കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 24 റൺസിന്റെ പരാജയമാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ മുംബൈ ബോളന്മാർക്ക് സാധിച്ചിരുന്നു. കൊൽക്കത്തയുടെ ഇന്നിംഗ്സിൽ അർധസെഞ്ച്വറി സ്വന്തമാക്കിയ വെങ്കിടേഷ് അയ്യരാണ് മികവാർന്ന പ്രകടനം കാഴ്ചവച്ചത്.
ഇങ്ങനെ കൊൽക്കത്ത 169 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ മുംബൈയ്ക്കും വളരെ മോശം തുടക്കമാണ് ലഭിച്ചത്. സ്റ്റാർക്കിന്റെ വെടിക്കെട്ട് ബോളുകൾക്ക് മുൻപിൽ പലപ്പോഴും മുംബൈ പതറുന്നത് മത്സരത്തിൽ കണ്ടു. കേവലം 145 റൺസിന് മുംബൈ മത്സരത്തിൽ പുറത്താവുകയാണ് ഉണ്ടായത്. ഇതോടെ കൊൽക്കത്ത 24 റൺസിന്റെ വിജയവും നേടി. മത്സരത്തിലെ പരാജയത്തെപ്പറ്റി മുംബൈ നായകൻ പാണ്ഡ്യ സംസാരിക്കുകയുണ്ടായി.
ബാറ്റിംഗിലെ പരാജയമാണ് മത്സരത്തിൽ തോൽവി ഉണ്ടാകാൻ കാരണമെന്ന് പാണ്ഡ്യ പറഞ്ഞു. “തീർച്ചയായും ബാറ്റിങ് ഇന്നിങ്സിൽ വന്ന പരാജയമാണ് ഇത്തരത്തിൽ ഒരു ഫലമുണ്ടാകാൻ കാരണമായത്. ഞങ്ങൾക്ക് വേണ്ട രീതിയിൽ കൂട്ടുകെട്ടുകൾ സൃഷ്ടിക്കാന്‍ സാധിച്ചില്ല. മാത്രമല്ല കൃത്യമായി ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തു. ട്വന്റി20 ക്രിക്കറ്റിൽ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ സാധിച്ചില്ലെങ്കിൽ അത് വലിയ രീതിയിൽ തന്നെ ടീമുകളെ ബാധിക്കും. ഒരുപാട് ചോദ്യങ്ങൾ ഇപ്പോൾ ഞങ്ങൾക്കെതിരെ ഉയരുന്നുണ്ട്. അതിനൊക്കെയും ഉത്തരം നൽകാൻ കുറച്ചു സമയം കൂടി ആവശ്യമാണ്. ഇപ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തന്നെ പറയാനില്ല.”- പാണ്ഡ്യ പറഞ്ഞു.
“താങ്കൾ പറഞ്ഞതുപോലെ ബോളർമാർ അവിശ്വസനീയ പ്രകടനം തന്നെ മത്സരത്തിൽ കാഴ്ചവച്ചിരുന്നു. മാത്രമല്ല ആദ്യ ഇന്നിങ്സിന് ശേഷം പിച്ച് കൂടുതൽ ബാറ്റിംഗിന് അനുകൂലമായി മാറുകയും ചെയ്തു. മഞ്ഞുതുള്ളികളും കടന്നു വന്നു. എന്തായാലും ഞങ്ങൾ മത്സരത്തിലെ തെറ്റുകളെ പറ്റി പഠിക്കും.”
”ശേഷം നല്ല ഫലങ്ങൾ ഉണ്ടാക്കിയെടുക്കാനായി ഞങ്ങൾ ശ്രമിക്കും. എല്ലായിപ്പോഴും പൊരുതുക എന്നതിനാണ് പ്രാധാന്യമുള്ളത്. ഇതാണ് ഞാൻ എന്നോട് തന്നെ എല്ലായിപ്പോഴും പറയാറുള്ളത്. എത്ര പരാജയങ്ങൾ നേരിട്ടാലും യുദ്ധം അവസാനിപ്പിക്കരുത്. മോശം ദിവസങ്ങൾ പലപ്പോഴും ഉണ്ടാവും. പക്ഷേ നല്ല ദിവസങ്ങളും കടന്നുവരും. ഇത് വെല്ലുവിളി നിറഞ്ഞ സമയമാണ്. പക്ഷേ വെല്ലുവിളികൾ നമ്മളെ കൂടുതൽ ശക്തരാക്കും.”- പാണ്ഡ്യ കൂട്ടിച്ചേർത്തു.
2024 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അണിനിരക്കുന്ന പല താരങ്ങളും മുംബൈ നിരയിൽ ഉണ്ടായിരുന്നു. എന്നാൽ ബൂമ്രയ്ക്കും ബാറ്റർ സൂര്യകുമാർ യാദവിനും മാത്രമാണ് ഇതിൽ മികവ് പുലർത്താൻ സാധിച്ചത്. ഇന്ത്യയുടെ നായകൻ രോഹിത് ശർമ മത്സരത്തിൽ കേവലം 11 റൺസാണ് സ്വന്തമാക്കിയത്. ഇന്ത്യയുടെ ഉപനായകൻ ഹർദിക് പാണ്ഡ്യ മത്സരത്തിൽ 3 പന്തുകളില്‍ ഒരു റൺ മാത്രമാണ് നേടിയത്. എന്നാൽ ബോളിങ്ങിൽ 2 വിക്കറ്റുകൾ നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന മറ്റൊരു മത്സരം കൂടിയാണ് അവസാനിച്ചിരിക്കുന്നത്.