2024 ഇന്ത്യൻ പ്രീമിയർ ലീഗോട് കൂടി ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള പടയൊരുക്കം ആരംഭിക്കുകയാണ്. ഒരുപാട് യുവതാരങ്ങളും സീനിയർ താരങ്ങളും അണിനിരക്കുന്ന നിരയാണ് നിലവിൽ ഇന്ത്യ. അതിനാൽ തന്നെ ഇതിൽ ആരെയൊക്കെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തും എന്നത് സംബന്ധിച്ച് വലിയ ആശങ്കകൾ നിലനിൽക്കുന്നു.
ഇതിൽ വലിയ ചർച്ചാ വിഷയമായ കാര്യം ലോകകപ്പിലെ വിരാട് കോഹ്ലിയുടെ സ്ഥാനമാണ്. കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20 മത്സരങ്ങളിൽ നിന്ന് കോഹ്ലി മാറി നിന്നിരുന്നു. അതിനാൽ തന്നെ ഇന്ത്യ ട്വന്റി20 ലോകകപ്പിൽ കോഹ്ലിയെ ഉൾപ്പെടുത്തുമോ എന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തിൽ തന്റെ അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയിൻ.
വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ പരിശോധിച്ച ശേഷമാണ് സ്റ്റെയിൻ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. “ട്വന്റി20 ക്രിക്കറ്റിൽ റൺസ് നേടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാമായി വിരാട് കോഹ്ലി ഒരുപാട് റൺസ് ഇന്ത്യയ്ക്കായി സ്വന്തമാക്കിയിട്ടുമുള്ള താരമാണ്. ഇത്തരത്തിലുള്ള മികച്ച പ്രകടനങ്ങൾ കോഹ്ലിക്ക് കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കി മാറ്റും ലോകകപ്പ് പോലെ ഒരു വലിയ ടൂർണമെന്റിനായി ടീം തിരഞ്ഞെടുക്കുമ്പോൾ ഇന്ത്യൻ ടീമിൽ ആവശ്യം തിളങ്ങാൻ സാധിക്കുന്നവരെ തന്നെയായിരിക്കണം”-സ്റ്റെയിൻ പറയുന്നു.
“2024 ഐപിഎല്ലിൽ വിരാട് കോഹ്ലി റൺസ് കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എനിക്ക് തോന്നുന്നത് വളരെ മികച്ച ഫോമിൽ തന്നെ കോഹ്ലി ലോകകപ്പിലേക്ക് പോകേണ്ടതുണ്ട്. ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കോഹ്ലിക്ക് അനായാസം ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാൻ സാധിക്കും.”
“എന്നിരുന്നാലും കഴിഞ്ഞ സമയങ്ങളിൽ കോഹ്ലി ട്വന്റി20 ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഈ സമയത്ത് കുറച്ചധികം താരങ്ങൾ കോഹ്ലിയുടെ സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. പക്ഷേ ലോകകപ്പ് പോലെ വലിയൊരു ടൂർണമെന്റിൽ എതിരാളികളെ അനായാസം കീഴ്പ്പെടുത്താൻ കോഹ്ലിക്ക് സാധിക്കും.”- സ്റ്റെയിൻ കൂട്ടിച്ചേർത്തു.
എന്നാൽ വിരാട് കോഹ്ലി ഇന്ത്യയുടെ സ്ക്വാഡിൽ ഇടം പിടിക്കുകയാണെങ്കിൽ അത് ഇന്ത്യയുടെ ചില യുവതാരങ്ങൾക്ക് വലിയ തിരിച്ചടി ഉണ്ടാക്കും. ഇതിൽ പ്രധാന താരം ഗില്ലാണ്. ഇന്ത്യക്കായി കഴിഞ്ഞ സമയങ്ങളിൽ രോഹിത് ശർമയും ജയസ്വാളുമാണ് ഓപ്പണറായി ഇറങ്ങാറുള്ളത്. ശേഷം മൂന്നാം നമ്പറിലായിരുന്നു ഗിൽ കളിക്കുന്നത്.
എന്നാൽ കോഹ്ലി മൂന്നാം നമ്പറിലേക്ക് എത്തുകയാണെങ്കിൽ അത് ഗില്ലിനെ വലിയ രീതിയിൽ ബാധിക്കും. ഋതുരാജിനെ പോലെയുള്ള കളിക്കാർക്കും ഇത് വലിയ തിരിച്ചടി ഉണ്ടാകും. എന്നിരുന്നാലും ഇന്ത്യയെ സംബന്ധിച്ച് ഇത്രയധികം അനുഭവസമ്പത്തുള്ള താരത്തെ പുറത്തിരുത്തുക എന്നതും സാധ്യമല്ല.