ലോകക്രിക്കറ്റ് ഉറ്റുനോക്കുന്ന ഐസിസിയുടെ ടൂർണമെന്റാണ് 2024ലെ ട്വന്റി20 ലോകകപ്പ്. ലോകകപ്പിനായി എല്ലാത്തരത്തിലുള്ള തയ്യാറെടുപ്പുകൾ ടീമുകൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഒരുപാട് പ്രതിസന്ധികളാണ് ലോകകപ്പിന് മുൻപുള്ളത്.
വളരെ മികച്ച യുവതാരങ്ങളെ അണിനിരത്തി ലോകകപ്പിന് സജ്ജമാക്കുക എന്ന ഉദ്ദേശത്തിലാണ് ഇന്ത്യ. ജൂൺ രണ്ടിനാണ് അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി ഇത്തവണത്തെ ലോകകപ്പ് ആരംഭിക്കുന്നത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ നിർണായക താരമായി മാറാൻ സാധ്യതയുള്ള കളിക്കാരനെ പ്രവചിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ.
വിരാട് കോഹ്ലി, രോഹിത് ശർമ, സൂര്യകുമാർ യാദവ് തുടങ്ങിയ വമ്പൻ താരങ്ങൾ ടീമിലുണ്ടെങ്കിലും ഇവരെക്കാൾ നിർണായകമായ പ്രകടനം ടൂർണമെന്റിൽ കാഴ്ചവയ്ക്കാൻ സാധ്യതയുള്ളത് മറ്റൊരു താരമാണ് എന്ന് പീറ്റേഴ്സൺ പറയുന്നു. 24കാരനായ ശുഭമാൻ ഗില്ലാണ് 2024 ട്വന്റി20 ലോകകപ്പിലെ ഏറ്റവും മികച്ച താരമായി മാറാൻ പോകുന്നത് എന്ന് പീറ്റേഴ്സൺ പറയുന്നു.
എന്നാൽ 2024ലെ ലോകകപ്പിൽ ശുഭ്മാൻ ഗിൽ ഇന്ത്യൻ ടീമിൽ കളിക്കുമോ എന്ന കാര്യത്തിൽ പോലും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ സമയങ്ങളിൽ അത്ര മികച്ച പ്രകടനങ്ങളായിരുന്നില്ല ഈ താരം പുറത്തെടുത്തത്. പക്ഷേ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഗില്ലിന് അനായാസം ടീമിൽ സ്ഥാനം ലഭിക്കും എന്നാണ് പീറ്റേഴ്സൺ കരുതുന്നത്.
“ശുഭ്മാൻ ഗില്ലാണ് ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയുടെ തുറപ്പ് ചീട്ട്. അവൻ മികച്ച ഒരു താരമാണ്. കൃത്യമായ സമയത്ത് പ്രകടനങ്ങൾ പുറത്തെടുക്കുന്ന താരങ്ങൾക്ക് ലോകകപ്പിൽ മികവ് പുലർത്താനും സാധിക്കും. ഏപ്രിലും മെയിലുമായി നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയാൽ ഗില്ലിന് ലോകകപ്പ് ടീമിൽ ഇടം പിടിക്കാം. ആരാണ് അവിടെ മികച്ച പ്രകടനം നടത്തുക എന്ന് നമുക്ക് കണ്ടറിയാം. എല്ലാ താരങ്ങളും ഇത്തരം വലിയൊരു അവസരം അങ്ങേയറ്റം മുതലാക്കാനാണ് ശ്രമിക്കുന്നത്.”- പീറ്റേഴ്സൺ പറഞ്ഞു.
ഇതുവരെ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ വലിയ പ്രകടനങ്ങൾ പുറത്തെടുക്കാൻ ഗില്ലിന് സാധിച്ചിട്ടില്ല. ന്യൂസിലാൻഡിനെതിരെ അഹമ്മദാബാദിൽ സെഞ്ച്വറി പ്രകടനം കാഴ്ചവച്ചത് ഒഴിച്ചാൽ ഗില്ലിന്റെ കരിയർ അത്ര മികച്ചതല്ല. ഇതുവരെ 14 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ച ഗിൽ 25.8 റൺസ് ശരാശരിയിൽ 335 റൺസാണ് നേടിയിട്ടുള്ളത്.
ലോകകപ്പിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും ഇന്ത്യയുടെ മുൻനിരയിൽ കളിക്കുമെന്നത് ഉറപ്പാണ്. അതിനാൽ തന്നെ ഗില്ലിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനീൽ സ്ഥാനം ലഭിക്കുമോ എന്ന കാര്യം വലിയ സംശയത്തിൽ നിൽക്കുന്നു. മറുവശത്ത് ജയസ്വാളിന്റെ മികച്ച പ്രകടനങ്ങളും ഗില്ലിന് ഭീഷണിയായുണ്ട്.