കുൽദീപ്- അശ്വിൻ ഷോയിൽ അഞ്ചാം മത്സരത്തിന്റെ ആദ്യ ദിവസം കൃത്യമായി മുൻതൂക്കം നേടി ഇന്ത്യ. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്സിൽ കേവലം 218 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ബാറ്റിംഗിന് അനുകൂലമായ സാഹചര്യത്തിൽ ഇംഗ്ലണ്ട് വളരെ മികച്ച രീതിയിലാണ് ഇന്നിംഗ്സ് ആരംഭിച്ചത്.
എന്നാൽ പിന്നീട് ഇന്ത്യയുടെ സ്പിന്നർമാർ തിരികെയെത്തി വമ്പൻ പ്രകടനങ്ങൾ പുറത്തെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഇന്നിംഗ്സിൽ കുൽദീപ് 5 വിക്കറ്റുകളും രവിചന്ദ്രൻ അശ്വിൻ 4 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി. മറുവശത്ത് ഓപ്പണർ ക്രോളിയാണ് ബാറ്റിംഗിൽ തിളങ്ങിയത്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗിന് അനുകൂലമായ സാഹചര്യത്തിൽ തെല്ലും മടിക്കാതെ തന്നെ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. വളരെ മികച്ച തുടക്കമാണ് ക്രോളി ഇംഗ്ലണ്ടിന് നൽകിയത്. ആദ്യ വിക്കറ്റിൽ ഡക്കറ്റുമായി(27) ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ക്രോളിക്ക് സാധിച്ചു.
65 റൺസ് ആണ് ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. എന്നാൽ പിന്നീട് ഇന്ത്യയുടെ സ്പിന്നർമാർ കളം നിറഞ്ഞതോടെ ഇംഗ്ലണ്ട് പതറാൻ തുടങ്ങി. ഡക്കറ്റിനെ പുറത്താക്കി കുൽദീപാണ് ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് പിഴുതത്. പിന്നീട് കൃത്യമായ ഇടവേളകളിൽ കുൽദീപ് വിക്കറ്റുകൾ പിഴുതു.
മത്സരത്തിൽ ക്രോളി 108 പന്തുകളിൽ 11 ബൗണ്ടറികളും ഒരു സിക്സറുടക്കം 79 റൺസാണ് നേടിയത്. എന്നാൽ ഇംഗ്ലണ്ടിന്റെ മറ്റു ബാറ്റർമാർ ക്രീസിൽ ഉറയ്ക്കാൻ ശ്രമിച്ചെങ്കിലും അമ്പെ പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിൽ നിന്നാണ് ഇംഗ്ലണ്ട് 218 റൺസിന് ഓൾ ഔട്ട് ആയത്. മധ്യനിരയിൽ ഇംഗ്ലണ്ടിനായി റൂട്ട്(26) ബെയർസ്റ്റോ(29) ഫോക്സ്(24) എന്നിവർ ക്രീസിൽ ഉറയ്ക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ അശ്വിന്റെയും കുൽദീപിന്റെയും മാസ്മരിക ബോളിംഗ് പ്രകടനത്തിനു മുൻപിൽ ഇംഗ്ലണ്ടിന്റെ മുട്ടുവിറക്കുന്നതാണ് ആദ്യ ഇന്നിംഗ്സിൽ കണ്ടത്.
ആദ്യ ഇന്നിങ്സിൽ കേവലം 72 റൺസ് മാത്രം വിട്ടുനൽകിയാണ് കുൽദീവ് യാദവ് അഞ്ചു വിക്കറ്റ് സ്വന്തമാക്കിയത്. രവിചന്ദ്രൻ അശ്വിൻ 51 റൺസ് മാത്രം വിട്ടു നൽകി നാലു വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഇതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. കേവലം 218 റൺസിനാണ് ഇംഗ്ലണ്ട് ഓൾഔട്ട് ആയിരിക്കുന്നത്. മത്സരത്തിൽ ശക്തമായ ഒരു ലീഡ് കണ്ടെത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. നിലവിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര മികച്ച ഫോമിൽ ആയതിനാൽ തന്നെ ഒരു സുവർണാവസരമാണ് ഇന്ത്യയ്ക്ക് മുൻപിൽ എത്തിയിരിക്കുന്നത്.