ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു. മത്സരത്തിൽ തന്റെ 51മത്തെ ഏകദിന സെഞ്ച്വറി സ്വന്തമാക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചു.
ശേഷം ഇപ്പോൾ വിരാട് കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. വലിയ മത്സരങ്ങളിൽ മികവ് പുലർത്താനുള്ള വിരാട് കോഹ്ലിയുടെ കഴിവിനെ പ്രശംസിച്ചാണ് പോണ്ടിംഗ് രംഗത്ത് എത്തിയിരിക്കുന്നത്. സച്ചിന്റെ ഏകദിന റെക്കോർഡുകൾ തകർത്തെറിയാൻ വിരാട് കോഹ്ലിക്ക് ഇപ്പോഴും സാധിക്കും എന്നാണ് പോണ്ടിംഗ് തുറന്നു പറഞ്ഞിരിക്കുന്നത്.
“ഞാൻ എല്ലായിപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. വലിയ മത്സരങ്ങൾ വലിയ താരങ്ങൾക്കുള്ളതാണ്. വലിയ നിമിഷങ്ങൾ എത്തുമ്പോൾ ഇത്തരത്തിൽ വലിയ താരങ്ങൾ മുൻപിലേക്ക് എത്തുകയും മികവ് പുലർത്തുകയും ചെയ്യണം. ഇന്ത്യ – പാകിസ്ഥാൻ മത്സരത്തേക്കാൾ വലിയ മത്സരങ്ങളൊന്നും ഇപ്പോൾ നിലവിൽ ക്രിക്കറ്റിൽ നടക്കുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ സാഹചര്യങ്ങളിൽ ഇത്തരത്തിൽ മികവ് പുലർത്തുക എന്നത് ചെറിയൊരു കാര്യമായി എടുക്കാൻ കഴിയില്ല. കോഹ്ലിയുടെ ബാറ്റിംഗ് നമ്മൾ മത്സരത്തിൽ കണ്ടുകഴിഞ്ഞു. അത് എന്നെ ഒരിക്കലും അത്ഭുതപ്പെടുത്തിയിട്ടില്ല.”- പോണ്ടിംഗ് പറഞ്ഞു.
“2022ലും ഇപ്പോഴും നമ്മൾ പറയുന്നത് ഒരേ കാര്യം തന്നെയാണ്. അന്നും ഇപ്പോഴും അവന് പാക്കിസ്ഥാനെതിരെ മികവ് പുലർത്താൻ സാധിച്ചു. കഴിഞ്ഞ ദിവസത്തെ മത്സരത്തേക്കാൾ വലിയ മത്സരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത്ര ട്രിക്കി ആയ വിക്കറ്റിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കോഹ്ലിയ്ക്ക് സാധിച്ചു. ഇത്തരത്തിൽ മുൻനിരയിൽ മാച്ച് വിന്നിങ് പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കുന്ന താരങ്ങളെയാണ് ടീമുകൾക്ക് ആവശ്യം. ഒരിക്കൽ കൂടി കോഹ്ലി തന്റെ മൂല്യം വ്യക്തമാക്കുകയുണ്ടായി.”- പോണ്ടിംഗ് കൂട്ടിച്ചേർത്തു.
“മത്സരത്തിലെ ഇരു ടീമുകളുടെയും സ്കോർകാർഡ് പരിശോധിച്ചാൽ നമുക്ക് മനസ്സിലാവുന്ന കുറച്ചു കാര്യങ്ങളുണ്ട്. ഇന്ത്യയ്ക്കായി കോഹ്ലി സെഞ്ച്വറി സ്വന്തമാക്കി. എന്നാൽ പാക്കിസ്ഥാനായി താരങ്ങൾക്ക് വലിയ സ്കോറുകൾ നേടാൻ സാധിച്ചില്ല. ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റിൽ ആണെങ്കിലും ഒരു ഹാഫ് സെഞ്ച്വറി ഒരിക്കലും ടീമിനെ വിജയിപ്പിക്കില്ല. നമുക്ക് വലിയ സ്കോർ തന്നെ കണ്ടെത്തിയിരിക്കുന്നു. താരങ്ങൾ വ്യക്തിഗതമായ രീതിയിൽ സ്കോർ സ്വന്തമാക്കിയില്ലെങ്കിൽ വലിയ കൂട്ടുകെട്ടുകൾ ഉണ്ടാവാനും ബുദ്ധിമുട്ടാണ്.”- പോണ്ടിംഗ് പറഞ്ഞു വയ്ക്കുന്നു. ഇതിനൊപ്പം താൻ 50 ഓവർ ക്രിക്കറ്റിൽ കോഹ്ലിയെക്കാൾ മികച്ച ഒരു താരത്തെ കണ്ടിട്ടില്ല എന്നും പോണ്ടിംഗ് പറയുകയുണ്ടായി. നിലവിൽ കോഹ്ലി ഏകദിന റെക്കോർഡുകളിൽ തന്നെ മറികടന്നന്നും ഇനിയും സച്ചിൻ അടക്കമുള്ളവരെ മറികടക്കാൻ സാധിക്കുമെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു.