2024 ട്വന്റി20 ലോകകപ്പ് ജൂൺ രണ്ടിന് ആരംഭിക്കുകയാണ്. ഇത്തവണത്തെ ലോകകപ്പിലും ഇന്ത്യ ഫേവറേറ്റുകളായി തുടരുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ന്യൂസിലാൻഡ്, പാക്കിസ്ഥാൻ എന്നീ ടീമുകളാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ശക്തമായ എതിരാളികൾ. 2022 ലോകകപ്പിൽ ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയായിരുന്നു ഇന്ത്യ പുറത്തായത്.
അതിനാൽ തന്നെ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിക്കുക എന്ന ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്. മാത്രമല്ല 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടെറ്റ പരാജയത്തിന് പകരം വീട്ടുക എന്നതും ഇന്ത്യയുടെ ലക്ഷ്യമാണ്. ഇതിനൊക്കെയും ശേഷം തങ്ങളുടെ രണ്ടാം ട്വന്റി20 കിരീടം ഉയർത്തുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. ഈ സമയത്ത് ഈ ലോകകപ്പിലെ റൺവേട്ടക്കാരനെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ തരം അമ്പാട്ടി റായുഡു.
അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിൽ ബാറ്റിംഗ് യൂണിറ്റുകൾ നിർണായകമായ റോൾവഹിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 2022 ട്വന്റി20 ലോകകപ്പിൽ വിരാട് കോഹ്ലിയായിരുന്നു ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരം. അന്ന് 296 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്. ഇത്തവണ ലോകകപ്പ് ആരംഭിക്കുമ്പോൾ പാകിസ്ഥാൻ നായകൻ ബാബർ ആസാം, ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ തുടങ്ങിയവരെയൊക്കെയും റൺവേട്ടക്കാരായി മാറാൻ സാധ്യതയുള്ളവരാണ്. എന്നാൽ മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു, ഇന്ത്യൻ നായകൻ രോഹിത് ശർമയെയാണ് ഈ ലോകകപ്പിലെ റൺവേട്ടക്കാരനായി തിരഞ്ഞെടുത്തിരിക്കുന്നത്.
സ്റ്റാർ സ്പോർട്സിൽ നടന്ന അഭിമുഖത്തിലാണ് റായിഡു ഈ പ്രവചനം നടത്തിയിരിക്കുന്നത്. എന്നാൽ ഇതുവരെ ട്വന്റി20 ലോകകപ്പിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരമായി മാറാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടില്ല. മാത്രമല്ല സമീപകാലത്ത് ബാറ്റിംഗിൽ അത്ര മികച്ച പ്രകടനങ്ങൾ ആയിരുന്നില്ല രോഹിത് പുറത്തെടുത്തത്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ 400 റൺസ് നേടാൻ രോഹിതിന് സാധിച്ചിരുന്നു. പക്ഷേ സീസണിലൂടനീളം രോഹിതിന് തന്റെ ഫ്ലോ കണ്ടെത്താൻ സാധിച്ചില്ല. അതേസമയം ട്വന്റി20 ലോകകപ്പുകളിൽ വമ്പൻ റെക്കോർഡാണ് വിരാട് കോഹ്ലിയ്ക്കുള്ളത്. ഇതുവരെ 27 ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി 1141 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്കോററാണ് വിരാട് കോഹ്ലി.
ട്വന്റി20 ലോകകപ്പിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയിട്ടുള്ള രണ്ടാമത്തെ താരം ശ്രീലങ്കയുടെ മഹേള ജയവർദ്ധനയാണ്. 1016 റൺസാണ് ട്വന്റി20 ലോകകപ്പുകളിൽ ജയവർദ്ധന സ്വന്തമാക്കിയിട്ടുള്ളത്. ട്വന്റി20 ലോകകപ്പിൽ 965 റൺസ് സ്വന്തമാക്കിയിട്ടുള്ള ഗെയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.
ഇവർക്ക് ശേഷം നാലാം സ്ഥാനത്താണ് രോഹിത് ശർമ ഇടം പിടിച്ചിട്ടുള്ളത്. ഇതുവരെ 39 ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള രോഹിത് ശർമ 963 റൺസാണ് നേടിയിട്ടുള്ളത്. എന്നിരുന്നാലും ഇത്തവണത്തെ ലോകകപ്പിൽ രോഹിത് ശർമയിൽ നിന്ന് മികച്ച പ്രകടനം ഇന്ത്യയ്ക്ക് ആവശ്യമാണ്.