ്യതയുള്ള താരം. അങ്ങനെയെങ്കിൽ ഇന്ത്യയുടെ ഓപ്പണറായി രോഹിത് ശർമയും ജയസ്വാളുമാവും ട്വന്റി20 ലോകകപ്പിൽ കളിക്കുക. പക്ഷേ ഈ സാഹചര്യത്തിൽ ഗില്ലിന് ടീമിൽ അവസരം ലഭിക്കുമോ എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.
നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായ ഗില്‍ പഞ്ചാബിനെതിരെ ഒരു നല്ല ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. 48 പന്തുകളിൽ 6 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 89 റൺസ് ഗിൽ നേടി. ഇതിന് ശേഷം ഗില്ലിനെ ട്വന്റി20 ലോകകപ്പിലേക്ക് പരിഗണിക്കണമെന്ന ആവശ്യം വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. ഇതിനെതിരെയാണ് ഡൂൽ പ്രതികരിച്ചത്.
ഗില്ലിനെ ട്വന്റി20 സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയാൽ അത് വലിയ അബദ്ധമാവും എന്ന സൂചനയാണ് സൈമൺ ഡൂൽ നൽകിയിരിക്കുന്നത്. “ട്വന്റി20 ലോകകപ്പിലേക്ക് സാധാരണയായി 15 അംഗങ്ങൾ അടങ്ങുന്ന ടീമിനെയാണ് പരിഗണിക്കേണ്ടത്. പക്ഷേ ഇത് 18 അംഗങ്ങൾ അടങ്ങുന്ന ടീമാക്കണം എന്നാണ് എന്റെ അഭിപ്രായം. ടീം തെരഞ്ഞെടുക്കുമ്പോൾ മുൻ നിരയിലേക്ക് ഒരു ബാറ്ററേ മാത്രമാണ് അധികമായി പരിഗണിക്കേണ്ടത്.”
“അങ്ങനെ വരുമ്പോൾ ഇന്ത്യയ്ക്ക് ആവശ്യമായത് രാഹുലിനെ പോലെ ഒരു താരത്തെയാണ്. കാരണം രാഹുൽ വിക്കറ്റ് കീപ്പറുമാണ്. മാത്രമല്ല വലിയൊരു ബാറ്ററുമാണ്. മുൻനിരയിൽ പകരക്കാരന്റെ റോളിൽ കളിക്കാൻ പറ്റിയ താരമാണ് രാഹുൽ.”- സൈമൺ ഡൂൽ പറയുന്നു.
എന്നാൽ ഇന്ത്യ ഒരു കാരണവശാലും ഗില്ലിനെ പരിഗണിക്കരുത് എന്നും ഡൂൽ കൂട്ടിച്ചേർത്തു. “ശുഭമാൻ ഗില്ലിനെ ഇന്ത്യ പരിഗണിക്കേണ്ട കാര്യമില്ല. ഇന്ത്യയുടെ ട്വന്റി20 ടീമിൽ ജയസ്വാളിനെയോ രോഹിത് ശർമയേയോ വിരാട് കോഹ്ലിയെയോ മറികടന്ന് ശുഭ്മാൻ ഗിൽ സ്ഥാനം കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. അവന് അവസരം ലഭിക്കാൻ ഒരു സാധ്യതയുമില്ല. മാത്രമല്ല ഗിൽ ഒരിക്കലും ഒരു വിക്കറ്റ് കീപ്പറുമല്ല.”- സൈമൺ ഡൂൽ കൂട്ടിച്ചേർത്തു.