2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുടെ പ്രാതിനിധ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങൾ ഏറി വരികയാണ്. മുൻപ് വന്ന റിപ്പോർട്ടുകൾ പ്രകാരം കോഹ്ലി 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാൻ സാധ്യത കുറവാണ്. എന്നിരുന്നാലും ഇന്ത്യയുടെ മുൻ താരങ്ങളും എക്സ്പേർട്ടുകളും കോഹ്ലിയ്ക്ക് അനുകൂലമായാണ് രംഗത്തെത്തിയത്.
ഇതിനോടകം ലോകകപ്പിൽ വളരെയധികം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരമാണ് വിരാട് കോഹ്ലി. അതിനാൽ തന്നെ ഇന്ത്യക്ക് കോഹ്ലിയെ ട്വന്റി20 ലോകകപ്പിൽ നിന്ന് മാറ്റി നടത്താൻ സാധിക്കില്ല എന്ന് മുൻ ഇതിഹാസങ്ങൾ പറയുന്നു. ഈ അഭിപ്രായവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് ഓസ്ട്രേലിയയുടെ സൂപ്പർ ബാറ്റർ സ്റ്റീവൻ സ്മിത്ത് ആണ്.
എല്ലായിപ്പോഴും സാഹചര്യം മനസ്സിലാക്കി മികവ് പുലർത്തുന്ന ബാറ്ററാണ് വിരാട് കോഹ്ലി എന്ന് സ്മിത്ത് പറയുകയുണ്ടായി. “സാഹചര്യത്തിനനുസരിച്ച് കളിക്കുന്ന താരമാണ് വിരാട് കോഹ്ലി. നമ്മൾ കളിക്കുന്ന ചില വിക്കറ്റുകളിൽ നമ്മുടെ സ്ട്രൈക്ക് റേറ്റ് ഒരുപാട് ഉയർന്ന നിലയിൽ ഉണ്ടാവണം എന്ന കാര്യത്തിൽ നിർബന്ധമില്ല. ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിക്കാൻ വേണ്ടി ഇതിനോടകം തന്നെ വലിയ മാസ്റ്റർ ക്ലാസ് ഇന്നിങ്സുകൾ കോഹ്ലി കളിച്ചു കഴിഞ്ഞു.”
“ബാംഗ്ലൂരിനായി ആയാലും ഇന്ത്യക്കായി ആയാലും മികവ് പുലർത്താൻ വിരാട് കോഹ്ലിക്ക് സാധിക്കുന്നുണ്ട്. ഞാൻ എതിർ ടീമിൽ ഉണ്ടായിരുന്ന സമയത്തും ഞങ്ങൾക്കെതിരെയും ഒരുപാട് അവസരങ്ങളിൽ അവൻ മത്സരം തട്ടിയെടുത്തിട്ടുണ്ട്.”- സ്മിത്ത് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
സമ്മർദ്ദ സാഹചര്യത്തിൽ വിരാട് കോഹ്ലിയുടെ മികവിനെ പുകഴ്ത്തിയും സ്മിത്ത് സംസാരിക്കുകയുണ്ടായി. “സമ്മർദ്ദത്തിന് കീഴിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുന്ന താരമാണ് വിരാട് കോഹ്ലി. അക്കാര്യം വിരാട് കോഹ്ലിക്ക് വലിയ ഇഷ്ടവുമാണ്. കോഹ്ലിയെ പോലെയുള്ള താരങ്ങളെയാണ് ഓരോ കളിക്കാരനും തങ്ങളുടെ ടീമിൽ ആഗ്രഹിക്കുന്നത്.”
“ലോകകപ്പിലെ സമ്മർദ്ദ സാഹചര്യങ്ങൾ നന്നായിത്തന്നെ കൈകാര്യം ചെയ്യാൻ വിരാട് കോഹ്ലിക്ക് സാധിക്കും. അത്തരം സാഹചര്യങ്ങളിൽ നെഞ്ചുറപ്പോടെ നിൽക്കുന്ന അനുഭവസമ്പത്തുള്ള താരങ്ങളെയാണ് നമുക്ക് ആവശ്യം. വിരാട് കോഹ്ലി അത്തരം ഒരു താരമാണ്.”- സ്മിത്ത് കൂട്ടിച്ചേർക്കുന്നു.
2022 ട്വന്റി200 ലോകകപ്പിൽ വളരെ മികച്ച ഇന്നിങ്സുകൾ പുറത്തെടുത്ത താരമാണ് വിരാട് കോഹ്ലി. ടൂർണ്ണമെന്റിൽ പാകിസ്ഥാനെതിരെ കോഹ്ലി നേടിയ 82 റൺസ് വളരെയേറെ പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തു. വളരെയധികം സമ്മർദ്ദങ്ങൾ നിറഞ്ഞ സാഹചര്യത്തിൽ നിന്നായിരുന്നു പാക്കിസ്ഥാനെതിരെ ഇന്ത്യയെ കോഹ്ലി വിജയത്തിലെത്തിച്ചത്.
എന്നിരുന്നാലും പിന്നീട് ഒരുപാട് ട്വന്റി20 മത്സരങ്ങൾ ഇന്ത്യക്കായി കളിക്കാൻ കോഹ്ലിക്ക് സാധിച്ചില്ല. 2022 ലോകകപ്പിന് ശേഷം കോഹ്ലി ടീമിൽ തിരികെയെത്തിയത് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ്. അതിനാൽ തന്നെ ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗും കോഹ്ലിയെ സംബന്ധിച്ച് വളരെ നിർണായകമാണ്.