മലയാളി താരം സഞ്ജു സാംസണെതിരെ പലപ്പോഴും വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുള്ള മുൻ ഇന്ത്യൻ താരമാണ് സുനിൽ ഗവാസ്കർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ പല സമയത്തും സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെയും മനോഭാവത്തെയും പോലും വിമർശിച്ച് ഗവാസ്കർ രംഗത്തെത്തുകയുണ്ടായി. ഈ സാഹചര്യത്തിൽ ഗവാസ്കർക്കെതിരെ വലിയ സോഷ്യൽ മീഡിയ ആക്രമണങ്ങളുമായാണ് സഞ്ജു ആരാധകർ രംഗത്ത് വന്നത്.
എന്നാൽ ഇത്തവണത്തെ ഐപിഎല്ലിലെ തന്റെ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സുനിൽ ഗവാസ്കർ. ഇപ്പോൾ 2024 ഐപിഎല്ലിലെ തന്റെ ബെസ്റ്റ് സ്ക്വാഡിൽ സഞ്ജു സാംസനെയും ഗവാസ്കർ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കാര്യം.
ഹെൻറിച്ച് ക്ലാസൻ, നിക്കോളാസ് പൂരൻ, സഞ്ജു സാംസൺ എന്നീ താരങ്ങളെയാണ് 15 അംഗങ്ങൾ അടങ്ങുന്ന സ്ക്വാഡിൽ വിക്കറ്റ് കീപ്പർമാരായി സുനിൽ ഗവാസ്കർ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത വിരാട് കോഹ്ലിയും സുനിൽ നരെയനും തന്നെയാണ് ഗവാസ്കറുടെ ടീമിലെയും ഓപ്പണർമാർ.
മൂന്നാം ഓപ്പണറായി ഹൈദരാബാദിന്റെ യുവതാരമായ അഭിഷേക് ശർമയെ ഗവാസ്കർ തിരഞ്ഞെടുത്തിട്ടുണ്ട്. ഒപ്പം ഗുജറാത്തിനായി കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന സായി സുദർശനും സുനിൽ ഗവാസ്കറുടെ സ്ക്വാഡിൽ ഇടം പിടിച്ചു. ശേഷമാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കും മധ്യനിരയിലേക്കുമായി സഞ്ജു സാംസനെയും നിക്കോളാസ് പൂരനെയും ഹെന്റിച്ച് ക്ലാസനേയും ഗവാസ്കർ തെരഞ്ഞെടുത്തത്.
ഐപിഎല്ലിലെ തന്റെ ബെസ്റ്റ് ഇലവനിൽ സ്പിൻ ഓൾറൗണ്ടറായി ഗവാസ്കർ തിരഞ്ഞെടുത്തിരിക്കുന്നത് ചെന്നൈ താരം രവീന്ദ്ര ജഡേജയെയാണ്. ഒപ്പം കൊൽക്കത്തയ്ക്കായി ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ആന്ദ്രേ റസലിനെയും ഓൾറൗണ്ടറായി ഗവാസ്കർ തിരഞ്ഞെടുത്തിരിക്കുന്നു.
ചെന്നൈയുടെ വെടിക്കെട്ട് താരം ശിവം ദുബയും ഗവാസ്കറുടെ സ്ക്വാഡിൽ ഉൾപ്പെടുന്നു. ഗവാസ്‌കറുടെ ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നറായി എത്തുന്നത് കുൽദീപ് യാദവാണ്. കഴിഞ്ഞ സമയങ്ങളിലെല്ലാം ഇന്ത്യൻ പ്രീമിയർ ലീഗിലും ഇന്ത്യയുടെ ദേശീയ ടീമിലും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് കുൽദീപ്.
പ്രധാനമായി 4 പേസ് ബോളർമാരെയാണ് തന്റെ സ്ക്വാഡിലേക്ക് ഗവാസ്കർ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ഒരാൾ ഇന്ത്യയുടെ പ്രൈം പേസറായ ജസ്പ്രീറ്റ് ബൂമ്രയാണ്. ഒപ്പം ഹൈദരാബാദ് നായകനായ പാറ്റ് കമ്മിൻസിനെയും പേസറായി ഗവാസ്കർ പരിഗണിച്ചിട്ടുണ്ട്. ഹൈദരാബാദിന്റെ തന്നെ മറ്റൊരു താരമായ നടരാജൻ, അർഷദീപ് സിംഗ് എന്നിവരെയും ഗവാസ്കർ തന്റെ ബെസ്റ്റ് ഇലവനിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നു. എന്നിരുന്നാലും ഇത്രയും വിമർശനങ്ങൾക്കിടയിലും ഗവാസ്കർ സഞ്ജു സാംസനെ തന്റെ ബെസ്റ്റ് ഇലവനിൽ ഉൾപ്പെടുത്തിയത് പലർക്കും അത്ഭുതമായി മാറിയിട്ടുണ്ട്.