2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ബാറ്ററാണ് ബാംഗ്ലൂർ താരം വിരാട് കോഹ്ലി. പല മത്സരങ്ങളിലും മികച്ച സ്കോറുകൾ കെട്ടിപ്പടുക്കാൻ സാധിക്കുന്നുണ്ടെങ്കിലും കോഹ്ലിക്ക് വേണ്ട രീതിയിൽ സ്ട്രൈക്ക് റേറ്റ് ഉയർത്താൻ കഴിഞ്ഞിരുന്നില്ല. ഇത് വലിയ രീതിയിൽ ചർച്ചാവിഷയം ആവുകയും ചെയ്തു.
2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് പല ആരാധകരെയും നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 44 പന്തുകളിൽ 70 റൺസ് നേടിയ കോഹ്ലി തന്റെ പ്രതിഭ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇതിന് ശേഷം കോഹ്ലിക്ക് അനുകൂലമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ധു.
ഇത്തരത്തിൽ കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിൽ സംശയം പ്രകടിപ്പിക്കുന്ന മുൻ താരങ്ങളെയും ആരാധകരെയും പൂർണ്ണമായും വിമർശിച്ചു കൊണ്ടായിരുന്നു താരം മത്സരശേഷം സംസാരിച്ചത്. താൻ കഴിഞ്ഞ 15 വർഷമായി ക്രിക്കറ്റ് കളിക്കുകയാണെന്നും, അതിനാൽ തന്നെ തന്റെ ജോലി സംബന്ധിച്ചു പൂർണമായ വ്യക്തത തനിക്കുണ്ട് എന്നും കോഹ്ലി പറയുകയുണ്ടായി.
പ്രധാനമായും തന്റെ ടീം വിജയിക്കുക എന്നതിലാണ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് കോഹ്ലി കൂട്ടിച്ചേർത്തത്. ഇതിന് ശേഷം കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളായ കൈഫും സിദ്ധുവും.
ഇതിൽ സിദ്ധുവിന്റെ വാക്യങ്ങളാണ് വലിയ രീതിയിൽ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുള്ളത്. “ആളുകൾ ചിന്തിക്കുന്നത് കോഹ്ലി ദൈവമാണ് എന്നാണ്. എന്നാൽ കോഹ്ലി ഒരു മനുഷ്യൻ തന്നെയാണ്. അതുകൊണ്ടുതന്നെ ഒരു മനുഷ്യനെ പോലെ കളിക്കാനെ കോഹ്ലിക്ക് സാധിക്കൂ. 80 സെഞ്ചുറികൾ സ്വന്തമാക്കിയ ഒരു താരമാണ് വിരാട് കോഹ്ലി എന്ന് നമ്മൾ ഓർക്കണം. അതാണ് അവന്റെ ശക്തിയും. ഇന്നത്തെ അവന്റെ പ്രകടനം ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്.”
“ബാക് ഫുട്ടിൽ സ്പിന്നർമാർക്കെതിരെ ഉയർത്തിയടിക്കാൻ പലപ്പോഴും കോഹ്ലിക്ക് സാധിച്ചിരുന്നു. എത്ര ബാറ്റർമാർക്ക് അത്തരം ഷോട്ടുകൾ കളിക്കാൻ സാധിക്കും എന്ന് നമ്മൾ ചിന്തിക്കേണ്ടതാണ്. ഒരു ഇടംകയ്യൻ സ്പിന്നർമാർക്കെതിരെ ഇത്തരത്തിൽ വമ്പൻ ഷോട്ടുകൾ കളിക്കാൻ മറ്റാർക്ക് സാധിക്കും. അതിനാൽ തന്നെ കോഹ്ലിയെ തള്ളിക്കളയാനാവില്ല.”- സിദ്ധു പറയുന്നു.
മുഹമ്മദ് കൈഫും കോഹ്ലിക്ക് അനുകൂലമായാണ് സംസാരിച്ചത്. “ഈ ദിവസങ്ങളിൽ ഞാൻ ഒരുപാട് തവണ കേൾക്കുന്നത് സ്ട്രൈക്ക് റേറ്റിനെ കുറിച്ചാണ്. ആളുകൾ ഇക്കാര്യത്തിൽ എല്ലായിപ്പോഴും കോഹ്ലിക്ക് പിന്നാലെയുണ്ട്. മത്സരത്തിന്റെ 7 മുതൽ 15 വരെ ഓവറുകളിൽ എന്തായാലും ബാറ്റർമാർ പതിഞ്ഞ താളത്തിൽ തന്നെ കളിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഫാസ്റ്റ് ബോളർമാരെക്കാൾ സ്പിൻ ബോളർമാർക്ക് എക്കണോമി കുറവ്. കാരണം അവർ മധ്യ ഓവറുകളിലാണ് ബോൾ ചെയ്യുന്നത്.”- കൈഫ് പറയുന്നു.