ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പരാജയമറിഞ്ഞതോടെ ഇന്ത്യൻ ടീമിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയുണ്ടായി. രോഹിത് ശർമയുടെ നായക സ്ഥാനം അടക്കം ചോദ്യം ചെയ്തുകൊണ്ടായിരുന്നു മുൻ ഇന്ത്യൻ താരങ്ങളും എക്സ്പെർട്ടുകളും രംഗത്ത് എത്തിയത്.
ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി20 ക്രിക്കറ്റിലും ഇന്ത്യ എല്ലായിപ്പോഴും ഒരു ഓവർ റേറ്റഡ് ടീമാണ് എന്നാണ് മുൻ ഇന്ത്യൻ താരം ശ്രീകാന്ത് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. പലരും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീം ഇന്ത്യയാണ് എന്ന് പറയുമ്പോഴും, പ്രകടനത്തിൽ അത് പ്രാവർത്തികമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല എന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ വളരെ മികച്ച ഒരു ടീമാണെന്നും ശ്രീകാന്ത് അംഗീകരിക്കുന്നുണ്ട്.
ഇന്ത്യയുടെ നോക്കൗട്ട് മത്സരങ്ങളിലെ പരാജയം പൂർണമായും ഭാഗ്യമില്ലായ്മയാണ് എന്ന് തന്നെ ശ്രീകാന്ത് കൂട്ടിച്ചേർത്തു. “ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ വളരെ ഓവർ റേറ്റഡ് ടീമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ നമ്മൾ എപ്പോഴും അവിശ്വസനീയ ടീം തന്നെയാണ്. ഏകദിനങ്ങളിൽ ഇന്ത്യയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ, ഫൈനലിലും സെമിഫൈനലിലും പരാജയപ്പെടുന്നു എന്നതാണ്. അത്തരം സാഹചര്യങ്ങളിൽ കേവലം ഒരു മത്സരം മാത്രമാണ് ഉണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ ഭാഗ്യം ഒരു വലിയ ഫാക്ടറാണ്. ഇത്തരം നോക്കൗട്ട് മത്സരങ്ങളിൽ ഭാഗ്യത്തിന് വലിയ പ്രാധാന്യമുണ്ട്.”- ശ്രീകാന്ത് പറയുന്നു.
“ഞാൻ മുൻപ് രോഹിത് ശർമയുടെ പ്രസ്താവന വായിച്ചിരുന്നു. ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഏകദിന ലോകകപ്പ് വലിയൊരു അംഗീകാരം തന്നെയാണ്. എന്നാൽ നോക്കൗട്ട് മത്സരങ്ങളിൽ വേണ്ട രീതിയിലുള്ള പ്രകടനങ്ങൾ പുറത്തെടുക്കാൻ നമുക്ക് സാധിച്ചിട്ടില്ല. സെമിയിലും ഫൈനലിലും നമ്മൾ നിരന്തരം പരാജയപ്പെടുന്നു. എന്നിരുന്നാലും ഏകദിനത്തിൽ നമ്മൾ ഒരു മികച്ച ടീം തന്നെയാണ് എന്ന് പറയാം. ഇന്ത്യയിലായാലും ഓസ്ട്രേലിയയിലായാലും ദക്ഷിണാഫ്രിക്കയിലായാലും ഏകദിനത്തിൽ നല്ല പ്രകടനം പുറത്തെടുക്കാൻ നമ്മുടെ ടീമിന് സാധിക്കുന്നുണ്ട്.”- ശ്രീകാന്ത് കൂട്ടിച്ചേർത്തു.
“അതേസമയം ടെസ്റ്റ് ക്രിക്കറ്റിലും നമ്മൾ ഓവർ റേറ്റഡ് ടീമാണ്.അക്കാര്യം ഏറെക്കുറെ ഉറപ്പാണ്. കഴിഞ്ഞ 2-3 വർഷങ്ങൾക്കിടയിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ നമ്മൾ പിന്നിലേക്ക് പോയത്. വിരാട് കോഹ്ലി നായകനായിരുന്നു സമയത്ത് നമ്മുടെ ടെസ്റ്റ് ടീം അവിശ്വസനീയമായിരുന്നു. നമ്മൾ അന്ന് ഇംഗ്ലണ്ടിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും പൊരുതാൻ നമുക്ക് സാധിച്ചു. ഓസ്ട്രേലിയയിലും നമ്മൾ വിജയം കണ്ടു. അതൊരു മികച്ച പ്രകടനം തന്നെയായിരുന്നു.”
“ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും മികവു പുലർത്താൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. ഈ സാഹചര്യത്തിൽ നമ്മൾ ഐസിസിയുടെ റാങ്കിംഗ് മറക്കുകയാണ് ചെയ്യേണ്ടത്. മികച്ച ടീം എന്ന പരിവേഷമുണ്ടെങ്കിലും നമ്മുടെ താരങ്ങൾ പലപ്പോഴും അവസരത്തിനൊത്ത പ്രകടനം കാഴ്ചവയ്ക്കാറില്ല. മാത്രമല്ല കുൽദീപ് അടക്കമുള്ളവർക്ക് ടീമിൽ ആവശ്യത്തിനനുസരിച്ച് അവസരവും ലഭിക്കാറില്ല.”- ശ്രീകാന്ത് പറഞ്ഞു വയ്ക്കുന്നു.