നിലവിൽ ലോക ക്രിക്കറ്റിൽ, ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയെയും പാകിസ്ഥാൻ സൂപ്പർ താരം ബാബർ ആസമിനെക്കാളും മികച്ച താരം ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് എന്ന് മുൻ പാക്കിസ്ഥാൻ പേസർ അബ്ദുൽ റോഫ് ഖാൻ.
മുൻപ് വിരാട് കോഹ്ലിയെയും ബാബർ ആസമിനെയും താരതമ്യം ചെയ്ത് ഒരുപാട് മുൻ താരങ്ങൾ സംസാരിക്കുകയുണ്ടായി. ഈ താരതമ്യത്തിൽ വിരാട് കോഹ്ലിയാണ് മികച്ചത് എന്ന് പലപ്പോഴും അബ്ദുർ ഖാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ ആരാണ് എന്ന ചോദ്യത്തിന് അബ്ദുർ ഖാൻ നൽകിയ ഉത്തരം രോഹിത് ശർമ എന്നാണ്.
“കോഹ്ലിയെയും ആസമിനെയും പറ്റി സംസാരിക്കുമ്പോൾ ഇരുവരും മികച്ച താരങ്ങൾ തന്നെയാണ്. പക്ഷേ എന്റെ അഭിപ്രായത്തിൽ വിരാട് കോഹ്ലിയെ മറ്റൊരു താരവുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. അവന്റെ ക്ലാസും സ്ഥിരതയും സമ്മർദ്ദ സാഹചര്യങ്ങളിൽ മികവു പുലർത്താനുള്ള കഴിവും എടുത്തു പറയേണ്ടതാണ്. ബാബർ ആസം ഫോമിലുള്ള സമയത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാറുണ്ട്. എന്നാൽ വ്യക്തിപരമായി പറഞ്ഞാൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റർ രോഹിത് ശർമയാണ്. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ രോഹിത് ശർമയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. വിരാടിനെയും ബാബറിനെയുംകാൾ മികച്ച താരമാണ് രോഹിത്.”- അബ്ദുർ ഖാൻ പറയുകയുണ്ടായി.
2024 സെപ്റ്റംബർ മുതൽ വളരെ മോശം ഫോമിൽ കളിക്കുന്ന താരമാണ് രോഹിത് ശർമ. കഴിഞ്ഞ ഇന്ത്യയുടെ ടെസ്റ്റ് സീസണിൽ 8 മത്സരങ്ങളിൽ നിന്ന് കേവലം 164 റൺസ് മാത്രമാണ് രോഹിത് ശർമ നേടിയത്. 10.93 എന്ന ശരാശരിയിൽ ആയിരുന്നു രോഹിത്തിന്റെ നേട്ടം. എന്നിരുന്നാലും ഏറെ നാളുകൾക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടി രോഹിത് തന്റെ ഫോമിലേക്ക് തിരികെ എത്തിയിരുന്നു. 90 പന്തുകളിൽ 119 റൺസാണ് രോഹിത് മത്സരത്തിൽ നേടിയത്. ശേഷമാണ് ഇപ്പോൾ അബ്ദുർ ഖാൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ മത്സരത്തെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകളെ പറ്റിയും അബ്ദുർ ഖാൻ സംസാരിച്ചിരുന്നു.
“ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ആര് വിജയം സ്വന്തമാക്കും എന്നത് നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. ഒരുപാട് സമ്മർദ്ദങ്ങളുള്ള ഒരു മത്സരമാണ് നടക്കാൻ പോകുന്നത്. ടീം അംഗങ്ങൾ മാത്രമല്ല ലോകത്താകമാനമുള്ള ആരാധകരും ഈ മത്സരത്തെ വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. ഇരു ടീമുകളും ശക്തരാണ്. അതുകൊണ്ടു തന്നെ പ്രവചനം ബുദ്ധിമുട്ടേറിയതാണ്.
ഒരുമാസം മുമ്പാണ് നിങ്ങൾ ഈ ചോദ്യം എന്നോട് ചോദിച്ചിരുന്നതെങ്കിൽ ഞാൻ ഇന്ത്യയാണ് വിജയിക്കുക എന്ന് പറഞ്ഞേനെ. കാരണം അന്ന് ബൂമ്ര ഇന്ത്യൻ സ്ക്വാഡിൽ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അവന്റെ അഭാവം ഇന്ത്യയെ ബാധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ കഴിഞ്ഞ ഏഷ്യകപ്പ്, ലോകകപ്പ് വിജയങ്ങളിൽ പ്രധാന പങ്കുവഹിച്ചത് ബൂമ്ര ആയിരുന്നു.”- അബ്ദുർ ഖാൻ കൂട്ടിച്ചേർത്തു.