കിഷനെയൊന്നും ആവശ്യമില്ല, സഞ്ജുവിനെ പോലെയുള്ള താരങ്ങൾ നമുക്കുണ്ട്. അവസാനം ജയ് ഷായും സമ്മതിച്ചു.

2024 ഫെബ്രുവരിയിലായിരുന്നു ഇന്ത്യൻ ടീമിന്റെ ഈ വർഷത്തെ കേന്ദ്ര കരാറുകൾ പുറത്തുവിട്ടത്. ഇന്ത്യയുടെ സെൻട്രൽ കരാറുകളിൽ നിന്ന് സൂപ്പർ താരങ്ങളായ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും അന്ന് ബിസിസിഐ പുറത്താക്കിയിരുന്നു.

ഇന്ത്യൻ ടീമിന്റെ നായകനായ രോഹിത് ശർമയുടെയും കോച്ച് രാഹുൽ ദ്രാവിഡിന്റെയും മാനേജ്മെന്റിന്റെയും നിർദ്ദേശങ്ങൾ അംഗീകരിക്കാതെ ഇരുവരും നിരുത്തരവാദപരമായി മുമ്പോട്ടു പോയതാണ് പുറത്താക്കലിന് കാരണമായത്. ഇതിന് ശേഷം ഇരുവരെയും പുറത്താക്കിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാൽ ഇഷാനെയും ശ്രേയസ് അയ്യരെയും കരാറിൽ നിന്ന് പുറത്താക്കിയത് താൻ അല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇപ്പോൾ.

ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത് സെലക്ടർമാരാണ് എന്ന് ഷാ പറയുന്നു. ഈ താരങ്ങളെ പുറത്താക്കാൻ തീരുമാനിച്ചതും അജിത്ത് അഗർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് എന്ന് ഷാ വിശദീകരിക്കുകയുണ്ടായി. ഇരു താരങ്ങളും രഞ്ജി ട്രോഫി പോലെയുള്ള ആഭ്യന്തര ടൂർണമെന്റ്കൾക്ക് വേണ്ടരീതിയിൽ വില വയ്ക്കാത്തതിനാലാണ് പുറത്താക്കിയത് എന്നാണ് ഷാ പറഞ്ഞത്.

“നിങ്ങൾക്ക് ടീമിന്റെ ഭരണഘടന പരിശോധിക്കാം. ഞാൻ സെലക്ഷൻ മീറ്റിങ്ങിന്റെ കൺവീനർ മാത്രമാണ്. ആ തീരുമാനം കൈക്കൊണ്ടത് അജിത് അഗാർക്കറാണ്. ഇഷാൻ കിഷനും ശ്രേയസ് അയ്യരും മതിയായ രീതിയിൽ ആഭ്യന്തര ക്രിക്കറ്റുകൾ കളിച്ചിട്ടില്ല. അതിനാലാണ് അവരെ വാർഷിക കരാറിൽ നിന്ന് നീക്കം ചെയ്തത്.”- ഷാ പറയുന്നു.

മാത്രമല്ല ഇന്ത്യയ്ക്ക് നിലവാരമുള്ള ഒരുപാട് താരങ്ങൾ നിലവിലുണ്ട് എന്നും ഷാ വെളിപ്പെടുത്തി. അതിനാൽ തന്നെ ഇത്തരത്തിൽ അച്ചടക്കമില്ലാതെ പെരുമാറുന്നവരെ ടീമിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് ഷാ കരുതുന്നത്. കളിക്കാർക്ക് തങ്ങളുടെ മാനേജ്മെന്റ് ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരികയും, പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാതെ വരികയും ഉണ്ടായാൽ ഇത്തരത്തിൽ മാറ്റിനിർത്തപ്പെടും എന്ന് ഷാ ഓർമ്മിപ്പിക്കുന്നു.

കിഷനെ പോലെയുള്ള താരങ്ങൾക്ക് പകരം തങ്ങൾക്ക് സഞ്ജു സാംസൺ അടക്കമുള്ളവരുണ്ട് എന്ന് ഷാ പറയുകയുണ്ടായി. “ഈ താരങ്ങളുടെ സ്പോട്ടുകളിൽ നമുക്ക് പുതിയ കളിക്കാരുണ്ട്. സഞ്ജു സാംസനെ പോലെയുള്ള താരങ്ങൾ നമുക്കുണ്ട്. അവരാരും തന്നെ ഇത്തരത്തിൽ നിരുത്തരവാദം കാണിക്കില്ല.”- ഷാ കൂട്ടിച്ചേർത്തു.

“ഇന്ത്യൻ ടീമിനൊപ്പം തുടരുക എന്നത് ഇഷാന് അല്പം ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരുന്നു. പക്ഷേ ഒരു താരം എന്ന നിലയിൽ മുംബൈ ഇന്ത്യൻസിൽ കളിക്കാൻ അവന് സാധിച്ചു. അവിടെ സ്വസ്ഥമായി ഇഷാൻ കിഷന് കളിക്കാൻ സാധിക്കും. ഇന്ത്യൻ ടീമിൽ എത്തുമ്പോൾ നമ്മൾ നമ്മളാരാണ് എന്ന് കൃത്യമായി തെളിയിക്കേണ്ടതുണ്ട്. അതിനായി തുടർച്ചയായ പ്രകടനങ്ങൾ കാഴ്ചവെയ്ക്കണം. അത്തരം കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്ന താരങ്ങളെ മാത്രമേ നമുക്ക് ഉൾപ്പെടുത്താൻ സാധിക്കൂ.”- ഷാ പറഞ്ഞു വയ്ക്കുന്നു.

Previous article“ലോകകപ്പിൽ സൂര്യ മൂന്നാം നമ്പറിൽ ഇറങ്ങണം, കോഹ്ലി നാലാമതും”. ബ്രയാൻ ലാറ പറയുന്നു.
Next article2023 ഫൈനലിലെ പക വീട്ടി ഗുജറാത്ത്‌.. ചെന്നൈയെ തോല്പിച്ചത് 35 റൺസിന്..