കൈഫും യുവരാജും കോഹ്ലിയുമല്ല, അവരാണ് ഇന്ത്യൻ ടീമിലെ മികച്ച ഫീൽഡർമാർ. വിവാദ പരാമർശവുമായി പ്രസാദ്..

ബാറ്റിങ്ങിലും ബോളിങ്ങിലും മാത്രമല്ല കാലാകാലങ്ങളായി ഫീൽഡിങ്ങിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള ടീമാണ് ഇന്ത്യ. 1990കൾ മുതൽ പരിശോധിച്ചാൽ ലോക ക്രിക്കറ്റിലെ വളരെ മികച്ച ഫീൽഡർമാരിൽ പലരും ഇന്ത്യൻ ടീമിൽ നിന്നുള്ളവരായിരുന്നു. മുഹമ്മദ് കൈഫ്, യുവരാജ് സിംഗ് തുടങ്ങിയവരൊക്കെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ്ങിൽ വലിയൊരു പങ്ക് തന്നെ വഹിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ഫീൽഡിങ് ശക്തിയായി മാറാനും ഇന്ത്യയ്ക്ക് പലപ്പോഴും സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീൽഡർമാരെ തിരഞ്ഞെടുത്തു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്.

ഒരു പ്രമുഖ ഷോയിലെ ചോദ്യോത്തര വേളയിലാണ് വെങ്കിടേഷ് പ്രസാദ് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച 3 ഫീൽഡർമാരെ തിരഞ്ഞെടുത്തത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭാവനകൾ ഫീൽഡിങ്ങിൽ നൽകിയിട്ടുള്ള യുവരാജ് സിംഗ്, മുഹമ്മദ് കൈഫ് തുടങ്ങിയ പലതാരങ്ങളെയും ഒഴിവാക്കിയാണ് വെങ്കിടേഷ് പ്രസാദ് മികച്ച ഫീൽഡർമാരെ പ്രഖ്യാപിച്ചത്.

ഇത് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. യുവരാജിനും കൈഫിനുമൊപ്പം നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഫീൽഡറായ വിരാട് കോഹ്ലിയെയും വെങ്കിടേഷ് പ്രസാദ് മറക്കുകയുണ്ടായി. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ദീൻ, 2011 ലോകകപ്പ് വിജയ ടീമംഗമായ സുരേഷ് റെയ്ന, സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരെയാണ് ഇന്ത്യൻ ടീമിലെ മികച്ച ഫീൽഡർമാരായി പ്രസാദ് തെരഞ്ഞെടുത്തിരിക്കുന്നത്.

1990കളിൽ ഇന്ത്യൻ ടീം ഫിറ്റ്നസിന്റെ കാര്യത്തിൽ വലിയ പേര് കേട്ടിരുന്നില്ല. ആ സമയത്ത് ഇന്ത്യയ്ക്കായി ഫീൽഡിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് അസറുദ്ദീൻ. അതേപോലെ തന്നെ കഴിഞ്ഞ 20 വർഷങ്ങളായി ഇന്ത്യക്കായി ഫീൽഡിങ്ങിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള താരമാണ് റെയ്നയും ജഡേജയും.

ഈ മൂന്നു താരങ്ങളെയും ഇന്ത്യയുടെ ഫീൽഡിങ്ങിന്റെ അംബാസിഡർമാരായി വെങ്കിടേഷ് പ്രസാദ് കാണുന്നു. പ്രസാദിന്റെ ഈ പ്രസ്താവന വലിയ രീതിയിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. മുഹമ്മദ് കൈഫിനെ പോലെയുള്ള താരങ്ങളെ പ്രസാദ് മറന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്.

ഇതോടൊപ്പം ഇന്ത്യ ഐസിസി ട്രോഫികൾ കഴിഞ്ഞ സമയങ്ങളിൽ സ്വന്തമാക്കാത്തതിനെപ്പറ്റിയും വെങ്കിടേഷ് സംസാരിക്കുകയുണ്ടായി. അതുകൊണ്ട് മാത്രം ഇന്ത്യയെ ഒരു പരാജയ ടീമായി കാണാൻ സാധിക്കില്ല എന്ന് വെങ്കിടേഷ് പ്രസാദ് പറയുന്നു.

2020-21ൽ ഓസ്ട്രേലിയൻ മണ്ണിൽ രണ്ട് ടെസ്റ്റ് പരമ്പരകൾ ഇന്ത്യൻ വിജയിച്ചിട്ടുണ്ടെന്നും, അതൊരു വലിയ തിരിച്ചുവരമായിരുന്നുവെന്നും വെങ്കിടേഷ് പ്രസാദ് പറയുന്നു. എന്നിരുന്നാലും കഴിഞ്ഞ 13 വർഷങ്ങളിൽ വലിയ ടൂർണമെന്റുകളിൽ കിരീടം സ്വന്തമാക്കാൻ സാധിക്കാതെ വന്നത് ഇന്ത്യക്ക് നിരാശയുണ്ടാക്കുന്നുണ്ട് എന്നാണ് പ്രസാദിന്റെ പക്ഷം.

Previous articleഅശ്വിന് പകരം ജഡേജ വരണം. പ്രസീദിനെ ഇനിയും കളിപ്പിക്കണം. നിർദ്ദേശങ്ങളുമായി മുൻ ഇന്ത്യൻ താരം.
Next articleരോഹിത് പ്രസീദിനോടും താക്കൂറിനോടും ദയ കാട്ടുന്നു. വിമർശനവുമായി ദിനേശ് കാർത്തിക്ക്.