2024ൽ എല്ലാ ക്രിക്കറ്റ് പ്രേമികളും ഉറ്റുനോക്കുന്ന ഒന്നാണ് ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര. 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കാൻ ഒരുങ്ങുന്നത്. ഓസ്ട്രേലിയയിൽ കളിച്ച കഴിഞ്ഞ 2 ടെസ്റ്റ് പരമ്പരകളിലും വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇക്കുറിയും ഓസീസിലേക്ക് വണ്ടി കയറുന്നത്.
എന്നാൽ ഇന്ത്യൻ നിരയിൽ തങ്ങൾക്ക് വലിയ ഭീഷണി ഉണ്ടാക്കാൻ സാധ്യതയുള്ള ബാറ്ററെ പറ്റി സംസാരിക്കുകയാണ് ഓസ്ട്രേലിയൻ സ്പിന്നർ നതാൻ ലയൻ ഇപ്പോൾ. ഓസീസ് ബോളിംഗ് അറ്റാക്കിന് വലിയ രീതിയിൽ വെല്ലുവിളികൾ ഉയർത്താൻ ഇന്ത്യയുടെ യുവതാരം ജയസ്വാളിന് സാധിക്കും എന്നാണ് ലയൻ പറഞ്ഞിരിക്കുന്നത്.
ഇതുവരെ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനങ്ങളാണ് ജയസ്വാൾ കാഴ്ച വെച്ചിട്ടുള്ളത്. തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഒരു തകർപ്പൻ സെഞ്ച്വറി ജയസ്വാൾ സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ 2024ന്റെ തുടക്കത്തിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 5 മത്സരങ്ങളിൽ നിന്ന് 712 റൺസാണ് ജയസ്വാളിന്റെ സമ്പാദ്യം. എന്നിരുന്നാലും ഓസ്ട്രേലിയൻ പിച്ചുകളിലെ പേസും ബൗൺസും ജയസ്വാളിനെ സംബന്ധിച്ച് വെല്ലുവിളികൾ സൃഷ്ടിക്കും എന്നാണ് ലയൻ കരുതുന്നത്. അതിനാൽ തന്നെ ജയസ്വാൾ ഇതിനോട് ഏതുതരത്തിൽ പ്രതികരിക്കുമെന്ന് അറിയാൻ തനിക്ക് താല്പര്യമുണ്ട് എന്ന് ലയൻ പറഞ്ഞു.
“ഇതുവരെയും ജയസ്വാളിനെതിരെ പന്തറിയാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടില്ല. പക്ഷേ ഞങ്ങളുടെ ബോളർമാരെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി തന്നെയാവും അവൻ സൃഷ്ടിക്കാൻ പോകുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അവൻ കളിച്ച രീതി ഞങ്ങളെ വലിയ രീതിയിൽ ഭയപ്പെടുത്തി. അത് വളരെ സൂക്ഷ്മമായി ഞാൻ നിരീക്ഷിക്കുകയുണ്ടായി. അവിശ്വസനീയ പ്രകടനമാണ് ഇന്ത്യയുടെ യുവതാരം പരമ്പരയിൽ കാഴ്ചവച്ചത്. ഇംഗ്ലണ്ടിന്റെ ഇടംകൈയ്യൻ സ്പിന്നറായ ടോം ഹാർഡ്‌ലിയുമായി ഞാൻ ചില സമയത്ത് സംസാരിക്കാറുണ്ട്. അവനും ജയസ്വാളിനെ പറ്റി ഇത്തരത്തിലുള്ള അഭിപ്രായമാണ് പങ്കുവെച്ചത്.”- ലയൻ പറഞ്ഞു.
ഓസ്ട്രേലിയയെ സംബന്ധിച്ച് ഇതിഹാസ സ്പിന്നർ തന്നെയാണ് ലയൻ. ഇതുവരെ ഓസ്ട്രേലിയക്കായി 129 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ലയൻ 530 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. “എനിക്ക് എപ്പോഴും ക്രിക്കറ്റിനെ പറ്റി സംസാരിക്കാൻ വലിയ ഇഷ്ടമാണ്. ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച താരങ്ങളോട് ഞാൻ എപ്പോഴും സംസാരിക്കാറുണ്ട്. ഇത്തരത്തിലുള്ള സംസാരത്തിലൂടെ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കുന്നു. കൂടുതൽ അറിവുകൾ നമുക്ക് ലഭിക്കുന്നു.”- ലയൻ കൂട്ടിച്ചേർത്തു.