ഇന്ത്യൻ ക്രിക്കറ്റിലെ സ്പിൻ ഇതിഹാസമാണ് ഹർഭജൻ സിംഗ്. 2007ലും 2011ലും ഇന്ത്യ ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കുമ്പോൾ ഹർഭജൻ സിംഗ് ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു. മാത്രമല്ല വിരമിച്ച ശേഷം ലെജൻസ് ലീഗുകളിൽ തുടർച്ചയായി കളിക്കുന്ന താരം കൂടിയാണ് ഹർഭജൻ സിംഗ്.
ഇപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 3 ബാറ്റർമാരെ തിരഞ്ഞെടുത്തു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹർഭജൻ സിംഗ്. ഇന്ത്യൻ ടീമിലെ സൂപ്പർ താരമായ വിരാട് കോഹ്ലി, രാഹുൽ ദ്രാവിഡ്, രോഹിത് ശർമ, ഓസ്ട്രേലിയൻ മുൻനായകൻ റിക്കി പോണ്ടിംഗ് എന്നിവരെയെല്ലാം തഴഞ്ഞുകൊണ്ടാണ് ഹർഭജൻ തന്റെ ഏറ്റവും മികച്ച 3 ബാറ്റർമാരെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ, വിൻഡീസിന്റെ ഇതിഹാസം ബ്രയാൻ ലാറ, ദക്ഷിണാഫ്രിക്കൻ മുൻ ഓൾറൗണ്ടർ ജാക്സ് കാലിസ് എന്നിവരെയാണ് ഹർഭജൻ ഏറ്റവും മികച്ച ബാറ്റർമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ക്രിക്കറ്റിലെ ഇവരുടെ അനുഭവസമ്പത്തിന്റെ പേരിൽ കൂടിയാണ് ഹർഭജന്റെ ഈ ലിസ്റ്റ്. ലോക ക്രിക്കറ്റിൽ തന്നെ ഇതിഹാസ താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയായിരുന്നു സച്ചിൻ പടിയിറങ്ങിയത്. തന്റെ അന്താരാഷ്ട്ര കരിയറിൽ 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സച്ചിൻ 15,921 റൺസാണ് സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടുന്ന ബാറ്റർ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ 51 സെഞ്ചുറികളാണ് സച്ചിൻ നേടിയിട്ടുള്ളത്. 46 വിക്കറ്റുകളും സച്ചിൻ സ്വന്തമാക്കിയിട്ടുണ്ട്. 463 ഏകദിന മത്സരങ്ങളിൽ നിന്ന് 18,426 റൺസാണ് സച്ചിന്റെ സമ്പാദ്യം. 49 സെഞ്ചുറികളാണ് ഏകദിന ക്രിക്കറ്റിൽ സച്ചിൻ നേടിയത്. മാത്രമല്ല 154 വിക്കറ്റുകളും സച്ചിൻ ഏകദിന ക്രിക്കറ്റിൽ നേടിയിട്ടുണ്ട്. ഇതേ പോലെ തന്നെ മികച്ച റെക്കോർഡുള്ള താരമാണ് ബ്രയാൽ ലാറയും. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 400 റൺസ് സ്വന്തമാക്കിയ ലോകത്തിലെ ഏക ബാറ്റർ ബ്രയാൻ ലാറയാണ്. 113 ടെസ്റ്റ് മത്സരങ്ങളാണ് ലാറ തന്റെ കരിയറിൽ കളിച്ചത്. ഇതിൽ നിന്ന് 11,953 റൺസ് ലാറ സ്വന്തമാക്കിയിട്ടുണ്ട്. 34 സെഞ്ചുറികളും 9 ഇരട്ട സെഞ്ചുറികളുമാണ് കരിയറിൽ ലാറ നേടിയിട്ടുള്ളത്.
ഏകദിന ക്രിക്കറ്റിലും മികച്ച റെക്കോർഡാണ് ലാറയ്ക്കുള്ളത്. ജാക്സ് കാലീസും ഇത്തരം റെക്കോർഡുകളിൽ പിന്നിലല്ല. തന്റെ കരിയറിൽ 166 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 13,289 റൺസാണ് കാലിസ് നേടിയിട്ടുള്ളത്. 45 സെഞ്ച്വറികളും 2 ഇരട്ട സെഞ്ച്വറികളും കാലീസിന്റെ കരിയറിൽ ഉൾപ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 292 വിക്കറ്റുകൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. 328 ഏകദിനങ്ങളിൽ നിന്ന് 11,579 റൺസും കാലിസ് സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ 273 വിക്കറ്റുകളാണ് കാലിസ് സ്വന്തമാക്കിയിട്ടുള്ളത്. ഈ 3 താരങ്ങളെയുമാണ് ഹർഭജൻ ഏറ്റവും മികച്ച ബാറ്റർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.