ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഹൈദരാബാദ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ വളരെ മികച്ച തുടക്കം തന്നെയാണ് ചെന്നൈയ്ക്ക് ലഭിച്ചത്. എന്നാൽ ഹൈദരാബാദിന്റെ ബോളർമാർ തങ്ങളുടെ ഓഫ് കട്ടർ ബോളുകളും സ്ലോ ബോളുകളും വളരെ ക്രിയാത്മകമായി ഉപയോഗിച്ചതോടെ ചെന്നൈയുടെ ബാറ്റിംഗ് നിര അടിപതറി വീഴുകയായിരുന്നു.
മത്സരത്തിൽ ചെന്നൈ ഇന്നിങ്‌സിന്റെ അവസാന അഞ്ചോവറിൽ ഹൈദരാബാദ് ബോളീംഗ് നിരയുടെ മികവ് തന്നെയാണ് കാണാൻ സാധിച്ചത്. എന്നാൽ മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്താൻ വൈകിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
മുൻപ് ഡൽഹിക്കെതിരെ വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 16 പന്തുകളിൽ 37 റൺസ് ധോണി സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ 4 ബൗണ്ടറികളും 3 സിക്സറുകളും ധോണി നേടുകയുണ്ടായി. അതിന് ശേഷം മുൻ താരങ്ങളായ വാട്സൺ, ബ്രറ്റ് ലി തുടങ്ങിയവരൊക്കെയും ധോണിയ്ക്ക് സ്ഥാനക്കയറ്റം നൽകണമെന്ന അഭിപ്രായവുമായി രംഗത്തെത്തി.
പക്ഷേ ഹൈദരാബാദിനെതിരായ മത്സരത്തിലും ധോണി അവസാന ഓവറിലാണ് ക്രീസിലെത്തിയത്. സ്ലോ ബോളുകളിലും മറ്റും ഇതിന് മുമ്പും വളരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ധോണി എന്തുകൊണ്ടാണ് മത്സരത്തിൽ നേരത്തെ ക്രീസിൽ എത്താതിരുന്നത് എന്ന ചോദ്യമാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ അടക്കം ചോദിക്കുന്നത്.
“കൃത്യമായി ഓഫ് കട്ടറുകൾ എറിഞ്ഞ് പിച്ചിന് അനുകൂലമായ രീതിയിൽ കളിക്കുക എന്ന തന്ത്രമാണ് ഹൈദരാബാദ് പുറത്തെടുത്തത്. ഭുവനേശ്വർ കുമാറും ഉനാദ്കട്ടുമാണ് ഇതിന് നേതൃത്വം നൽകിയത്. ഈ സമയത്ത് മഹേന്ദ്ര സിംഗ് ധോണി എന്ന വലംകൈയ്യൻ ബാറ്റർ തന്നെയായിരുന്നു ബാറ്റിംഗ് ഓർഡറിൽ മുകളിലേക്ക് കയറി ക്രീസിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ അത് സംഭവിച്ചില്ല.”- ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിലെ പരാജയത്തിന് ശേഷം ഇർഫാൻ പത്താൻ തന്റെ ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം മുൻ താരങ്ങളായ സൈമൺ ഡൂളും മൈക്കിൾ വോണും ഇതേപ്പറ്റി സംസാരിച്ചിരുന്നു.
“കഴിഞ്ഞ മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണി വളരെ മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തിൽ എന്തുകൊണ്ടാണ് ധോണി നേരത്തെ ഇറങ്ങാത്തത് എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. കേവലം 3 ബോളുകൾ കളിക്കാൻ മാത്രമായി എന്തിനാണ് ധോണി മാറിനിന്നത് എന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല.”- മൈക്കിൾ വോൺ പറഞ്ഞു.
“സ്ലോവർ ബോളുകളിൽ വളരെ മികച്ച രീതിയിൽ ബൗണ്ടറി കണ്ടെത്താനും അടിച്ചൊതുക്കാനും ധോണിക്ക് സാധിക്കുമായിരുന്നു. നമ്മൾ ഇതിനോടകം തന്നെ അത് കണ്ടുകഴിഞ്ഞു. മുൻപും ധോണി ഇക്കാര്യം ചെയ്തിട്ടുണ്ട്. പക്ഷേ ധോണി ഇറങ്ങാൻ വൈകിയത് എനിക്കും അത്ഭുതമുണ്ടാക്കി.”- ഡൂൾ മറുപടി നൽകുകയുണ്ടായി.