കോഹ്ലിയ്ക്ക് പകരം മൂന്നാം നമ്പറിൽ സഞ്ജുവല്ല കളിക്കേണ്ടത്. മറ്റൊരു താരത്തെ ചൂണ്ടിക്കാട്ടി ശ്രീകാന്ത്.

അന്താരാഷ്ട്ര ട്വന്റി20യിൽ നിന്നുള്ള ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയുടെ വിരമിക്കൽ ടീമിനെ വലിയ രീതിയിൽ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് വിരാട് കോഹ്ലി. എന്നാൽ കോഹ്ലിക്ക് പകരക്കാരനായി ഇന്ത്യയുടെ ട്വന്റി20 ടീമിൽ സഞ്ജു സാംസനെ പരിഗണിക്കണമെന്ന നിർദ്ദേശങ്ങളും പല മുൻ താരങ്ങളും മുൻപോട്ട് വെച്ചിട്ടുണ്ട്.

ഇതിന് പ്രധാന കാരണം കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം സഞ്ജു മൂന്നാം നമ്പറിൽ പുറത്തെടുത്ത വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ്. പലപ്പോഴും ഇത്തരം പ്രകടനങ്ങൾക്ക് ശേഷം സഞ്ജുവിനെ മാറ്റിനിർത്തുന്നതും കാണുകയുണ്ടായി. എന്നാൽ സഞ്ജുവിനെ ഇന്ത്യ മൂന്നാം നമ്പറിലേക്ക് പരിഗണിക്കേണ്ടതില്ല എന്ന് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കെ ശ്രീകാന്ത്. മൂന്നാം നമ്പറിലേക്ക് ഇന്ത്യ പരിഗണിക്കേണ്ടത് കെഎൽ രാഹുലിനെയാണ് എന്ന് ശ്രീകാന്ത് പറയുകയുണ്ടായി.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം ശ്രീകാന്ത് പറഞ്ഞത്. ട്വന്റി20 ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ഒരുപാട് റെക്കോർഡുകൾ ഉള്ള താരമാണ് സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാനായി മൂന്നാം നമ്പറിൽ ഒരുപാട് റൺസ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിലും 500ലധികം റൺസ് രാജസ്ഥാനായി സഞ്ജു സ്വന്തമാക്കിയിരുന്നു. പക്ഷേ ഇതൊന്നും പരിഗണിക്കാതെ സഞ്ജുവിനെ ഇന്ത്യ മാറ്റിനിർത്തുന്നതും ലോകകപ്പിൽ കണ്ടു. ഇപ്പോഴും സഞ്ജുവിന് പ്രതികൂലമായാണ് ശ്രീകാന്ത് സംസാരിച്ചിരിക്കുന്നത്. ഒരു വർഷത്തിലേറെയായി ട്വന്റി 20 ടീമിന് പുറത്തിരിക്കുന്ന രാഹുലിനെ ഇന്ത്യ മൂന്നാം നമ്പറിലേക്ക് പരിഗണിക്കണം എന്ന് ശ്രീകാന്ത് പറയുന്നു.

എന്തുകൊണ്ടാണ് രാഹുലിനെ പറ്റി എല്ലാവരും മറക്കുന്നത് എന്ന് ശ്രീകാന്ത് ചോദിക്കുന്നു. “റോൾസ് റോയ്സ് എന്ന് അറിയപ്പെടുന്ന താരമാണ് കെഎൽ രാഹുൽ. ഇന്ത്യയ്ക്ക് ഈ റോൾസ് റോയ്സ് ഉറപ്പായും വേണം. വിരാട് കോഹ്ലി ഒഴിഞ്ഞിട്ട മൂന്നാം നമ്പറിലേക്കാണ് രാഹുൽ വരേണ്ടത് എന്ന് ഞാൻ കരുതുന്നു. ഈ മൂന്നാം നമ്പറിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ രാഹുലിന് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കോഹ്ലിയുടെ വിരമിക്കലിന് ശേഷം ട്വന്റി20 ക്രിക്കറ്റിലെ രാഹുലിന്റെ പ്രാധാന്യം വളരെയേറെ വർധിച്ചിരിക്കുകയാണ് എന്ന് ഞാൻ കരുതുന്നു”- ശ്രീകാന്ത് പറഞ്ഞു.

“രാഹുൽ ഇല്ലാതെ ഇന്ത്യയ്ക്ക് ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല. ഓപ്പണിങ്ങിൽ ഇന്ത്യയ്ക്ക് ജയസ്വാളിനെയോ അഭിഷേക് ശർമയേയോ പരിഗണിക്കാവുന്നതാണ്. പക്ഷേ വിരാട് കോഹ്ലിയെ പോലെ കളിക്കുന്ന ഒരു താരം ട്വന്റി20 ടീമിൽ ഇന്ത്യയ്ക്ക് വളരെ ആവശ്യമാണ്. ഇത്തരമൊരു റോൾ ചെയ്യാൻ സാധിക്കുന്ന താരമാണ് രാഹുൽ. മാത്രമല്ല ടീമിനെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും രാഹുലിന് സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്. രാഹുൽ, നിന്റെ സമയം വന്നിരിക്കുകയാണ്. ട്വന്റി20 ക്രിക്കറ്റിൽ അധികം വൈകാതെ തന്നെ രാഹുൽ ടീമിലേക്ക് തിരികെ വരും. ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയിൽ ഇന്ത്യ രാഹുലിനെ തിരിച്ചു വിളിച്ചേക്കും.”- ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Previous articleമൂന്നാം ട്വന്റി20യിൽ സഞ്ജുവും ജയസ്വാളും ടീമിൽ. വമ്പൻ മാറ്റങ്ങളുമായി ഇന്ത്യ.
Next article“രോഹിത് ധോണിയെയും കപിലിനെയും പോലെ ജനങ്ങളുടെ നായകൻ”- സുനിൽ ഗവാസ്കർ.