കൊൽക്കത്തയോടും തോറ്റ് രാജസ്ഥാൻ. 8 വിക്കറ്റിന്റെ പരാജയം. പിഴച്ചത് ലേലത്തിലോ?

2025 ഐപിഎല്ലിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ദയനീയ പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ ഹൈദരാബാദിനോട് 44 റൺസിന്റെ കൂറ്റൻ പരാജയം രാജസ്ഥാൻ ഏറ്റുവാങ്ങിയിരുന്നു.

ഇതിനുശേഷം രണ്ടാം മത്സരത്തിലും രാജസ്ഥാന്റെ ബാറ്റർമാരും ബോളർമാരും വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്. നായകൻ പരാഗ് മൈതാനത്ത് പല തന്ത്രങ്ങളും ഉപയോഗിച്ചങ്കിലും ഒന്നും ഫലം കാണാതെ പോവുകയായിരുന്നു.

മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ കൊൽക്കത്ത ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് തുടക്കത്തിൽ തന്നെ സഞ്ജു സാംസന്റെ(13) വിക്കറ്റ് നഷ്ടമായി. ശേഷം നായകൻ പരഗും ജയസ്വാളും ചേർന്ന് കൊൽക്കത്തയെ കൈപിടിച്ചു കയറ്റി. പരാഗ് 15 പന്തുകളിൽ 25 റൺസ് സ്വന്തമാക്കിയപ്പോൾ, ജയസ്വാൾ 24 പന്തുകളിൽ 29 റൺസാണ് നേടിയത്. എന്നാൽ പിന്നീടെത്തിയ ബാറ്റർമാരൊക്കെയും വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് രാജസ്ഥാനെ മത്സരത്തിൽ ബാധിച്ചു. മധ്യനിരയിൽ 28 പന്തുകളിൽ 33 റൺസ് നേടിയ ജൂറൽ മാത്രമാണ് രാജസ്ഥാനായി അല്പമെങ്കിലും പിടിച്ചുനിന്നത്.

ഇങ്ങനെ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് കേവലം 151 റൺസിൽ അവസാനിക്കുകയായിരുന്നു. കൊൽക്കത്തയ്ക്കായി എല്ലാ ബോളർമാരും മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ചവെച്ചത്. വൈഭവ് അറോറ, ഹർഷിദ് റാണ, മോയിൻ അലി, വരുൺ ചക്രവർത്തി എന്നിവർ മത്സരത്തിൽ കൊൽക്കത്തയ്ക്കായി 2 വിക്കറ്റുകൾ വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ മൊയിൻ അലിയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ ഒരു വശത്ത് ഡികോക്ക് ക്രീസിലുറച്ച് കൊൽക്കത്തയെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു.

കൊൽക്കത്തയുടെ മറ്റു ബാറ്റർമാരുടെ ദൗത്യം ഡികോക്കിന് പിന്തുണ നൽകുക എന്നത് മാത്രമായിരുന്നു. ഒരുവശത്ത് രാജസ്ഥാന്റെ മുഴുവൻ ബോളർമാരെയും കൃത്യമായ പദ്ധതികളോടെ നേരിടാൻ ഡികോക്കിന് സാധിച്ചു. ഇതോടെ കൊൽക്കത്തയുടെ വിജയം കൂടുതൽ അനായാസമായി മാറുകയായിരുന്നു. മത്സരത്തിൽ ഡികോക്ക് 61 പന്തുകളിൽ 97 റൺസാണ് സ്വന്തമാക്കിയത്. 8 ബൗണ്ടറികളും 6 സിക്സറുകളും ഡികോക്കിന്റെ ഈ തകർപ്പൻ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ കൊൽക്കത്ത 8 വിക്കറ്റുകളുടെ വിജയം മത്സരത്തിൽ സ്വന്തമാക്കി. രാജസ്ഥാനെ സംബന്ധിച്ച് തുടർച്ചയായ രണ്ടാം പരാജയമാണ് മത്സരത്തിൽ പിറന്നത്.

Previous articleനിരാശപ്പെടുത്തി സഞ്ജു.. 11 പന്തിൽ 13 റൺസ് നേടി ക്ലീൻ ബൗൾഡായി മടക്കം
Next article“ഇത്തവണ ഞങ്ങൾ ചെറിയ ടീമാണ്. തെറ്റുകളിൽ നിന്ന് പഠിച്ച് തിരിച്ചുവരും”. മത്സരശേഷം റിയാൻ പരാഗ്