ഗംഭീറല്ല, ധോണി ഇന്ത്യയുടെ പരിശീലകനാവണം. വിരാട് കോഹ്ലിയുടെ മുൻ കോച്ച് പറയുന്നു.

dhoni walk

2024 ട്വന്റി20 ലോകകപ്പോടുകൂടി ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയാണ്. ശേഷം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിനായി പല മുൻ താരങ്ങളെയും ബിസിസിഐ ഇതിനോടകം തന്നെ സമീപിച്ചിട്ടുണ്ട്. ഇന്ത്യൻ പരിശീലകർക്ക് പുറമേ വിദേശ പരിശീലകരെയും ഇന്ത്യ സമീപിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ന്യൂസിലാൻഡ് മുൻ താരം സ്റ്റീഫൻ ഫ്ലെമിങ്, ഓസ്ട്രേലിയയുടെ മുൻ താരങ്ങളായ റിക്കി പോണ്ടിംഗ്, ജസ്റ്റിൻ ലാംഗർ എന്നിവരെയും പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ നിർദ്ദേശിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ പരിശീലകനായി ഇന്ത്യൻ താരം മഹേന്ദ്രസിംഗ് ധോണി എത്തണമെന്നാണ് കോഹ്ലിയുടെ ചെറുപ്പകാല കോച്ചായ രാജ്കുമാർ ശർമ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ഗൗതം ഗംഭീർ അടക്കമുള്ള താരങ്ങൾക്ക് ബിസിസിഐ മുൻഗണന നൽകിയിരിക്കുന്ന അവസരത്തിലാണ് രാജ്കുമാർ ശർമയുടെ ഈ പ്രസ്താവന. “ആരൊക്കെ ഈ പോസ്റ്റിനായി ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്ന കാര്യം അറിയാൻ എനിക്ക് താല്പര്യമുണ്ട്. ആര് പരിശീലകനായി എത്തിയാലും അതൊരു ഇന്ത്യക്കാരനായിരിക്കണം എന്നാണ് എന്റെ ആഗ്രഹം. മഹേന്ദ്ര സിംഗ് ധോണി ഇപ്പോൾ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയാണെങ്കിൽ, അദ്ദേഹം ഇന്ത്യയ്ക്ക് പറ്റിയ ഒരു ഓപ്ഷൻ തന്നെയായിരിക്കും.”

“കാരണം തന്റെ കരിയറിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ധോണി. മാത്രമല്ല ഇന്ത്യക്കായി വലിയ ടൂർണമെന്റുകളിൽ വിജയം സ്വന്തമാക്കാനും ധോണിയ്ക്ക് സാധിച്ചിരുന്നു.”- രാജകുമാർ ശർമ പറഞ്ഞു.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിൽ വലിയ രീതിയിൽ ബഹുമാനം ധോണിയ്ക്ക് ലഭിക്കുമെന്ന് രാജ്കുമാര്‍ ശര്‍മ പറയുകയുണ്ടായി. ധോണി നായകനായിരുന്നു സമയത്ത് ഇന്ത്യയ്ക്ക് സുവർണ്ണ കാലമായിരുന്നു എന്നാണ് രാജ്കുമാര്‍ ശര്‍മയുടെ അഭിപ്രായം.

“ഒരു ടീമിന് ഏറ്റവും ആവശ്യം ടീമിനായി പ്ലാനുകൾ ഉണ്ടാക്കുകയും അത് കൃത്യമായി നിർവഹിക്കുകയും ചെയ്യുന്ന താരത്തെയാണ്. ധോണി ഇന്ത്യയുടെ നായകനായിരുന്നപ്പോൾ അന്ന് ടീമിൽ സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സേവാഗ്, രാഹുൽ ദ്രാവിഡ്, ഹർഭജൻ സിംഗ്, അനിൽ കുംബ്ലെ, ഗൗതം ഗംഭീർ, യുവരാജ് സിംഗ് എന്നീ വമ്പൻ താരങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ മാറ്റി നിർത്തിയാലും ടീമിനെ മികച്ച രീതിയിൽ നയിക്കാൻ ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്.”- രാജ്കുമാർ ശർമ കൂട്ടിച്ചേർക്കുന്നു.

2020ലായിരുന്നു ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ശേഷം 2021 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മെന്ററായി ധോണി പ്രവർത്തിച്ചിരുന്നു. ഇതിന് പിന്നാലെ ധോണി ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് വിടപറയുമെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉയർന്നു.

പക്ഷേ ഇതുവരെയും ധോണി ഐപിഎല്ലിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രധാന താരം തന്നെയാണ് മഹേന്ദ്രസിംഗ് ധോണി. 2024 സീസണോടുകൂടി ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പക്ഷേ ഇതേ സംബന്ധിച്ച് ധോണി സംസാരിച്ചിട്ടില്ല.

Scroll to Top