കോഹ്ലിയുടെ റെക്കോർഡിനൊപ്പം സൂര്യകുമാർ. വേണ്ടിവന്നത് വിരാട് കോഹ്ലിയുടെ പകുതി മത്സരങ്ങൾ.

ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ 8 മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. ബാറ്റിംഗിന് ദുഷ്കരമായ പിച്ചിൽ ഒരു വെടിക്കെട്ട് അർധസെഞ്ച്വറി സൂര്യകുമാർ യാദവ് നേടുകയുണ്ടായി. രോഹിത് ശർമയും റിഷഭ് പന്തും തുടക്കത്തിലെ പുറത്തായി ഇന്ത്യ സമ്മർദ്ദത്തിൽ നിൽക്കുന്ന സമയത്തായിരുന്നു സൂര്യ മത്സരത്തിൽ ക്രീസിലെത്തിയത്.

ശേഷം തന്റേതായ രീതിയിൽ വെടിക്കെട്ട് തീർക്കാൻ സൂര്യയ്ക്ക് സാധിച്ചു. മത്സരത്തിൽ ഇന്ത്യയെ മികച്ച ഒരു സ്കോറില്‍ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് സൂര്യകുമാർ യാദവ് തന്നെയായിരുന്നു. മത്സരത്തിലെ തകർപ്പൻ ഇന്നിംഗ്സിനിടെ വിരാട് കോഹ്ലിയുടെ ഒരു റെക്കോർഡിനൊപ്പം എത്താൻ സൂര്യകുമാർ യാദവിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ 28 പന്തുകളിൽ 53 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും സൂര്യകുമാർ യാദവിനെ തന്നെയായിരുന്നു. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇത് പതിനഞ്ചാം തവണയാണ് സൂര്യകുമാർ യാദവ് മത്സരത്തിലെ താരമായി മാറുന്നത്.

ഈ റെക്കോർഡിലാണ് കോഹ്ലിക്കൊപ്പം സൂര്യകുമാർ യാദവ് സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 61 ഇന്നിങ്സുകളാണ് സൂര്യകുമാർ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നാണ് 15 മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയത്. അതേസമയം വിരാട് കോഹ്ലി 113 ഇന്നിംഗ്സുകളിൽ നിന്നായിരുന്നു 15 മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.

അഫ്ഗാനിസ്ഥാനെതിരായ മത്സരശേഷം മത്സരത്തിലെ തന്റെ ബാറ്റിംഗ് ശൈലിയെ പറ്റി സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി. “ഇത്തരം ബാറ്റിംഗ് ശൈലിയാണ് ഞാൻ പരിശീലിച്ചിട്ടുള്ളത്. 7 മുതൽ 15 വരെ ഓവറുകളിൽ ബാറ്റ് ചെയ്യുന്നത് ഞാൻ നന്നായി ആസ്വദിച്ചിട്ടുണ്ട്. കാരണം ആ സമയത്താണ് ബാറ്റ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത്. ഈ ഓവറുകളിൽ ബോളർമാർ കൃത്യമായ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കും. അങ്ങനെയുള്ള ഓവറുകളിൽ ആക്രമണം അഴിച്ചുവിടുക എന്നത് എനിക്ക് ഒരുപാട് ആസ്വദിക്കാൻ സാധിക്കുന്നുണ്ട്.”- സൂര്യകുമാർ യാദവ് പറഞ്ഞു. ഇതോടൊപ്പം മത്സരത്തിൽ കോഹ്ലിയുടെ വിക്കറ്റ് തനിക്ക് സമ്മർദ്ദം നൽകിയതായും സൂര്യകുമാർ കൂട്ടിച്ചേർത്തിരുന്നു.

“കോഹ്ലി പുറത്തായ ശേഷം ഞങ്ങളിൽ സമ്മർദ്ദം ഉണ്ടായിരുന്നു. ആ സമയത്ത് ഞാൻ കുറച്ചുകൂടി കഠിനമായി ചൂയിംഗം ചവയ്ക്കാൻ തുടങ്ങി. എന്റെ മത്സരം എന്റെ ശക്തിയായി കരുതിയാണ് ഞാൻ മൈതാനത്ത് ഇറങ്ങിയത്. രോഹിത് ശർമയ്ക്കൊപ്പം ഒരുപാട് ക്രിക്കറ്റ് കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിലും ഞാൻ കളിക്കുകയാണ്. അദ്ദേഹത്തിന് എന്റെ മത്സരം നന്നായി മനസ്സിലാവും. അതുകൊണ്ടുതന്നെ നന്നായി ആസ്വദിക്കാനും സാധിക്കുമെന്ന് ഞാൻ കരുതുന്നു.”- സൂര്യകുമാർ പറഞ്ഞുവെക്കുന്നു. സൂര്യകുമാർ തിരികെ ഫോമിലേക്ക് എത്തിയത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നു.

Previous article“ബുംറയുടെ പ്ലാനുകളിൽ ബോളിംഗ് കോച്ച് പോലും ഇടപെടാറില്ല. കാരണം..”- അക്ഷർ പട്ടേൽ പറയുന്നു.
Next articleഎത്ര പരാജയപ്പെട്ടാലും ദുബെയ്ക്ക് അവസരങ്ങൾ, സഞ്ജു പുറത്ത് തന്നെ. വിമർശനവുമായി ആരാധകർ.