ലോക ക്രിക്കറ്റിൽ തന്നെ പല യുവതാരങ്ങൾക്കും വലിയ പ്രചോദനമാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി. കഴിഞ്ഞ സമയങ്ങളിൽ ലോക ക്രിക്കറ്റിന് കോഹ്ലി നൽകിയ സംഭാവന വിലമതിക്കാനാവാത്തത് തന്നെയാണ്. ക്രിക്കറ്റിന്റെ പുതിയ കാലത്തിൽ നൂതന രീതികൾ അവലംബിക്കുന്നതിൽ കോഹ്ലിക്ക് പ്രധാന പങ്കുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ തന്റെ ഈ കഴിവുകൾ മറ്റ് യുവതാരങ്ങളിൽ എത്തിക്കാനും കോഹ്ലി ശ്രമിക്കാറുണ്ട്. അതിനാൽ തന്നെ പല യുവതാരങ്ങൾക്കും കോഹ്ലി ആരാധന പാത്രം കൂടിയാണ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അരങ്ങേറ്റതാരം സമീർ റിസ്വി കോഹ്ലിക്ക് നൽകിയ ബഹുമാനമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.
മുൻപ് വനിതാ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് വനിതാ ടീം വിജയികളായപ്പോൾ കോഹ്ലി താരങ്ങൾക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു ബാംഗ്ലൂർ ബോളർ ശ്രേയങ്ക പാട്ടിൽ കോഹ്ലിയുമായുള്ള തന്റെ നിമിഷത്തെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. തന്റെ നാമം കോഹ്ലി പറഞ്ഞപ്പോൾ തനിക്ക് ഒരുപാട് ആവേശം ഉണ്ടായി എന്നാണ് ശ്രേയങ്കാ പിന്നീട് പറഞ്ഞത്.
ഇത്തരത്തിൽ മറ്റൊരു സംഭവമാണ് ബാംഗ്ലൂരിന്റെ ചെന്നൈയ്ക്കെതിരായ മത്സരത്തിനിടെ ഉണ്ടായത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് വിജയം സ്വന്തമാക്കിയതിന് ശേഷം ഇരു ടീമിലെയും താരങ്ങൾ തമ്മിൽ ഹസ്തദാനം നൽകുകയുണ്ടായി.
ഈ സമയത്ത് ചെന്നൈയുടെ യുവതാരം റിസ്വി കോഹ്ലിയുടെ അടുത്തെത്തുകയും, കോഹ്ലിയെ കണ്ട ശേഷം ബഹുമാനപൂർവ്വം തന്റെ തലയിൽ ഉണ്ടായിരുന്ന തൊപ്പി ഊരി മാറ്റുകയും ചെയ്തു. ശേഷമാണ് റിസ്വി കോഹ്ലിക്ക് ഹസ്തദാനം നൽകിയത്. കോഹ്ലിക്ക് ഹസ്തദാനം നൽകിയ ശേഷം റിസ്വി തന്റെ തൊപ്പി തിരികെ തലയിൽ വെച്ചു. ഈ വീഡിയോയാണ് നിമിഷങ്ങൾക്കകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയത്.
Sameer Rizvi especially removed his cap while shaking hands with kohli. ❤️
— leisha (@katyxkohli17) March 23, 2024
pic.twitter.com/1W92yqzwkl
കോഹ്ലി എന്ന താരത്തിന് ഇന്ത്യയിലെ യുവതാരങ്ങൾ എത്രമാത്രം ബഹുമാനം നൽകുന്നു എന്നതിന് ഉദാഹരണമായാണ് പലരും ഈ വീഡിയോയെ എടുത്തുകാട്ടുന്നത്.
ഇതിനൊപ്പം, വിരാട് കോഹ്ലിക്കൊപ്പം താൻ നിൽക്കുന്ന ഒരു ഫോട്ടോയും റിസ്വീ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കുകയുണ്ടായി. ‘എല്ലായിപ്പോഴും അദ്ദേഹം ഇതിഹാസമാണ്’ എന്നാണ് റിസ്വി ഇതിന് ശീർഷകമായി ഇട്ടിരുന്നത്.
ഇതുവരെയുള്ള ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ച വെച്ചിട്ടുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയിട്ടുള്ള താരം എന്ന റെക്കോർഡും നിലവിൽ കോഹ്ലിയുടെ പേരിലാണ്. ഇതുവരെ 7284 റൺസാണ് കോഹ്ലി ഐപിഎല്ലിൽ നേടിയിട്ടുള്ളത്. വരു മത്സരങ്ങളിലും കോഹ്ലി മികവ് പുലർത്തും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.